bjp kerala
ബി ജെ പി പുനഃസംഘടന; സുരേഷ് ഗോപിയെ ഡൽഹിക്ക് വിളിപ്പിച്ചു, നേതാക്കൾക്ക് നെഞ്ചിടിപ്പ്
സംസ്ഥാന അധ്യക്ഷനാകുമെന്ന് അഭ്യൂഹം. സുരേന്ദ്രനെ നിലനിർത്തണമെന്നും ആവശ്യം
തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയവും നേതാക്കൾക്കിടയിലെ രൂക്ഷമായ ചേരിപ്പോരും കേരളത്തിൽ ബി ജെ പിയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചുവെന്ന് വിലയിരുത്തിയ കേന്ദ്ര നേതൃത്വം താരപ്രചാരകനായ സുരേഷ് ഗോപിയെ ഡൽഹിക്ക് വിളിപ്പിച്ചു.
സുരേഷ് ഗോപി ബി ജെ പി സംസ്ഥാന അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൂടിക്കാഴ്ചക്കായി കേന്ദ്ര നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്. ഇത് കേരള നേതാക്കളുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെയും പി കെ കൃഷ്ണദാസിന്റെയും നേതൃത്വത്തിൽ സംസ്ഥാനത്ത് പാർട്ടി രണ്ട് ചേരിയായി നിൽക്കെ മുരളീധര പക്ഷക്കാരനായ നിലവിലെ പ്രസിഡന്റ് കെ സുരേന്ദ്രനെ മാറ്റണമെന്ന് മുറവിളി ഉയരുന്നതിനിടെയാണ് സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വത്തിന്റെ ക്ഷണം ലഭിച്ചിരിക്കുന്നത്.
പാർട്ടി സംസ്ഥാന അധ്യക്ഷനായി ഏറെ ജനസ്വാധീനമുള്ള നേതാവിനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് കേന്ദ്ര നീക്കം. ഇന്ന് ഡൽഹിക്ക് തിരിക്കുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തും. കെ സുരേന്ദ്രന് പകരം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് ഉയർന്നു വന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.
സുരേഷ് ഗോപിയെ സംസ്ഥാന നേതൃത്വത്തിലെത്തിക്കുന്നത് പാർട്ടിയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കാൻ സഹായിക്കുമെന്ന് നേതൃത്വം കരുതുന്നതായി സൂചനയുണ്ട്. നേരത്തേ പി എസ് ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ച സാഹചര്യത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേഷ് ഗോപിയെ നിയമിക്കുന്നതിന് കേന്ദ്ര നേതൃത്വം ആലോചിച്ചിരുന്നുവെങ്കിലും അദ്ദേഹം താത്പര്യം കാണിച്ചിരുന്നില്ല.
ഇപ്പോഴും സമാന നിലപാട് തന്നെയാണ് സുരേഷ് ഗോപി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോഴും ഒഴിഞ്ഞുമാറാൻ ശ്രമിച്ച സുരേഷ് ഗോപിയെ പിന്നീട് കേന്ദ്ര നേതാക്കൾ ഇടപെട്ട് തൃശൂരിൽ മത്സരത്തിനിറക്കുകയായിരുന്നു.
അതേസമയം നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രനെ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് അമിത് ഷായോടും ജെ പി നദ്ദയോടും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ആരോപണ വിധേയനായിരിക്കെ കെ സുരേന്ദ്രനെ മാറ്റുന്നത് മറ്റൊരു തരത്തിൽ ചിത്രീകരിക്കപ്പെടുമെന്നാണ് ഇതിന് കാരണമായി ഉന്നയിക്കപ്പെടുന്നത്.