Connect with us

puthuppalli bye election

പുതുപ്പള്ളിയില്‍ അനില്‍ ആന്റണിയെ ഇറക്കി സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ബി ജെ പി നീക്കം

മക്കള്‍ രാഷ്ട്രീയത്തിനെതിരെ ശബ്ദിച്ച നേതാക്കളുടെ മക്കളെ പരസ്പരം പോരിനിറക്കുന്നതിലൂടെ ഒരു വെടിക്ക് ഒരുപാടു പക്ഷികള്‍ എന്ന ലക്ഷ്യവും ബി ജെ പിക്കുണ്ട്.

Published

|

Last Updated

കോഴിക്കോട് | കേണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ അനിന്‍ ആന്റണിയെ പോരാട്ടത്തിനിറക്കാന്‍ ബി ജെ പി നീക്കം.
കോണ്‍ഗ്രസ് വിട്ടു ബി ജെ പിയില്‍ ചേക്കേറിയ മുതിര്‍ന്ന നേതാവിന്റെ മകനു ബി ജെ പി ദേശീയ സെക്രട്ടറി പദവി നല്‍കിയതിനു പിന്നാലെ കേരളത്തില്‍ കോണ്‍ഗ്രസ്സിനുമേല്‍ രാഷ്ട്രീയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്ന കാര്യമാണ് നേതൃത്വം ആലോചിക്കുന്നത്.

അരനൂറ്റാണ്ടിലേറെ ഒരേ മണ്ഡലത്തില്‍ നിന്നു നിയമസഭാംഗമായതിന്റെ റെക്കോര്‍ഡ് ഉമ്മന്‍ചാണ്ടിയുടെ പേരിലാക്കാന്‍ കടാക്ഷിച്ച പുതുപ്പള്ളിയില്‍, ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു തിരിച്ചടി നേരിട്ടാല്‍ ദേശീയ രാഷ്ട്രീയത്തില്‍ അതു ബി ജെ പിക്കു ഗുണകരമാകുമെന്നാണ് അവര്‍ വിലയിരുത്തുന്നത്.

1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി പന്ത്രണ്ട് തവണ ജയിക്കാനും 2004-06 ലും 2011-16 ലുമായി ഏഴ് വര്‍ഷം മുഖ്യമന്ത്രി പദവി വഹിക്കാനും ഉമ്മന്‍ചാണ്ടിക്കു വഴിയൊരുക്കിയ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ്സിനു പരാജയം വിധിക്കാന്‍ എ കെ ആന്റണിയുടെ മകന്‍ തന്നെ വഴിയൊരുക്കുന്നതിലൂടെ കോണ്‍ഗ്രസ്സിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനും ബി ജെ പി ലക്ഷ്യമിടുന്നു.

കരുണാകരന്‍ കെ മുരളീധരനെ രംഗത്തിറക്കിയ കാലത്ത്, കോണ്‍ഗ്രസ്സില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരെ ശബ്ദിച്ചവരാണ് ആന്റണിയും ഉമ്മന്‍ചാണ്ടിയും. ഈ നേതാക്കളുടെ മക്കളെ പരസ്പരം പോരിനിറക്കുന്നതിലൂടെ ഒരു വെടിക്ക് ഒരുപാടു പക്ഷികള്‍ എന്ന ലക്ഷ്യവും ബി ജെ പിക്കുണ്ട്.

കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിന്റെ കൊടിയിറക്കത്തിനു കരുനീക്കിയ ആന്റണിയുടേയും ഉമ്മന്‍ചാണ്ടിയുടേയും മക്കളെ പരസ്പരം പോരടിപ്പിക്കുക എന്നതിലെ രാഷ്ട്രീയത്തിന് ഒട്ടേറെ മാനങ്ങളുണ്ട്.

പിതാവിന്റെ ഒഴിവില്‍ ചാണ്ടി ഉമ്മനെ തന്നെ കോണ്‍ഗ്രസ് പോരിനിറക്കാനാണു സാധ്യത. മരണപ്പെട്ട നേതാക്കളുടെ ബന്ധുക്കള്‍ക്കു സീറ്റു നല്‍കുക എന്നതു കോണ്‍ഗ്രസ് പിന്‍തുടരുന്ന കീഴ് വഴക്കമാണ്.

ബി ജെ പി നിര്‍ദ്ദേശിച്ചാല്‍ ഒരു വൈമനസ്യവും കൂടാതെ പുതുപ്പള്ളിയില്‍ രംഗത്തിറങ്ങാന്‍ അനില്‍ ആന്റണി തയ്യാറാവും. എ കെ ആന്റണിക്കു പോലും വിലക്കാന്‍ കഴിയാത്ത വിധത്തില്‍ അനില്‍ ആന്റണി ബി ജെ പിയില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവു വരുത്തിയ യുവ നേതാവ് ജെയ്കിനെ തന്നെ എല്‍ ഡി എഫ് രംഗത്തിറക്കാനാണു സാധ്യത. അങ്ങിനെയെങ്കില്‍ യുവ പോരാളികള്‍ തമ്മിലുള്ള മത്സരത്തിനാവും പുതുപ്പള്ളിയില്‍ കളമൊരുങ്ങുക.
ശക്തമായ ത്രികോണ മത്സരം സൃഷ്ടിക്കാന്‍ അനില്‍ ആന്റണിക്കു കഴിഞ്ഞാല്‍, ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗത്തിനു ചാണ്ടി ഉമ്മനെ രക്ഷിക്കാന്‍ കഴിയില്ലെന്നും ബി ജെ പി കാണുന്നു.

