National
ഹൈ-വോള്‍ട്ടേജ് കര്‍ണാടക പ്രചാരണത്തിന് തയാറെടുത്ത് ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രിമാരെയും ഉള്‍പ്പെടുത്തിയാണ് പ്രചാരണം.
ന്യൂഡല്‍ഹി| ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രിമാരെയും ഉള്‍പ്പെടുത്തി ഹൈ വോള്‍ട്ടേജ് പ്രചാരണത്തിന് തയ്യാറെടുത്ത് ബിജെപി.
മോദി സംസ്ഥാനത്ത് സ്ഥിരം സന്ദര്‍ശകനാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ശിവമോഗയില്‍ ഒരു വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും ബെലഗാവിയില്‍ നിരവധി പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ ചാംരാജ് നഗറിലെ മലേ മഹാദേശ്വര്‍ ഹില്‍സില്‍ നിന്നാണ് ആദ്യ പ്രചരണ യാത്ര ആരംഭിച്ചത്. ബെലഗാവിയിലെ നന്ദഗഢില്‍ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രണ്ടാം യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. മൂന്നാമത്തെയും നാലാമത്തെയും യാത്രകള്‍ ബീദാര്‍ ജില്ലയിലെ ബസവ്കല്യണില്‍ നിന്നും ദേവന്‍ഹള്ളിയിലെ അവതിയില്‍ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ആരംഭിക്കും.
സംസ്ഥാനത്തുടനീളം 8,000 കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനാണ് നാല് യാത്രകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. 31 ജില്ലകളും 224 നിയമസഭാ മണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ 50-ലധികം ദേശീയ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ട ലോക്സഭാ മണ്ഡലങ്ങളിലും അമിത് ഷായും ജെപി നദ്ദയും സന്ദര്‍ശനം നടത്തുന്നുണ്ട്.
കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്ത മാസം പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും – മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലും ബി.ജെ.പി നേതൃത്വം വിപുലമായ പ്രചാരണം നടത്തുന്നുണ്ട്.
ദക്ഷിണേന്ത്യയില്‍ അധികാരത്തിലെത്തിയ ഒരേയൊരു സംസ്ഥാനമായ കര്‍ണാടകയില്‍ വിജയിക്കുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇത്തവണ പാര്‍ട്ടിയുടെ ഏറ്റവും വലിയ കര്‍ണാടക മുഖമായ ബിഎസ് യെദ്യൂരപ്പ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.