National
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ബിജെപി ഓഫർ നൽകി; വെളിപ്പെടുത്തലുമായി കെജരിവാൾ
ഗുജറാത്തിൽ എഎപി മന്ത്രിസഭയുണ്ടാക്കുമെന്നും കോൺഗ്രസിന് അഞ്ചിൽ താഴെ സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നും കെജരിവാൾ
അഹമ്മദാബാദ് | ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് എഎപി പിൻമാറിയാൽ എഎപി നേതാക്കളും ഡൽഹി മന്ത്രിമാരുമായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവർക്കെതിരെ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. എൻ ഡി ടി വിക്ക് നൽകിയ അഭിമുഖത്തിലാണ് കെജരിവാൾ ഇക്കാര്യം പറഞ്ഞത്.
എഎപി വിട്ട് പുറത്തുവന്നാൽ ഡൽഹി മുഖ്യമന്ത്രിയാക്കാമെന്ന് മനീഷ് സിസോദിയക്ക് ബിജെപി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ അദ്ദേഹം അത് തള്ളി. അപ്പോൾ അവർ എന്നെ സമീപിച്ചു. എഎപി ഗുജറാത്തിൽ മത്സരിക്കുന്നതിനൽ നിന്ന് പിൻമാറിയാൽ സത്യേന്ദർ ജയിനും സിസോദിയക്കും എതിരായ എല്ലാ കുറ്റങ്ങളും ഒഴിവാക്കാമെന്ന് അവർ വാഗ്ദാനം ചെയ്തു – കെജരിവാൾ വ്യക്തമാക്കി.
ആരാണ് ഈ വാഗ്ദാനം നൽകിയത് എന്ന ചോദ്യത്തിന് ബിജെപി നേരിട്ടല്ല ഓഫർ വെച്ചതെന്നും തങ്ങളുടെ തന്നെ പാർട്ടിയിലെ ആളുകൾ വഴിയാണ് ഓഫർ മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒരിക്കലും നേരിട്ട് സമീപിക്കാറില്ല. അവർ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് സന്ദേശം കൈമാറി കൈമാറിയാണ് സന്ദേശം എത്തിക്കുന്നതെന്നും കെജരിവാൾ പറഞ്ഞു.
ഗുജറാത്തിലും ഡൽഹിയിൽ നടക്കാനിരിക്കുന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിലും അമ്പേ പരാജയപ്പെടുമെന്ന ഭീതിയിലാണ് ബിജെപി. അതിനാലാണ് അവർ തങ്ങളെ പരാജയപ്പെടുത്താനുള്ള എല്ലാ അടവുകളും പ്രയോഗിക്കുന്നതെന്നും കെജരിവാൾ ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ എഎപി മന്ത്രിസഭയുണ്ടാക്കുമെന്നും കോൺഗ്രസിന് അഞ്ചിൽ താഴെ സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നും കെജരിവാൾ വ്യക്തമാക്കി.