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു ചര്‍ച്ചകള്‍ക്കു തുടക്കം കുറിക്കുന്ന ഘട്ടത്തിലാണ് അനില്‍ ആന്റണിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവരുന്നത്.

മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് എന്നിവര്‍ക്കാണു പുതുപ്പള്ളിയില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. യു ഡി എഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയാണ് രണ്ടു നേതാക്കളെ ചുമതല ഏല്‍പ്പിച്ചത്.

ഉമ്മന്‍ചാണ്ടിയുടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്ന നാല്‍പതാം നാളിനു ശേഷം പരസ്യമായ നടപടികളിലേക്കു പാര്‍ട്ടി പ്രവേശിക്കും. അനുശോചന യാത്രകളും മാറ്റുമായി പുതുപ്പള്ളിയില്‍ പാര്‍ട്ടിയെ സജീവമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നാലു പഞ്ചായത്തുകള്‍ വീതമുളള രണ്ടു ബ്ലോക്കുകളായി തിരിച്ച് താഴെ തട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. രണ്ടാം തീയതി വി ഡി സതീശന്‍ വീണ്ടും കോട്ടയത്തെത്തുന്നതോടെ താഴെ തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും.

ബി ജെ പി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റയുടനെ കേരള രാഷ്ട്രീയത്തില്‍ തനിക്കുള്ള താല്‍പര്യമാണ് അനില്‍ ആന്റണി വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തില്‍ ബി ജെ പിയുടെ അടിത്തറ വിപുലീകരിക്കാനുള്ള ശ്രമം ആരംഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാനും 2047 ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള നരേന്ദ്ര മോദിയുടെ ലക്ഷ്യം പ്രാവര്‍ത്തികമാക്കാനുമാണു രംഗത്തിറങ്ങുക എന്നാണ് അനില്‍ ആന്റണി പറയുന്നത്.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ശക്തമായ ഭാഷയില്‍ തള്ളിപ്പറഞ്ഞുകൊണ്ടു കോണ്‍ഗ്രസ് വിട്ട അനില്‍ ആന്റണി അതിവേഗം ബി ജെ പിയുടെ ദേശീയ ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചു. കോണ്‍ഗ്രസ്സില്‍ നിന്നെത്തിയ അനില്‍ ആന്റണിക്കും അബ്ദുള്ളക്കുട്ടിയക്കും കോണ്‍ഗ്രസ്സിന്റെ പരാജയം ഉറപ്പാക്കുക എന്ന ചുമതലയാണു ബി ജെ പി നല്‍കിയിരിക്കുന്നത്.

എ കെ ആന്റണിയുടെ മകന്‍ ഉമ്മന്‍ചാണ്ടിയുടെ മകന്റെ പരാജയത്തിനു രംഗത്തിറങ്ങിയാല്‍ പഴയ കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രവും ചര്‍ച്ചയാവും. രാഷ്ട്രീയ ചൂതുകളിയിലെ ചതിയില്‍ പെട്ട് കണ്ണീരോടെ ഇറങ്ങിപ്പോയ കെ കരുണാകരന്റെ ശാപവാക്കുകള്‍ വീണ്ടും ഓര്‍മിക്കപ്പെടുന്ന കോണ്‍ഗ്രസ്സിലെ ചേരികളെ അസ്വസ്ഥമാക്കും.

കേരളത്തില്‍ കോണ്‍ഗ്രസില്‍ മുടിചൂടാമന്നനായി കെ കരുണാകരന്‍ വാണിരുന്ന കാലത്തു പാര്‍ട്ടിക്കകത്ത് കലാപമുണ്ടാക്കിയാണ് ഉമ്മന്‍ ചാണ്ടി ഒന്നാം നിരയിലേക്കു വളര്‍ന്നത്. 1991ല്‍ കരുണാകരനെതിരെ എ കെ ആന്റണി-ഉമ്മന്‍ ചാണ്ടി സഖ്യം നടത്തിയ ഗ്രൂപ്പ് യുദ്ധത്തിന്റെ ഓര്‍മകള്‍ വീണ്ടും ഉണരും.
1991ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പാമോയില്‍ ഇടപാടിന്റെ കളങ്കം കരുണാകരനില്‍ ചാര്‍ത്തിയതും എം എ കുട്ടപ്പന് രാജ്യസഭ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കരുണാകരനോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ടു മന്ത്രി സ്ഥാനം രാജിവെച്ചതും 1994-95 കാലത്ത് ഐ എസ് ആര്‍ ഒ ചാരക്കേസില്‍ കെ കരുണാകരനെതിരെ പട നയിച്ചതുമെല്ലാം വീണ്ടും ചര്‍ച്ചയാവും.

2004 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ കെ ആന്റണി മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസാരയില്‍ എത്തിയതു വരെയുള്ള രാഷ്ട്രീയ ചൂതുകളിയുടെ ചരിത്രം വീണ്ടും ചര്‍ച്ചയാവും. കോണ്‍ഗ്രസ്സിനെ കലുഷിതമാക്കുക എന്ന പ്രധാന ലക്ഷ്യം മുന്‍ നിര്‍ത്തിയായിരിക്കും അനില്‍ ആന്റണിയെ ബി ജെ പി രംഗത്തിറക്കുക.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest