Connect with us

Kerala

ബി ജെ പി അധ്യക്ഷന്‍: സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി എം ടി രമേഷിനെ വെട്ടും

Published

|

Last Updated

കോഴിക്കോട്: എം ടി രമേശ് ബി ജെ പി സംസ്ഥാന അധ്യക്ഷനായി വരാതിരിക്കാന്‍ എതിര്‍ പക്ഷം നീക്കങ്ങള്‍ ശക്തമാക്കി. ഗ്രൂപ്പുകള്‍ക്ക് അതീതന്‍ എന്ന പേരില്‍ സുരേഷ് ഗോപിയെ അധ്യക്ഷ പദവിയില്‍ എത്തിക്കാനാണ് നീക്കം. ഡിസംബറില്‍ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് കേന്ദ്രനേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെ കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് എന്നാണു വിവരം.

ഗ്രൂപ്പു തര്‍ക്കങ്ങള്‍ക്കിടെ നേരത്തെ കുമ്മനം രാജശേഖരന്‍ പ്രസിഡന്റായതുപോലെ സുരേഷ് ഗോപിയെ ഒത്തുതീര്‍പ്പു പ്രസിഡന്റായി കേന്ദ്രനേതൃത്വത്തെക്കൊണ്ടു കെട്ടിയിറക്കാനുള്ള ചുവടുകള്‍ വിജയത്തിലേക്കു നീങ്ങുകയാണ്.

സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോര്‍കമ്മിറ്റിയിലും സംസ്ഥാന നേതൃത്വത്തിലേക്കും എത്തിക്കാനുള്ള നീക്കങ്ങള്‍ എം ടി രമേശിന്റെ പ്രസിഡന്റ് പദം തടയുക എന്ന ഒറ്റ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്.

സുരേഷ് ഗോപി പ്രസിഡന്റായി വന്നാല്‍ ഉണ്ടായേക്കാവുന്ന നീക്കങ്ങളെ പ്രതിരോധിക്കുന്നതിനാണ് ശോഭാ സുരേന്ദ്രനെ കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സുരേന്ദ്രനും വി മുരളീധരനും ചേര്‍ന്നു പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയവരുടെ വികാരമാണ് ശോഭാ സുരേന്ദ്രന്റെ വിലാപത്തിലൂടെ പുറത്തുവന്നത്.

കേന്ദ്ര നേതൃത്വം ഔദ്യോഗികമായി വിവരം നല്‍കുന്നതിനു മുമ്പെ, സുരേഷ് ഗോപിയെ കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിട്ടത് സുരേഷ് ഗോപിയെ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ മറുപക്ഷം എങ്ങിനെ പ്രതികരിക്കും എന്നറിയാനുള്ള ടെസ്റ്റ ഡോസ് ആയിരുന്നു. ഇങ്ങനെയൊരു അവസരം വന്നാല്‍ സുരേഷ് ഗോപിയുടെ നിലപാട് എന്തായിരിക്കും എന്നും അറിയേണ്ടതുണ്ടായിരുന്നു.

കെ സുരേന്ദ്രനു പകരം എം ടി രമേശ് പദവിയില്‍ എത്തുന്നതിനെ വി മുരളീധരന്‍ പക്ഷം ഒരു തരത്തിലും അംഗീകരിക്കുന്നില്ല. സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷില്‍ വി മുരളീധരനു നിര്‍ണായക സ്വാധീനമുണ്ട്. ഈ ബന്ധം ഉപയോഗിച്ചാണ് രമേശിന്റെ വഴി തടയാനുള്ള കൊണ്ടുപിടിച്ച നീ്ക്കം നടത്തുന്നത്.

സുരേഷ് ഗോപി സര്‍വ സമ്മതാനാണെന്നും താരപ്രഭയുള്ള നേതാവ് പ്രസിഡന്റായി വന്നാല്‍ വരുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു പുതിയ ആവേശം ലഭിക്കുമെന്നും ബി എല്‍ സന്തോഷ് വഴി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചാണു സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ എത്തിച്ചത്.

ഉന്നത പദവി ലഭിച്ചില്ലെങ്കില്‍ സുരേഷ് ഗോപി പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചു സിനിമയിലേക്കു തിരിച്ചു പോകുമെന്നും കേരളത്തില്‍ സുരേഷ് ഗോപിയെ പോലെ ക്രൗഡ് പുള്ളറും ജനപ്രിയനുമായ മറ്റൊരു നേതാവ് ബി ജെ പിക്കില്ലെന്നും കേന്ദ്ര നേതൃത്വവും തിരിച്ചറിഞ്ഞിട്ടുണ്ട്.

പാര്‍ട്ടി നേതൃ പദവിയില്‍ പരിചയമില്ലാത്ത സുരേഷ് ഗോപിയെ മുന്‍ നിര്‍ത്തി തങ്ങളുടെ താല്‍പര്യം നടപ്പാക്കാമെന്നാണു മുരളീധര പക്ഷം കരുതുന്നത്.

