National
ഉദ്ദവ് താക്കറെ പൂര്‍ണ സുഖം പ്രാപിക്കുന്നതു വരെ മുഖ്യമന്ത്രി സ്ഥാനം മറ്റാര്‍ക്കെങ്കിലും കൈമാറണം: ബി ജെ പി

മുംബൈ | അസുഖം കാരണം വിശ്രമത്തിലുള്ള ഉദ്ദവ് താക്കറെ പൂര്‍ണ സുഖം പ്രാപിക്കുന്നത് വരെ മഹാരാഷ്ട്രാ മുഖ്യമന്ത്രി സ്ഥാനം മറ്റാര്‍ക്കെങ്കിലും കൈമാറണമെന്ന് സംസ്ഥാന ബി ജെ പി അധ്യക്ഷനും എം എല്‍ എയുമായ ചന്ദ്രകാന്ത് പാട്ടീല്‍. നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കുമ്പോള്‍ മുഖ്യമന്ത്രി ഇല്ലാത്തത് അംഗീകരിക്കാനാകില്ലെന്ന് മാധ്യമങ്ങളോടെ സംസാരിക്കവേ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
അസുഖം കണക്കിലെടുത്ത് ഉദ്ദവ് താക്കറെ മുഖ്യമന്ത്രി പദം ശിവസേനയിലെ മറ്റാര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കോ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഖ്യകക്ഷികളായ കോണ്‍ഗ്രസിനെയോ എന്‍.സി.പിയെയോ ഉദ്ദവിന് വിശ്വാസമില്ലാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിയുടെ ചുമതല അവര്‍ക്കാര്‍ക്കെങ്കിലും നല്‍കിയാല്‍ തിരിച്ചുകിട്ടുമോയെന്ന ആശങ്ക അദ്ദേഹത്തിനുണ്ടാകും. ഈ സാഹചര്യത്തില്‍ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്ക്ക് മുഖ്യമന്ത്രിപദം നല്‍കാവുന്നതാണെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
എന്നാല്‍ ഉദ്ദവ് താക്കറെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന് അധികം താമസിയാതെ തന്നെ നിയമസഭയില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി ജയന്ത് പാട്ടീല്‍ പറഞ്ഞു. അതിനാല്‍ത്തന്നെ മുഖ്യമന്ത്രി പദം കൈമാറേണ്ട സാഹചര്യമില്ല. നട്ടെല്ലിന് നടത്തിയ ശസ്ത്രക്രിയക്ക് വിധേയനായ ഉദ്ധവ് താക്കറെ മൂന്നാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലവില്‍ ഔദ്യോഗിക വസതിയിലിരുന്നാണ് അദ്ദേഹം പ്രവൃത്തിക്കുന്നത്.