Kerala
ബി ജെ പി നേതൃത്വം ഇടപെട്ടു; ഹലാല്‍ ഭക്ഷണ വിഷയത്തിലെ എഫ് ബി പോസ്റ്റ് പിന്‍വലിച്ച് സന്ദീപ് വാര്യര്‍
പാലക്കാട് | ഹലാല്‍ വിവാദത്തില്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണിത്. താന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്ന് സന്ദീപ് പറഞ്ഞു. പാരഗണ്‍ ഹോട്ടലിനെതിരായ പ്രചാരണത്തിനെതിരായിരുന്നു തന്റെ പോസ്‌റ്റെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണത്തില്‍ തുപ്പി നല്‍കുന്നതാണ് ഹോട്ടലുകളില്‍ വിളമ്പുന്ന ഹലാല്‍ ഭക്ഷണമെന്ന് പറഞ്ഞ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ചാണ് സന്ദീപ് രംഗത്തെത്തിയത്. സുരേന്ദ്രന്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പരോക്ഷമായി പരാമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു പോസ്റ്റ്. ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് എല്ലാവരും ഓര്‍ക്കണമെന്നും സുരേന്ദ്രന്റെ പേര് പറയാതെയുള്ള കുറിപ്പില്‍ സന്ദീപ് വാര്യര്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലതാണ്. മുസല്‍മാന്റെ സ്ഥാപനത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തില്‍ മുസല്‍മാനും ജോലി ചെയ്യുന്നുണ്ട്. നിങ്ങളുടെ ഒരു പോസ്റ്റ് മതിയാകും ഒരു സ്ഥാപനം തകര്‍ക്കാന്‍. എന്നാല്‍ അതിലൂടെ പട്ടിണിയിലാകുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാണെന്നും സന്ദീപ് ഓര്‍മപ്പെടുത്തി.
സന്ദീപിന്റെ പ്രതികരണത്തിന് വലിയ പിന്തുണയാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്. എന്നാല്‍, സന്ദീപിനെ വിമര്‍ശിച്ച് സംഘ്പരിവാര്‍ അനുകൂലികളും ഒരു വിഭാഗം ക്രിസ്ത്യന്‍ വര്‍ഗീയ വാദികളും എ ഫ് ബി പോസ്റ്റിന് താഴെ എത്തിയെന്നതും ശ്രദ്ധേയമാണ്.