navakerala sadas
ആലപ്പുഴയില്‍ കരിങ്കൊടി: സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെയ്തതു ശരിയെന്നു മുഖ്യമന്ത്രി; ഉദ്യോഗസ്ഥരെ നേരിടുമെന്നു വി ഡി സതീശന്റെ ഭീഷണി
കോണ്‍ഗ്രസുകാര്‍ വിചാരിച്ചാല്‍ ഇത്തരക്കാര്‍ വീടിനു പുറത്തിറങ്ങി നടക്കില്ല.
പത്തനംത്തിട്ട | ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ചവരെ നേരിട്ട ഗണ്‍മാന്റെ നടപടിയെ ശരിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും സുരക്ഷ ഉദ്യോഗസ്ഥരെയും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
തന്റെ വാഹനത്തിനു നേരെ ചിലര്‍ ചാടി വീഴുന്ന സംഭവം ഉണ്ടായി. യൂണിഫോമിലുള്ള പോലീസുകാര്‍ പ്രതിഷേധക്കാരെ മാറ്റുന്നതാണു താന്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സുരക്ഷ ഉദ്യോഗസ്ഥരുടെ വീടും നാടും ഞങ്ങള്‍ക്കറിയാം.
കോണ്‍ഗ്രസുകാര്‍ വിചാരിച്ചാല്‍ ഇത്തരക്കാര്‍ വീടിനു പുറത്തിറങ്ങി നടക്കില്ല. ഗണ്‍മാന്‍ മാധ്യമപ്രവര്‍ത്തകന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചുവെന്നും സതീശന്‍ പറഞ്ഞു. ശബരിമലയില്‍ ഡ്യൂട്ടിക്ക് വിടാന്‍ പൊലീസില്ലാത്തപ്പോള്‍ നവകേരള സദസിന് 2000 ത്തിലധികം പോലീസു കാരുടെ സുരക്ഷാ സന്നാഹമാണുള്ളത്. പ്രതിഷേധിക്കുന്നവരെ മാരകായുധ ങ്ങളുപയോഗിച്ചാണ് മര്‍ദ്ദിച്ചത്. മുഖ്യമന്ത്രി ക്രിമിനലുകളെ കൂടെ കൊണ്ടു നടക്കുന്നു. പോലീസ് ഫോഴ്‌സിലെ പേരു കേട്ട ക്രിമിനലുകളാണ് ഒപ്പമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഞങ്ങളും നടത്തും. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. സാഡിസ്റ്റ് മനോനിലയാണ് മുഖ്യമന്ത്രിക്ക്. മര്യാദയുടെ അതിര്‍വരമ്പ് ലംഘിക്കുകയാണ്. രാജാവ് എഴുന്നള്ളുമ്പോള്‍ പ്രതിഷേധം പാടില്ലെന്നാകും. മുഖ്യമന്ത്രി മരുന്നു കഴിക്കാന്‍ മറന്ന് പോവുന്നുണ്ടെന്നാണ് സംശയം, മന്ത്രിമാരതെടുത്ത് കൊടുക്കണം. കമ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാനത്തെ യാത്രയാണ് നവകേരള യാത്രയെന്നും സതീശന്‍ പറഞ്ഞു.