National
ബലാത്സംഗക്കേസില്‍ 25 വര്‍ഷം തടവിന് ശിക്ഷിച്ച ബി.ജെ.പി എം.എല്‍.എയെ യുപി നിയമസഭയില്‍ നിന്നും പുറത്താക്കി
കോടതി ശിക്ഷിച്ചതിന് ശേഷം അംഗത്വം നഷ്ടപ്പെടുന്ന ഉത്തര്‍പ്രദേശിലെ എട്ടാമത്തെ നിയമസഭാംഗമാണ് രാംദുലാര്‍ ഗോണ്ട്.
ലക്‌നോ| ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ചതിനു പിന്നാലെ ബി.ജെ.പി എം.എല്‍.എ രാംദുലാര്‍ ഗോണ്ടിനെ യുപി നിയമസഭയില്‍ നിന്നും പുറത്താക്കി. ദുദ്ദി മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗത്വമാണ് ഗോണ്ടിന് നഷ്ടമായത്. കോടതി ശിക്ഷിച്ചതിന് ശേഷം അംഗത്വം നഷ്ടപ്പെടുന്ന ഉത്തര്‍പ്രദേശിലെ എട്ടാമത്തെ നിയമസഭാംഗമാണ് രാംദുലാര്‍ ഗോണ്ട്.
2014-ല്‍ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് രാംദുലാര്‍ ഗോണ്ടിന് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി രാംദുലാര്‍ ഗോണ്ടിനെ 25 വര്‍ഷം തടവിന് ശിക്ഷിച്ചത്. 10 ലക്ഷം രൂപ കുട്ടിയുടെ വീട്ടുകാര്‍ക്ക് നല്‍കാനും സോന്‍ഭദ്രയിലെ എംപി-എംഎല്‍എ കോടതി ഉത്തരവിട്ടു. കോടതിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി അഹ്സന്‍ ഉല്ലാ ഖാനാണ് വിധി പ്രഖ്യാപിച്ചത്.
2014 നവംബര്‍ 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ട് വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഗോണ്ടിന് കോടതി ശിക്ഷ വിധിച്ചത്. കോടതി വിധിയില്‍ തൃപ്തരാണെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.