പാര്‍ട്ടി നേതൃത്വത്തിലേക്കു തന്നെ പരിഗണിക്കുമെന്ന സംസാരം ആദ്യ ഉയര്‍ന്ന ഘട്ടത്തില്‍ സുരേഷ് ഗോപി അതു തള്ളിയെങ്കിലും പിന്നീട് അദ്ദേഹം ഏതു പദവി ആയാലും പ്രശ്‌നമില്ല എന്ന നിലപാടില്‍ എത്തിയിരുന്നു.

രാജ്യസഭാ കാലാവധി കഴിഞ്ഞാല്‍ സിനിമയില്‍ കൂടുതല്‍ സജീവമാകുമെന്നും ബി ജെ പിയുടെപ്രവര്‍ത്തനങ്ങളില്‍ നിന്നു പതിയെ പിന്‍വാങ്ങുമന്നുമായിരുന്നു സുരേഷ് ഗോപി നല്‍കിയ സൂചന. പാര്‍ലിമെന്ററി പദവികളില്‍ അല്ലാതെ പാര്‍ട്ടി പദവികളില്‍ തനിക്കു താല്‍പര്യമില്ലെന്നു തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സുരേഷ് ഗോപി സംസ്ഥാന കോര്‍കമ്മിറ്റിയില്‍ വരണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആഭ്യന്തര മന്ത്രി അമിത്ഷായുടേയും താല്‍പര്യമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്.

ശോഭാ സുരേന്ദ്രനെ പോലെ മുരളീധരന പക്ഷത്തിനു കണ്ണിലെ കരടായവരെ ഓരോ ഘട്ടത്തില്‍ വച്ച് ഒതുക്കിയിട്ടുണ്ടെങ്കിലും അവര്‍ രോഷം ഉള്ളിലൊതുക്കി കഴിയുകയാണ്.
ജനങ്ങളുടെ കോര്‍കമ്മിറ്റിയില്‍ തനിക്ക് ഇടമുണ്ട് എന്ന ശോഭാ സുരേന്ദ്രന്റെ പ്രസ്താവന കീഴടങ്ങലായാണ് മറുപക്ഷം കാണുന്നത്. രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യമുണ്ടെന്നും വാര്‍ഡ് മെമ്പര്‍മാര്‍ പോലും ഇല്ലാതിരുന്ന കാലത്ത് സി പി എം കോട്ടകളില്‍ പ്രസംഗിച്ചിട്ടുണ്ടെന്നും എല്ലാം ശോഭാ സുരേന്ദ്രന്‍ വിളിച്ചു പറയുന്നുണ്ടെങ്കിലും എം ടി രമേശിനു പാര്‍ട്ടി അധ്യക്ഷ പദവി ഇത്തവണയും ലഭിക്കുന്നില്ലെങ്കില്‍ ശോഭ സുരേന്ദ്രന്‍ അടക്ക മുള്ള നേതാക്കള്‍ പാര്‍ട്ടി പദവിയില്‍ നിന്നു മറവിയിലേക്കു പിന്‍തള്ളപ്പെട്ടുപോവുമെന്നാണു വിലയിരുത്തപ്പെടുന്നത്.

ബി ജെ പിയില്‍ 90 കള്‍ മുതല്‍ രൂക്ഷമായി നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരിന്റെ ഭാഗമായി പാര്‍ട്ടി പദവികളില്‍ നിന്നു പുറന്തള്ളപ്പെടുന്നവര്‍ പിന്നീട് തങ്ങളുടെ ഗ്രൂപ്പിന് അധികാരം കിട്ടുമ്പോഴാണ് പദവികളില്‍ തിരിച്ചു വരിക. നിലവില്‍ രണ്ടു ഗ്രൂപ്പുകള്‍ ബലാബലം നില്‍ക്കുന്ന സാഹചര്യത്തില്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന മൂന്നാം ഗ്രൂപ്പിലെ നേതാക്കള്‍ സമ്പൂര്‍ണമായി മറവിയിലേക്കു പിന്‍വാങ്ങിക്കഴിഞ്ഞു.

കെ സുരേന്ദ്രന്‍ പ്രസിഡന്റ് പദവിയില്‍ എത്തിയതോടെയാണ് വി മുരളീധരനും കെ സുരേന്ദ്രനും ചേര്‍ന്നു പാര്‍ട്ടിയില്‍ മറുപക്ഷത്തെ സമ്പൂര്‍ണമായി ഒതുക്കിയത്. അമിത് ഷായുടെ അച്ചടക്കത്തിന്റെ വാള്‍ ഭയന്നു മിണ്ടാതിരിക്കുന്ന മറുപക്ഷം ഇത്തവണ എം ടി രമേശിനെ പ്രസിഡന്റാക്കി പകവീട്ടാന്‍ കാത്തിരിക്കുകയായിരുന്നു. ഈ നീക്കത്തെയാണ് സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്ത് മുരളീധര പക്ഷം തടഞ്ഞിരിക്കുന്നത്.