Connect with us

delhi election

ഡല്‍ഹിയിൽ ബി ജെ പി തരംഗം; ആം ആദ്മിക്ക് കനത്ത തിരിച്ചടി: കാലിടറി വന്‍മരങ്ങള്‍

ഡല്‍ഹിയില്‍ ആം ആദ്മിക്ക് കനത്ത പ്രഹരമായി അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും പരാജയപ്പെട്ടു, ആശ്വാസമായി അതിഷി മര്‍ലേനയുടെ വിജയം

Published

|

Last Updated

ന്യൂഡല്‍ഹി | ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ  ബിജെപിയുടെ തേരോട്ടം. ലീഡിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി കുതിക്കുന്നത്.  ആം ആദ്മിക്ക് കനത്ത പ്രഹരമായി അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും പരാജയപ്പെട്ടു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മൂവായിരം വോട്ടിനാണ് കെജരിവാള്‍ പരാജയപ്പെട്ടത്. ബിജെപിയുടെ പര്‍വേശ് സിങ് വര്‍മയ്ക്കാണ് വിജയം.ആദ്യമായാണ് കെജരിവാള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. മനീഷ് സിസോദിയ  636 വോട്ടിനാണ് പരാജയപ്പെട്ടത്. ബിജെപി സല തര്‍വീന്ദര്‍ സിംഗ് മര്‍വയാണ് ജങ്പുരയില്‍ ജയിച്ചത്. അതേസമയം കനത്ത തോല്‍വിയിലും എഎപിക്ക് നേരിയ ആശ്വാസമായി കല്‍ക്കാജിയില്‍ അതിഷി മര്‍ലേന വിജയിച്ചു.

ആകെ 70 സീറ്റുകളിൽ ഇപ്പോൾ ബിജെപി 48 സീറ്റുകളിൽ മുന്നിട്ടുനിൽക്കുകയാണ്. എഎപി 22 സീറ്റുകളിലേക്ക് ചുരുങ്ങി.കോൺഗ്രസ് ഒരിടത്തും ഇല്ല.

ലീഡ് ചെയ്യുന്ന സീറ്റുകളില്‍ ഒരിടത്തൊഴികെ ബാക്കി എല്ലായിടത്തും ബിജെപിയുടെ ലീഡ് ആയിരത്തിന് മുകളിലാണ്. ദളിത് മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ എഎപി ആണ് മുന്നില്‍. 12 സംവരണ സീറ്റുകളില്‍ എട്ടിടത്ത് എഎപി, നാലിടത്ത് ബിജെപിയുമാണ്.

പ്രധാനപ്പെട്ട ആം ആദ്മി നേതാക്കളെല്ലാം ശക്തമായ തിരിച്ചടിയാണ് നേരിടുന്നത്. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളായ രമേശ് ബിധൂരിയും പര്‍വേശ് വര്‍മയും കൈലാഷ് ഗെലോട്ടും മുന്നിട്ട് നില്‍ക്കുന്നു.ദക്ഷിണ ഡല്‍ഹിയിലെ 15 നിയമസഭാ സീറ്റുകളില്‍ 11 സീറ്റുകളിലും ബി.ജെ.പി മുന്നിട്ടുനിന്നു. നാല് സീറ്റുകളില്‍ മാത്രമാണ് എ.എ.പിക്ക് ലീഡെടുക്കാനായത്

70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇപ്രാവശ്യം മത്സര രം​ഗത്തുള്ളത്.60.54% പോളിങ്ങാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 19 എക്സിറ്റ് പോളുകളില്‍ 11 എണ്ണവും ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു.

Latest