Kerala
പി സി ജോര്‍ജ് ഭാരമായി മാറുമോയെന്ന് കാലം കഴിയുമ്പോള്‍ ബിജെപി മനസിലാക്കും: വെള്ളാപ്പള്ളി
അപ്രസക്തനെ പ്രസക്തനാക്കാനാണോ നിങ്ങള്‍ നോക്കുന്നത് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആദ്യപ്രതികരണം.
ആലപ്പുഴ | ആര്‍ക്കും വേണ്ടാതായപ്പോഴാണ് ജനപക്ഷം ബിജെപിയില്‍ ലയിച്ചതെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉണ്ടയില്ലാത്ത വെടിയടിക്കുന്നയാളെ ലോകസഭാ സ്ഥാനാര്‍ഥിയാക്കി ശക്തി പരീക്ഷിക്കണമായിരുന്നുവെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. പിസി ജോര്‍ജിന്റെ പ്രതികരണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം .എന്നെ പിസി ജോര്‍ജുമായിട്ട് കൊത്താനാണോ നിങ്ങള്‍ നോക്കുന്നത്. അപ്രസക്തനെ പ്രസക്തനാക്കാനാണോ നിങ്ങള്‍ നോക്കുന്നത് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആദ്യപ്രതികരണം.
കേരള മുഖ്യമന്ത്രിയാണെന്ന് എനിക്ക് തോന്നല്‍ വന്നാല്‍, എന്നോട് സ്നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് എന്താണ്?, എന്നെ ഊളമ്പാറയില്‍ അഡ്മിറ്റ് ചെയ്യണം. സ്നേഹമില്ലെങ്കില്‍ പ്രോത്സാഹിപ്പിക്കണം. പോയി വീണോളും. അത്രയേ മറുപടി പറയാനുള്ളവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിസി ജോര്‍ജിനെ ആളാക്കിയ കെ എം മാണിയെ തന്നെ എന്തുമാത്രം ചീത്ത പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ശൈലിയാണ്. എല്ലാവരോടും ചീത്ത പറഞ്ഞിട്ടും ആരും തിരിച്ചു പറഞ്ഞിട്ടില്ല. ഞങ്ങളോട് ചീത്ത പറഞ്ഞപ്പോള്‍ അല്‍പ്പം ചീത്ത ഞങ്ങളും തിരിച്ചുപറഞ്ഞിട്ടുണ്ട്’.പിസി ജോര്‍ജ് ബിജെപിക്ക് ഭാരമായി മാറുമോയെന്ന ചോദ്യത്തിന്, കാലം കഴിയുമ്പോള്‍ അവര്‍ മനസ്സിലാക്കിക്കൊള്ളുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.