Connect with us

Articles

ബി ജെ പിക്ക് അധ്യക്ഷനെ ആവശ്യമുണ്ട്

ബി ജെ പിയുടെ ചരിത്രത്തിൽ ഇന്നേവരെയും ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. സമവായത്തിലൂടെ തിരഞ്ഞെടുക്കുകയാണ് പതിവ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീളുന്നത് സമവായത്തിലെത്താൻ സാധിക്കാത്തതുകൊണ്ടാണ്.

Published

|

Last Updated

മൂന്നാം തവണ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ദേശീയ അധ്യക്ഷനെ കണ്ടെത്താനുള്ള ബി ജെ പി യുടെ കാത്തിരിപ്പ് നീളുകയാണ്. നിലവിലെ പ്രസിഡന്റിന്റെ കാലാവധി അവസാനിച്ചിട്ട് രണ്ട് വർഷം പിന്നിട്ടു. അമിത് ഷാ കേന്ദ്ര മന്ത്രിയായതിനെ തുടർന്ന് 2019ൽ ആക്ടിംഗ് പ്രസിഡന്റായിരുന്ന ജെ പി നഡ്ഡ 2020 ജനുവരിയിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റിന്റെ കാലാവധി മൂന്ന് വർഷമാണ്. ഈ കാലാവധി 2023 ജനുവരിയിൽ അവസാനിച്ചു. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കാരണം പറഞ്ഞു പ്രസിഡന്റിന്റെ കാലാവധി നീട്ടുകയായിരുന്നു. മൂന്നാം മോദി സർക്കാറിൽ ജെ പി നഡ്ഡ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റെങ്കിലും ദേശീയ അധ്യക്ഷ സ്ഥാനത്തും അദ്ദേഹം തുടരുകയാണ്. മുമ്പൊരിക്കലും അധ്യക്ഷനെ തിരഞ്ഞെടുക്കാൻ പൊതുതിരഞ്ഞെടുപ്പുകൾ തടസ്സമായി ബി ജെ പി കണ്ടിരുന്നില്ല.

ബി ജെ പി യുടെ ചരിത്രത്തിൽ ഇന്നേവരെയും ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. സമവായത്തിലൂടെ തിരഞ്ഞെടുക്കുകയാണ് പതിവ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീളുന്നത് സമവായത്തിലെത്താൻ സാധിക്കാത്തതുകൊണ്ടാണ്. ബി ജെ പി ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിൽ ആർ എസ് എസിന്റെ പങ്ക് നിർണായകമാണ്. ആർ എസ് എസും ബി ജെ പിയും അതു തുറന്നു പറയാറില്ലെങ്കിലും ഇന്ത്യൻ രാഷ്ട്രീയം വീക്ഷിക്കുന്നവർക്ക് അറിയാവുന്ന സത്യമാണത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീണ്ടുപോകാൻ കാരണം ഈ രണ്ട് സംഘടനകൾക്കിടയിലെ അകൽച്ചയാണ്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിനെ നേരിൽക്കണ്ടത് രണ്ട് തവണയാണ്. ഇതിൽ ഇരുവരും നേരിൽ സംസാരിച്ചത് ഒരു തവണയും. 2024 ജനുവരിയിൽ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ മോഹൻ ഭാഗവത് പങ്കെടുത്തുവെങ്കിലും വേദിയിൽ ഇരുവരും ഇരുന്നതു രണ്ട് ഭാഗത്തായിരുന്നു. അന്ന് തമ്മിൽ സംസാരിക്കുകയുമുണ്ടായില്ല. 11 വർഷത്തിനു ശേഷം മോദിയും ആർ എസ് എസ് മേധാവിയും തമ്മിൽ സംസാരിച്ചത് കഴിഞ്ഞ മാസമാണ്.

ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്കു മാത്രമല്ല യു പി, കർണാടക തുടങ്ങി ബി ജെ പിക്കു ശക്തിയുള്ള സംസ്ഥാനങ്ങളിലും അധ്യക്ഷൻമാരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ കാലതാമസം ബി ജെ പി യുടെ അവസാന വാക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണെന്ന ധാരണ തിരുത്തുന്നതാണ്. നാഗ്പൂരിൽ നിന്ന് ആർ എസ് എസിന്റെ സിഗ്‌നൽ ലഭിക്കാതെ പ്രസിഡന്റിനെ കണ്ടെത്താൻ ബി ജെ പി ക്കു സാധിക്കില്ല. പ്രധാനമന്ത്രിയായതിനു ശേഷം നരേന്ദ്ര മോദി ആദ്യമായി നാഗ്പൂരിലെ ആർ എസ് എസ് കേന്ദ്ര കാര്യാലയം സന്ദർശിച്ചത് കഴിഞ്ഞ മാസമാണ്. മോഹൻ ഭാഗവതുമായി മോദി സംസാരിച്ചുവെങ്കിലും പ്രസിഡന്റിനെ നിശ്ചയിക്കുന്ന കാര്യത്തിൽ തീരുമാനത്തിലെത്തിയിട്ടില്ല എന്നാണ് പുറത്തു വരുന്ന വാർത്ത. രണ്ട് സംഘടനകളുടെയും ഉള്ളിൽ എന്തോ പുകഞ്ഞു നിൽപ്പുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി അധ്യക്ഷൻ നഡ്ഡ സംഘടനയെ കുറിച്ചു പറഞ്ഞത് ആർ എസ് എസ് മറന്നു കാണില്ല. “ബി ജെ പി ദുർബലമായിരുന്നപ്പോൾ ആർ എസ് എസിന്റെ സഹായം പാർട്ടിക്ക് ആവശ്യമായിരുന്നു. നിലവിൽ ബി ജെ പി ശക്തമാണ്. ആ നിലക്ക് പാർട്ടിക്കു വിജയിക്കാൻ ആർ എസ് എസിന്റെ സഹായം ആവശ്യമില്ല’ എന്ന് ഒരു മാധ്യമവുമായുള്ള അഭിമുഖത്തിൽ നഡ്ഡ പറയുകയുണ്ടായി. നഡ്ഡയുടെയുടെ പരാമർശത്തിനു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർ എസ് എസ് മറുപടി നൽകുകയും ചെയ്തു. യു പി യിലും മറ്റും ബി ജെ പിക്കു പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയത് നഡ്ഡയുടെ പരാമർശം കൊണ്ടു കൂടിയായിരുന്നുവെന്ന വിലയിരുത്തൽ ശക്തമാണ്.

തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ആർ എസ് എസിന്റെ അമർഷം മോഹൻ ഭാഗവതിലൂടെ പുറത്തുവരികയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തിൽ “എന്നെ നിയോഗിച്ചത് പരമാത്മാവായ ദൈവമാണെന്നും എന്നിലൂടെ പ്രവർത്തിക്കുന്നത് ദൈവമാണെന്നും’ മോദി അവകാശപ്പെട്ടിരുന്നു. “ഒരാൾ ദൈവമാണെന്ന് സ്വയം പറയുന്നു. അയാൾ ദൈവമാണോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നു തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം’ എന്നായിരുന്നു മോഹൻ ഭാഗവതിന്റെ പരിഹാസം.

ഒരു വ്യക്തിയെ സംഘടനക്കു മുകളിലായി കാണാൻ ആർ എസ് എസ് ആഗ്രഹിക്കാറില്ല. നരേന്ദ്ര മോദിയോടും അമിത് ഷായോടും ഒപ്പം നിൽക്കാൻ ശേഷിയുള്ള ഒരാളെ ആർ എസ് എസ് നേതൃത്വം ആഗ്രഹിക്കുന്നുണ്ടാകാം. ബി ജെ പി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്ന ആൾ ആർ എസ് എസിന്റെ ഐഡിയോളജിയിൽ പ്രവർത്തിക്കണമെന്ന നിർബന്ധവും ആർ എസ് എസ് മറച്ചുവെക്കാറില്ല. അത്തരത്തിലുള്ള നേതാക്കളുടെ ക്ഷാമം ബി ജെ പി യിലില്ല. ഇവിടെ തർക്കം ഇരുകൂട്ടർക്കും സ്വീകാര്യനായ ഒരാൾ എന്നതാണ്. ദക്ഷിണേന്ത്യ ലക്ഷ്യം വെക്കുന്ന ബി ജെ പിക്ക് അവിടെനിന്ന് ഒരാൾ വേണമെന്ന അഭിപ്രായമുണ്ട്.

ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ട് പേർ നേരത്തേ പാർട്ടിയുടെ ദേശീയ അധ്യക്ഷന്മാരായിരുന്നു. ആന്ധ്രയിൽ നിന്നുള്ള ബംഗാരു ലക്ഷ്മണയും പിന്നീട് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട വെങ്കയ്യ നായിഡുവും. 2000ത്തിൽ ബി ജെ പി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ബംഗാരു ലക്ഷ്മണക്ക് ഒരു വർഷമേ ആ പദവിയിൽ ഇരിക്കാൻ സാധിച്ചുള്ളൂ. വാജ്്പേയി മന്ത്രിസഭയിൽ റെയിൽവേ സഹമന്ത്രിയായിരുന്ന ബംഗാരു ലക്ഷ്മണയെ അഴിമതിക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രസിഡന്റുമാരുണ്ടായെങ്കിലും പാർട്ടിക്ക് അതു കൊണ്ട് നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണ ഒരു വനിതയെ ദേശീയ പ്രസിഡന്റാക്കണമെന്ന ആവശ്യവും പാർട്ടി ചർച്ച ചെയ്യുന്നുണ്ട്.

45 വർഷം പിന്നിട്ട പാർട്ടിക്ക് ഒരു വനിതയെ പ്രസിഡന്റായി തിരഞ്ഞെടുക്കാൻ സാധിച്ചിട്ടില്ല. ബി ജെ പിയുടെ ഭരണഘടന പ്രകാരം, കുറഞ്ഞത് 15 വർഷമെങ്കിലും പാർട്ടി അംഗമായ ഒരാൾക്ക് മാത്രമേ ദേശീയ പ്രസിഡന്റാകാൻ സാധിക്കൂ. ദേശീയ കൗൺസിലിലെ അംഗങ്ങളും സംസ്ഥാന കൗൺസിലുകളിലെ അംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളജാണ് ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. 2010ൽ നിതിൻ ഗഡ്കരി പ്രസിഡന്റായിരുന്നപ്പോൾ ഒരാൾക്ക് രണ്ട് ടേം പ്രസിഡന്റാകാമെന്ന് ഭരണഘടനയിൽ ഭേദഗതി വരുത്തുകയുണ്ടായി. നാഗ്പൂർ സ്വദേശിയായ ഗഡ്കരിയെ രണ്ടാം തവണയും പ്രസിഡന്റാക്കണമെന്ന ആർ എസ് എസിന്റെ താത്പര്യപ്രകാരമായിരുന്നു ഭരണഘടനാഭേദഗതി. എന്നാൽ ആഭ്യന്തര തർക്കം കാരണം ഗഡ്കരിക്ക് തുടരാൻ സാധിച്ചില്ല.

ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് പകുതി സംസ്ഥാനങ്ങളിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയാകേണ്ടതുണ്ട്. ദേശീയ തലത്തിലെന്ന പോലെ പല സംസ്ഥാനങ്ങളിലും പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാനാകാതെ പാർട്ടി വിഭാഗീയത നേരിടുകയാണ്. നിലവിൽ 17 സംസ്ഥാന പ്രസിഡന്റുമാരെ നിശ്ചയിച്ചു കഴിഞ്ഞു. ഒന്നുരണ്ട് സംസ്ഥാനങ്ങളിൽ ഈ മാസം തന്നെ പ്രസിഡന്റുമാരെ നിയമിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ബി ജെ പി ഭരണമുള്ള ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, പാർട്ടിക്കു ശക്തിയുള്ള കർണാടക, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ പ്രസിഡന്റുമാരെ തിരഞ്ഞെടുക്കേണ്ടതുണ്ട്.