Connect with us

From the print

സുരേഷ് ഗോപിക്കെതിരെ ബി ജെ പിയില്‍ പടയൊരുക്കം; കേന്ദ്രം നിയന്ത്രിക്കണമെന്ന് സംസ്ഥാന നേതാക്കള്‍

സി പി എമ്മിനെയും സര്‍ക്കാറിനെയും വെട്ടിലാക്കാന്‍ കിട്ടിയ മികച്ച സമയത്ത് തനി സിനിമാക്കാരനായി സുരേഷ് ഗോപി പാര്‍ട്ടിയെ കുഴപ്പിച്ചുവെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.

Published

|

Last Updated

തിരുവനന്തപുരം | ലൈംഗികാരോപണം നേരിടുന്ന എം എല്‍ എ. എം മുകേഷിനെ പരസ്യമായി പിന്തുണച്ച കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബി ജെ പിയില്‍ കടുത്ത വിമർശം. മുകേഷിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുന്ന പാര്‍ട്ടിയെ വെട്ടിലാക്കുന്ന നിലപാടാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപിയില്‍നിന്നുണ്ടായത്. ഇതില്‍ ബി ജെ പി സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. അതേ സമയം, വിവാദങ്ങളില്‍ പ്രതികരിക്കാന്‍ ഇന്നലെ സുരേഷ് ഗോപിയും കെ സുരേന്ദ്രനും തയ്യാറായില്ല.

സി പി എമ്മിനെയും സര്‍ക്കാറിനെയും വെട്ടിലാക്കാന്‍ കിട്ടിയ മികച്ച സമയത്ത് തനി സിനിമാക്കാരനായി സുരേഷ് ഗോപി പാര്‍ട്ടിയെ കുഴപ്പിച്ചുവെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. ആരോപണങ്ങള്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാല്‍, പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും സുരേഷ് ഗോപിയല്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനമെടുക്കുന്ന കേന്ദ്ര നേതൃത്വം അദ്ദേഹത്തെ നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ അവശ്യം. പാര്‍ട്ടി അനുമതി ഇല്ലെങ്കിലും അടുത്ത മാസം ആറിന് സിനിമയില്‍ അഭിനയിക്കാന്‍ പോകുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തില്‍ ദേശീയ നേതൃത്വത്തിന് നേരത്തെ അതൃപ്തിയുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം.

സുരേഷ് ഗോപിക്കെതിരെ നേരത്തേയും ബി ജെ പി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ “ഭാരതമാതാവ്’ എന്നും അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരനെ “ധീരനായ ഭരണാധികാരി’ എന്നും വിശേഷിപ്പിച്ചതായിരുന്നു അന്ന് ബി ജെ പി നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതിനെതിരെ തുറന്ന വിമര്‍ശവുമായി ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി കെ പത്മനാഭന്‍ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി ബി ജെ പി നേതാവോ പ്രവര്‍ത്തകനോ അല്ലെന്നാണ് അന്ന് പത്മനാഭന്‍ പറഞ്ഞത്. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു നടക്കുന്നവരാണ് ബി ജെ പി പ്രവര്‍ത്തകര്‍. സുരേഷ് ഗോപിയാകട്ടെ ഇന്ദിരാഗാന്ധിയെ ഭാരത മാതാവ് എന്നാണ് വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാന്‍ ആകില്ല. ബി ജെ പിയിലേക്ക് ആളുകള്‍ വരുന്നത് അടിസ്ഥാനപരമായ ആദര്‍ശത്തിന്റെ പ്രേരണകൊണ്ടല്ലെന്നും അധികാരം മോഹിച്ചാണെന്നും സി കെ പത്മനാഭന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുരേഷ് ഗോപി പയ്യാമ്പലത്തെ ഇ കെ നായനാരുടെ വീട് സന്ദര്‍ശിച്ചത്. കേന്ദ്ര മന്ത്രിയായതിനുശേഷമുള്ള കേരളത്തിലേക്കുള്ള അദ്യ വരവിലായിരുന്നു സന്ദർശനം. അതും പാര്‍ട്ടിയില്‍ വിമര്‍ശത്തിന് വഴിവെച്ചിരുന്നു.

Latest