National
ബി ജെ പി ദേശീയ അധ്യക്ഷനെ ഈ മാസമറിയാം; ഒപ്പം കേന്ദ്ര മന്ത്രിസഭയിലെ പുതുമുഖങ്ങളെയും
എന്‍ സി പി, ശിവസേന, ജെ ഡി യു തുടങ്ങിയവര്‍ക്ക് കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചേക്കും

ന്യൂഡല്‍ഹി | പുതിയ ദേശീയ അധ്യക്ഷനെ ബി ജെ പി ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. അതോടൊപ്പം കേന്ദ്ര മന്ത്രിസഭാ വികസനവും പുനഃസംഘടനയും ഉണ്ടായേക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്‍ ഡി എ സഖ്യകക്ഷികളായ എന്‍ സി പി, ശിവസേന, ജെ ഡി യു തുടങ്ങിയവര്‍ക്ക് കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചേക്കുമെന്നാണ് വിവരം.
മുന്‍ കേന്ദ്രമന്ത്രിമാരായ മനോഹര്‍ ലാല്‍ ഖട്ടര്‍, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദര്‍ യാദവ് തുടങ്ങിയവരുടെ പേരുകളാണ് ബി ജെ പി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഈയാഴ്ച അവസാനത്തോടെ സംസ്ഥാനങ്ങളിലെ പുനഃസംഘടനാ പ്രക്രിയകള്‍ പൂര്‍ത്തീകരിക്കും. ദേശീയ അധ്യക്ഷന്റെ പേര് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അവശേഷിക്കുന്ന 4-5 സംസ്ഥാനങ്ങളിലെ പുതിയ അധ്യക്ഷന്മാരുടെ പേരുകൂടി പ്രഖ്യാപിക്കും.
മന്ത്രിസഭയില്‍ ഉയര്‍ന്ന സ്ഥാനം വേണമെന്ന ആവശ്യത്തിലാണ് എന്‍ സി പിയും ശിവസേനയും. കഴിഞ്ഞ മഹാരാഷ്ട്രാ തിരഞ്ഞെടുപ്പ് വിജയമാണ് ഈ ആവശ്യത്തിന് പിന്നില്‍. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഉപേന്ദ്ര കുശ്വാഹയെ പോലുള്ളവരെ ബി ജെ പി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ട്.