National
ബിജെപി ഡല്‍ഹിയില്‍ ജലപ്രതിസന്ധി ഉണ്ടാക്കാന്‍ ശ്രമിക്കുന്നു; യമുന നദിയില്‍ നിന്നുള്ള ജലവിതരണം തടഞ്ഞു: അതിഷി
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ബി ജെ പി ആം ആദ്മി പാര്‍ട്ടിയെ ലക്ഷ്യമിട്ട് ഗൂഢാലോചനകള്‍ നടത്തുകയാണ്
ന്യൂഡല്‍ഹി | ആം ആദ്മി പാര്‍ട്ടിയെ ലക്ഷ്യമിട്ട് ബി ജെ പി ഡല്‍ഹിയില്‍ ജലപ്രതിസന്ധി ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി ജല മന്ത്രി അതിഷി മര്‍ലേന ആരോപിച്ചു. ഹരിയാന സര്‍ക്കാര്‍ മുഖേനെ യമുന നദിയില്‍ നിന്ന് ഡല്‍ഹിയിയിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തിയതായും അതിഷി പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ബി ജെ പി ആം ആദ്മി പാര്‍ട്ടിയെ ലക്ഷ്യമിട്ട് ഗൂഢാലോചനകള്‍ നടത്തുകയാണെന്നും വാര്‍ത്താസമ്മേളനത്തിനിടെ അതിഷി ആരോപിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ അറസ്റ്റ് ചെയ്തു. ഇതോടെ എ എ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അവതാളത്തിലായി. പിന്നീട് ഇടക്കാല ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തു വന്നതോടെ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ എം പി യായ സ്വാതി മലിവാളിനെ ഉപയോഗിച്ച് കെജ് രിവാളിനെ തകര്‍ക്കാനും ബിജെപി ശ്രമിച്ചു. എന്നാല്‍ അതൊന്നും വിജയം കണ്ടില്ലെന്നും അതിഷി പറഞ്ഞു.
ജലക്ഷാമം സംബന്ധിച്ച് ഹരിയാന സര്‍ക്കാരിന് കത്തെഴുതും. അവരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അതിഷി പറഞ്ഞു. വസീറാബാദില്‍ യമുന നദിയിലെ ജലനിരപ്പ് എപ്പോഴും 674 അടിയുണ്ടാകാറുണ്ട്. പക്ഷെ, മെയ് 11 ന് ഇത് 671.6 അടിയായി കുറഞ്ഞു. പിന്നീട് മൂന്ന് ദിവസം ഈ നില തുടര്‍ന്നു. മെയ് 14നും 15നും 671.9 അടിയായിരുന്നു യമുനയിലെ ജലനിരപ്പ്. മെയ് 16ന് 671.3 അടിയും പിന്നീടുള്ള ദിവസങ്ങളില്‍ 671 അടിയായും കുറഞ്ഞു.ചരിത്രത്തില്‍ ആദ്യമായിട്ട് മെയ് 21ന് യമുനയിലെ ജലനിരപ്പ് 670.9 അടിയായി കുറഞ്ഞതായും അതിഷി പറഞ്ഞു.
വോട്ടെടുപ്പിന് മുന്നോടിയായി ഡല്‍ഹിയിലെ എ എ പി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനും ജനങ്ങളെ ബുദ്ധിമുട്ടിക്കാനുമാണ് ബിജെപി ഇത് ചെയ്യുന്നതെന്നും അതിഷി വിമര്‍ശിച്ചു. വോട്ടെടുപ്പ് നടക്കുന്ന മെയ് 25 വരെ ഇത്തരം സംഭവങ്ങള്‍ നടക്കും. ഡല്‍ഹിയിലെ ജനങ്ങളെ വിഢികളാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നതായും അതിഷി പറഞ്ഞു.