Connect with us

From the print

ബി ജെ പി പരാജയം രുചിച്ചത് കഴിഞ്ഞ തവണ നേടിയ 92 ഇടത്ത്

2019ല്‍ വിജയം നേടിയിരുന്ന 208 സീറ്റുകള്‍ മാത്രമാണ് ഇത്തവണ ബി ജെ പിക്ക് നിലനിര്‍ത്താനായത്. ഇതില്‍ മോദിയുടെ വാരണാസി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഭൂരിപക്ഷം വലിയ രീതിയില്‍ കുറയുകയും ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി | 2019ല്‍ ബി ജെ പിക്ക് വലിയ വിജയം നേടി ക്കൊടുത്ത 303 മണ്ഡലങ്ങളില്‍ 92 ഇടങ്ങളില്‍ ബി ജെ പി ഇത്തവണ പരാജയപ്പെട്ടു. അന്ന് വിജയം നേടിയിരുന്ന 208 സീറ്റുകള്‍ മാത്രമാണ് ഇത്തവണ ബി ജെ പിക്ക് നിലനിര്‍ത്താനായത്. ഇതില്‍ മോദിയുടെ വാരണാസി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഭൂരിപക്ഷം വലിയ രീതിയില്‍ കുറയുകയും ചെയ്തു. ഏറ്റവും വലിയ നഷ്ടം ബി ജെ പിക്കുണ്ടായത് ഉത്തര്‍പ്രദേശിലാണ്. പരാജയപ്പെട്ട 92 സീറ്റുകളില്‍ 29 സീറ്റുകള്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്. മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 16, പത്ത് സീറ്റുകള്‍ പരാജയപ്പെട്ടു. പശ്ചിമ ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളില്‍ എട്ട് വീതം സീറ്റുകളും ബി ജെ പിക്ക് കൈമോശം വന്നു. ഹരിയാന (അഞ്ച്), ബിഹാര്‍ (അഞ്ച്), ഝാര്‍ഖണ്ഡ് (മൂന്ന്), പഞ്ചാബ് (രണ്ട്), ഗുജറാത്ത്, അസം, ചണ്ഡീഗഢ്, ദാമന്‍ദിയു, ലഡാക്ക്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഓരോ സീറ്റ് വീതവുമാണ് ബി ജെ പിക്ക് നിലനിര്‍ത്താനാകാതെ പോയത്. 15 സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നായാണ് 92 സീറ്റുകള്‍ നഷ്ടപ്പെട്ടത്. ഇതില്‍ 29 സീറ്റുകള്‍ പട്ടിക ജാതി, പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്ത മണ്ഡലങ്ങളാണ്. 63 പൊതുമണ്ഡലങ്ങളും പത്ത് പട്ടികജാതി മണ്ഡലങ്ങളും 11 പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളുമാണ് നഷ്ടപ്പെട്ടവയിലുള്ളത്.

ഗ്രാമീണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പരാജയം ഏറ്റുവാങ്ങിയതെങ്കിലും മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, മുംബൈ നോര്‍ത്ത് ഈസ്റ്റ് തുടങ്ങിയ നഗര മണ്ഡലങ്ങളും ബി ജെ പിയെ കൈവിട്ട മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. പരാജയപ്പെട്ട 92 സീറ്റില്‍ ഔറംഗാബാദ്, ദുംക, ലോഹാര്‍ഡഗ, ഗുല്‍ബര്‍ഗ, റായ്ച്ചൂര്‍, ഗഡ്ചിരോളി- ചിമൂര്‍, ബാര്‍മര്‍, കരൗലി- ധോല്‍പൂര്‍, ബന്ദ, ചന്ദൗലി, ഫത്തേപൂര്‍ എന്നിവ രാജ്യത്തെ ഏറ്റവും ദരിദ്ര ജില്ലകളായി കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയ ജില്ലകളിലെ മണ്ഡലങ്ങളാണ്. ഈ പതിനൊന്ന് സീറ്റുകളില്‍ ആറ് സീറ്റുകള്‍ കോണ്‍ഗ്രസ്സും മൂന്നെണ്ണം സമാജ്വാദി പാര്‍ട്ടിയുമാണ് സ്വന്തമാക്കിയത്.

കഴിഞ്ഞ തവണ ബി ജെ പി നേടി, ഇത്തവണ പരാജയപ്പെട്ട 92 സീറ്റുകളില്‍ 42 എണ്ണം കോണ്‍ഗ്രസ്സാണ് പിടിച്ചെടുത്തത്. മഹാരാഷ്ട്രയില്‍ ഒമ്പത്, രാജസ്ഥാനില്‍ എട്ട്, ഉത്തര്‍ പ്രദേശില്‍ നാല് എന്നിങ്ങനെയാണ് ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസ്സ് പിടിച്ചെടുത്ത മണ്ഡലങ്ങള്‍. 25 സീറ്റുകള്‍ സമാജ്വാദി പാര്‍ട്ടി നേടി. ഇവയെല്ലാം ഉത്തര്‍ പ്രദേശിലാണ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് എട്ട് സീറ്റുകള്‍ പിടിച്ചെടുത്തു. മഹാരാഷ്ട്രയില്‍ എന്‍ സി പി ശരദ് പവാര്‍ വിഭാഗം അഞ്ച് സീറ്റുകള്‍ നേടി. ആം ആദ്മി പാര്‍ട്ടി, ഭാരത് ആദിവാസി പാര്‍ട്ടി, സി പി ഐ എം എല്‍, സി പി എം, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, രാഷ്ട്രീയ ജനതാദള്‍, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എന്നിവരാണ് സീറ്റുകള്‍ പിടിച്ചെടുത്ത മറ്റു പാര്‍ട്ടികള്‍.

അതേസമയം, കേരളം ഉള്‍പ്പെടെയുള്ള പതിനൊന്ന് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 32 പുതിയ മണ്ഡലങ്ങള്‍ ബി ജെ പി ഇത്തവണ നേടി. ഇതോടെയാണ് 240 സീറ്റുകളിലേക്ക് ബി ജെ പി എത്തിയത്.