National
പഞ്ചാബ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; തോറ്റവരില്‍ നിലവിലെ മേയറും
ആകെയുള്ള 35 സീറ്റുകളില്‍ ആംആദ്മി 14 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 12 സീറ്റുകളിലേക്ക് ഒതുങ്ങി
ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 35 സീറ്റുകളില്‍ ആംആദ്മി 14 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 12 സീറ്റുകളിലേക്ക് ഒതുങ്ങി. കോണ്‍ഗ്രസ് എട്ട് സീറ്റുകളിലും ശിരോമണി അകാലിദള്‍ ഒരു സീറ്റിലും വിജയിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി 20 സീറ്റിലും അകാലിദള്‍ ഒരു സീറ്റിലും വിജയിച്ചിരുന്നു. കോണ്‍ഗ്രസിന് നാല് സീറ്റും ലഭിച്ചിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബിലെ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ സമരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന സൂചനയാണ് കോര്‍പ്പറേഷന്‍ ഫലം സൂചിപ്പിക്കുന്നത്.ബിജെപിയുടെ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം പരാജയപ്പെട്ടു. നിലവിലെ മേയര്‍ ബിജെപിയുടെ രവികാന്ത് ശര്‍മ്മയെ ആംആദ്മി പാര്‍ട്ടിയുടെ ദമന്‍ പ്രീത് സിംഗാണ് തോല്‍പിച്ചത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ട്രെയിലറാണ് ഇപ്പോള്‍ നടന്നതെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുമെന്നും ആം ആദ്മി പാര്‍ട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു