National
ഡാനിഷ് അലിയെ അധിക്ഷേപിച്ച ബിജെപി എംപി രമേഷ് ബിധുരിക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകി പാർട്ടി
ലോക്സഭയിൽ ചന്ദ്രയാൻ-3 ചർച്ചയ്ക്കിടെയാണ് ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെ ബിജെപി എംപി രമേഷ് ബിധുരി അങ്ങേയറ്റം ആക്ഷേപകരമായ വാക്കുകൾ പ്രയോഗിച്ചത്.
ന്യൂഡൽഹി | ലോക്സഭയിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എംപി ഡാനിഷ് അലിയെ അധിക്ഷേപിച്ച ബിജെപി എംപി രമേഷ് ബിധുരിക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകി ബിജെപി. തിരഞ്ഞെടുപ്പ് ആസന്നമായ രാജസ്ഥാനിലെ ടോങ്ക് ജില്ലയുടെ ചുമതലക്കാരനായി ബിധുരിയെ നിയമിച്ചു.
രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ടോങ്ക് മണ്ഡലത്തിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ തീരുമാനം. സച്ചിൻ പൈലറ്റിന്റെ കോട്ട എന്നാണ് ടോങ്ക് അറിയപ്പെടുന്നത്. ഈ വർഷം നവംബറിൽ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും.
ബിധുരിക്ക് പാർട്ടിയിൽ നിന്ന് വലിയ ഉത്തരവാദിത്തം ലഭിച്ചതോടെ അദ്ദേഹം പ്രവർത്തനരംഗത്ത് സജീവമായി. ജയ്പൂരിലെ ടോങ്കിന്റെ ഏകോപന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സി.പി.ജോഷിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ലോക്സഭയിൽ ചന്ദ്രയാൻ-3 ചർച്ചയ്ക്കിടെയാണ് ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെ ബിജെപി എംപി രമേഷ് ബിധുരി അങ്ങേയറ്റം ആക്ഷേപകരമായ വാക്കുകൾ പ്രയോഗിച്ചത്. വിഷയം വിവാദമായതോടെ ബിധുരിക്ക് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകുകയും പാർട്ടി എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ നടപടിയെടുക്കരുത് എന്ന ചോദ്യത്തിന് മറുപടി തേടുകയും ചെയ്തിരുന്നു. പാർട്ടിയുടെ അച്ചടക്ക സമിതിയുടെ നോട്ടീസിന് 15 ദിവസത്തിനകം മറുപടി നൽകണം.
രമേഷ് ബിധുരിയുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡാനിഷ് അലി ലോക്‌സഭാ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. ബിധുരിയുടെ കേസ് പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിധുരിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണഗ്രസും രംഗത്ത് വന്നിട്ടുണ്ട്. രമേഷ് ബിധുരിയുടെ കേസ് വളരെ ഗൗരവമായി എടുത്ത സ്പീക്കർ ബിധുരിയുടെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ഭാഷയുടെ മര്യാദ നിലനിർത്താൻ രമേഷ് ബിധുരിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ബിദുരിയെ കൂടുതൽ ചുമതലകളും ഉത്തരവാദിത്തങ്ങളും നൽകി പാർട്ടി പിന്താങ്ങുന്നത്.