s rajendran
എസ് രാജേന്ദ്രനെ ബി ജെ പി നേതാക്കള്‍ സന്ദര്‍ശിച്ചു
നേരത്തെ പ്രകാശ് ജാവദേക്കറുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു
ഇടുക്കി | സി പി എം നേരത്തെ അച്ചടക്ക നടപടിക്ക് വിധേയനാക്കിയ ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെ ബി ജെ പി നേതാക്കള്‍ സന്ദര്‍ശിച്ചു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ജെ പ്രമീളാദേവി, മധ്യമേഖല പ്രസിഡന്റ് എന്‍ ഹരി എന്നിവരുടെ നേതൃത്വത്തില്‍ മൂന്നാര്‍ ഇക്കാ നഗറിലെ വീട്ടിലായിരുന്നു സന്ദര്‍ശനം.
എസ് രാജേന്ദ്ര നേരത്തെ ബി ജെ പി കേരളാ പ്രഭാരി പ്രകാശ് ജാവദേക്കറുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തയായിരുന്നു. ജാവദേക്കര്‍ ബി ജെ പിയിലേക്ക് ക്ഷണിച്ചെങ്കിലും ഇപ്പോഴില്ലെന്നായിരുന്നു രാജേന്ദ്രന്റെ മറുപടി. ചര്‍ച്ചകള്‍ക്ക് പിന്നാലെ സി പി എമ്മിനോട് മാപ്പ് പറഞ്ഞ് രാജേന്ദ്രന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രകാശ് ജാവദേക്കറെ കണ്ടതിനു ശേഷം ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ചയോ ചര്‍ച്ചയോ നടത്തിയിട്ടില്ലെന്ന് രാജേന്ദ്രന്‍ ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ബി ജെ പി നേതാക്കള്‍ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നത്.
ബി ജെ പി നേതാക്കള്‍ വീട്ടിലെത്തിയതിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണെന്നുമായിരുന്നു രാജേന്ദ്രന്റെ പ്രതികരണം. മൂന്നാറില്‍ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് വന്നതെന്ന് ബി ജെ പി നേതാക്കളും പറഞ്ഞു.