Kerala
രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി
ആധുനിക കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖര്‍ എന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

തിരുവനന്തപുരം| മുന്‍ കേന്ദ്രമന്ത്രിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രഖ്യാപനം നടത്തിയത്. ദേശീയ നേതാവ് പ്രകാശ് ജാവഡേക്കര്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ നോമിനി രാജീവ് ചന്ദ്രശേഖര്‍ ആണെന്ന് അറിയിച്ചത്.
തുടര്‍ന്ന് അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് നാമനിര്‍ദേശ പത്രിക നല്‍കുകയായിരുന്നു. പ്രധാന നേതാക്കളെല്ലാം പിന്തുണച്ച് ഒപ്പിട്ട പത്രികയാണ് രാജീവ് സമര്‍പ്പിച്ചത്. അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ആധുനിക കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖര്‍ എന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
വ്യവസായിയായ രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ജനവിധി തേടിയിരുന്നു. ശശി തരൂരിനെതിരെ ശക്തമായ പോരാട്ടം കാഴ്ച വച്ചു. മലയാളത്തിലെ ഒന്നാമത്തെ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റിന്റെ ഉടമയുമാണ് അദ്ദേഹം. രാജീവ് ചന്ദ്രശേഖറിലൂടെ പാര്‍ട്ടിക്കതീതമായ പിന്തുണ ഉറപ്പാക്കാനും യുവാക്കളെ സ്വാധീനിക്കാനും കഴിയുമെന്ന് ബി ജെ പി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.സംസ്ഥാന ബി ജെ പിയില്‍ നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് കേരള രാഷ്ട്രീയത്തില്‍ ഏറെയൊന്നും പ്രവര്‍ത്തന പരിചയമില്ലാത്ത രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനാക്കുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്നതാണ് രാജീവ് ചന്ദ്രശേഖറിനെ കാത്തിരിക്കുന്ന ആദ്യ ദൗത്യം. അതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കുന്നു. പാര്‍ട്ടിയില്‍ ശക്തിപ്രാപിച്ച ഗ്രൂപ്പ് സമവാക്യങ്ങളെ അതിജീവിക്കുക എന്നത് രാജീവ് ചന്ദ്രശേഖറിന് മുന്നിലെ വെല്ലുവിളിയാണ്.