pappanji
മോദിയുടെ ഛായയെന്ന് ബി ജെ പി; പാപ്പാഞ്ഞിയുടെ മുഖം മാറ്റി
മോദിയുടെ മുഖച്ഛായയുള്ള പാപ്പാഞ്ഞിയെ പുതുവത്സരാഘോഷത്തിന് കത്തിക്കാൻ സമ്മതിക്കില്ലെന്നും പ്രവർത്തകർ നിലപാടെടുത്തു.
കൊച്ചി | പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോർട്ട് കൊച്ചിയിൽ ഒരുങ്ങുന്ന ഭീമൻ പാപ്പാഞ്ഞിയുടെ മുഖച്ഛായ ബി ജെ പിയുടെ എതിർപ്പിനെ തുടർന്ന് മാറ്റി. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണെന്ന് പറഞ്ഞ് ബി ജെ പി പ്രതിഷേധിച്ചിരുന്നു. എന്നാൽ തെറ്റിദ്ധാരണ വേണ്ടെന്നും ആർക്കും പരാതിയില്ലാത്ത പാപ്പാഞ്ഞിയെ ഒരുക്കുമെന്നും കാർണിവൽ കമ്മിറ്റി വ്യക്തമാക്കി.
60 അടി നീളമുള്ള ഭീമൻ പാപ്പാഞ്ഞിയുടെ നിർമാണം ഫോർട്ട് കൊച്ചി ഗ്രൗണ്ടിൽ പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി ബി ജെ പി പ്രവർത്തകർ രംഗത്തെത്തിയത്. മോദിയുടെ മുഖച്ഛായയുള്ള പാപ്പാഞ്ഞിയെ പുതുവത്സരാഘോഷത്തിന് കത്തിക്കാൻ സമ്മതിക്കില്ലെന്നും പ്രവർത്തകർ നിലപാടെടുത്തു. പോലീസ് എത്തിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടർന്ന് നടന്ന ചർച്ചയിലാണ് ആർക്കും പരാതിയില്ലാത്ത രൂപത്തിൽ പാപ്പാഞ്ഞി ഒരുക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയത്.
കൊച്ചിൻ കാർണിവൽ കമ്മിറ്റിക്ക് വേണ്ടി സ്വകാര്യ ഏജൻസിയാണ് ഇത്തവണ പാപ്പാഞ്ഞിയെ ഒരുക്കുന്നത്. നിർമാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. കൊവിഡ് മഹാമാരിയെ കീഴടക്കിയ പാപ്പാഞ്ഞിയെയാണ് ഇത്തവണ ഒരുക്കുന്നത്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സ്ഥലത്ത് ഒത്തുചേരുന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി അർധരാത്രി 12 മണിക്ക് പാപ്പാഞ്ഞിയുടെ രൂപം കത്തിക്കുകയാണ് ചെയ്യുന്നത്.