Kerala
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍; കെ സുരേന്ദ്രനെ ചാടിച്ച് വി മുരളീധരനെ കൊണ്ടുവരാന്‍ നീക്കം
ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ മുമ്പ് ആരും മുരളീധരന്റെ രാജിയാവശ്യപ്പെട്ടിരുന്നില്ലെന്ന് സുരേന്ദ്രന്‍
കൊച്ചി | ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുരേന്ദ്രനെ ചാടിച്ച് വി മുരളീധരനെ കൊണ്ടുവരാന്‍ നീക്കങ്ങള്‍ ശക്തമായി. നേരത്തെ മുരളീധരന്റെ നോമിനിയായിരുന്ന സുരേന്ദ്രന്‍. എതിര്‍ ഗ്രൂപ്പിന്റെ കൂടി പിന്തുണയോടെ അധ്യക്ഷ പദത്തിലെത്താനാണ് മുരളീധരന്റെ നീക്കം. കേന്ദ്ര സഹമന്ത്രി പദം നഷ്ടപ്പെട്ടതോടെ രാഷ്ട്രീയത്തില്‍ അപ്രസക്തനായ മുരളീധരന്‍ ശക്തമായ തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. വി മുരളീധരനെ അധ്യക്ഷനാക്കാനുള്ള നീക്കത്തിന് മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസിന്റെ പിന്തുണ ലഭിച്ചുവെന്നാണു വിവരം.
പാലക്കാട്ടെ തോല്‍വിയുടെ കാരണം കെ സുരേന്ദ്രനോടു ചോദിക്കണമെന്ന വി മുരളീധന്റെ മറുപടിയോടു ശക്തമായി പ്രതികരിച്ച് കെ സുരേന്ദ്രന്‍ രംഗത്തുവന്നു. മുമ്പ് വി മുരളീധരന്‍ സംസ്ഥാന പ്രസിഡന്റായിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ ആരും മുരളീധരന്റെ രാജിയാവശ്യപ്പെട്ടിരുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അന്ന് പിറവത്ത് ബി ജെ പിക്ക് കിട്ടിയ 2,000 വോട്ടുകളുടെ എണ്ണം പറഞ്ഞായിരുന്നു സുരേന്ദ്രന്റെ മറുപടി.
അധ്യക്ഷ പദത്തിനു ചരടുവലിക്കുന്ന വി മുരളീധരനെതിരെ സുരേന്ദ്രന്‍ നീക്കം ശക്തമാക്കിയെന്നാണ് ഈ പ്രതികരണം സൂചിപ്പിക്കുന്നത്. മുരളീധന്റെ നീക്കം തിരിച്ചറിഞ്ഞാണ് സുരേന്ദ്രന്‍ നേരത്തെ രാജി സന്നദ്ധത അറിയിച്ചത്. സുരേന്ദ്രന്‍ രാജിവച്ചാല്‍ സംസ്ഥാന ബി ജെ പിയില്‍ കലാപം രൂക്ഷമാവുമെന്ന് കേന്ദ്രനേതൃത്വത്തിനു വ്യക്തമായി അറിയാം. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് ബി ജെ പി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയത്. സുരേന്ദ്രന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ സുരേന്ദ്രന്‍ മാറില്ലെന്ന് വ്യക്തമാക്കുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വി മുരളീധരന്‍ പറയുന്നുണ്ടെങ്കിലും പറയാനുള്ളത് പറയേണ്ട വേദിയില്‍ പറയുമെന്നും പ്രതികരിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് നല്ല ചോദ്യമാണെന്നായിരുന്നു മുരളീധരന്റെ മറുപടി.