National
ദീപാവലിയില്‍ വന്‍ തോതില്‍ പടക്കം പൊട്ടിക്കാന്‍ ബി.ജെ.പി നേതാക്കള്‍ പ്രേരിപ്പിച്ചു; ഡല്‍ഹി മന്ത്രി
സുപ്രീംകോടതി ഉത്തരവ് മറികടന്നാണ് ഡല്‍ഹിയില്‍ ആളുകള്‍ വ്യാപകമായി പടക്കം പൊട്ടിച്ചത്.
ന്യൂഡല്‍ഹി| ദീപാവലി ദിനമായ ഞായറാഴ്ച പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വായു മലിനീകരണ തോത് വീണ്ടും ഉയര്‍ന്നു. സുപ്രീംകോടതി ഉത്തരവ് മറികടന്നാണ് ഡല്‍ഹിയില്‍ ആളുകള്‍ പടക്കം പൊട്ടിക്കലില്‍ മുഴുകിയത്. ഡല്‍ഹിയിലെ സ്ഥിതി മോശമായിട്ടും ബി.ജെ.പി നേതാക്കള്‍ ആളുകളെ പടക്കം പൊട്ടിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആരോപിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയിലെ വായു നിലവാര സൂചിക 215ല്‍ എത്തിയിരുന്നു. ദീപാവലി ആഘോഷം കൂടി കഴിഞ്ഞതോടെ ഇത് വീണ്ടും കൂടിയതായി മന്ത്രി പറഞ്ഞു. പലരും പടക്കം പൊട്ടിച്ചില്ലെങ്കിലും ചിലയിടങ്ങളില്‍ ലക്ഷ്യം വെച്ച് പടക്കം പൊട്ടിക്കുന്നത് കണ്ടു. പടക്കം പൊട്ടിക്കാന്‍ ബിജെപി ജനങ്ങളെ പ്രോത്സാഹിപ്പിച്ചതിന് ഡല്‍ഹി വില കൊടുക്കുകയാണെന്നും പടക്കം പൊട്ടിച്ചില്ലെങ്കില്‍ ഡല്‍ഹിയുടെ അന്തരീക്ഷം ഇപ്പോള്‍ ശുദ്ധമാകുമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയിലും ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. പടക്കം പൊട്ടിക്കരുതെന്ന് ഏതെങ്കിലും ബി.ജെ.പി നേതാവ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടോയെന്നും സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ബി.ജെ.പി അതിന്റെ ഉത്തരവാദിത്തം നിറവേറ്റാത്തത് നിര്‍ഭാഗ്യകരമാണെന്നും ഗോപാല്‍ റായ് കുറ്റപ്പെടുത്തി. ദേശീയ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ തോത് ചര്‍ച്ച ചെയ്യാന്‍ മന്ത്രി ഇന്ന് ഉച്ചയ്ക്ക് യോഗം വിളിച്ചിട്ടുണ്ട്.