Connect with us

Kerala

വയനാട്ടിലെത്തിയ മന്ത്രിമാര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ബത്തേരി ടൗണില്‍ വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി വാഹനത്തിന് മുന്നില്‍ ചാടിവീഴുകയായിരുന്നു.

Published

|

Last Updated

വയനാട്| വന്യമൃഗ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. ബത്തേരിയില്‍ സര്‍വകക്ഷിയോഗത്തിന് മന്ത്രിമാര്‍ പോകുമ്പോഴാണ് കരിങ്കൊടി കാട്ടിയത്. മന്ത്രിമാരായ കെ രാജന്‍, എകെ ശശീന്ദ്രന്‍, എംബി രാജേഷ് എന്നിവരാണ് മന്ത്രിതല സംഘത്തിലുള്ളത്.

സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ഹാളില്‍വച്ചാണ് സര്‍വകക്ഷിയോഗം. സുല്‍ത്താന്‍ ബത്തേരിയിലെ വനംവകുപ്പിന്റെ ബംഗ്ലാവില്‍ നിന്നും മുനിസിപ്പല്‍ ഹാളിലേക്ക് മന്ത്രിമാര്‍ വരുന്ന വഴിക്ക് ബത്തേരി ടൗണില്‍ വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി വാഹനത്തിന് മുന്നില്‍ ചാടിവീഴുകയായിരുന്നു. മൂന്നു മരണമുണ്ടായിട്ടും വയനാട്ടില്‍ എത്താതിരുന്ന വനംമന്ത്രി എകെ ശശീന്ദ്രനെതിരെയായിരുന്നു കൂടുതല്‍ പ്രതിഷേധം. മന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമുദ്രാവാക്യം വിളിച്ചു. പോലീസുകാരെത്തി പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കടുത്ത പോലീസ് സന്നാഹമാണ് ഒരുക്കിയത്.

അതിനിടെ പുല്‍പ്പള്ളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് മന്ത്രിമാരോട് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആവശ്യപ്പെട്ടു. സര്‍വകക്ഷി യോഗത്തില്‍ റവന്യൂ, വനംവകുപ്പ്, തദ്ദേശ ഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. യുഡിഎഫിന്റെ രണ്ട് എംഎല്‍എമാര്‍  യോഗത്തിനെത്തിയെങ്കിലും യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

 

 

 

 

 

Latest