Connect with us

Kerala

കള്ളപ്പണ റെയ്ഡ്: ഹോട്ടലിന്റെ പരാതിയില്‍ ബഹളമുണ്ടാക്കിയ പത്തുപേര്‍ക്കെതിരെ കേസ്

അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.

Published

|

Last Updated

പാലക്കാട് | തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കുന്നതു തടയാന്‍ പോലീസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ സംഘര്‍ഷമുണ്ടാക്കിയ 10 പേര്‍ക്കെതിരെ കേസെടുത്തു. കെ പി എം ഹോട്ടലിന്റെ പരാതിയിലാണ് സൗത്ത് പോലീസ് കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെ കേസെടുത്തത്.

അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയ്ഡ് നടന്നത്. കള്ളപ്പണം കണ്ടെത്താനായിരുന്നു പരിശോധനയെന്ന് പോലീസ് പറയുന്നു. കെ പി എം ഹോട്ടലിലെ സി സി ടിവി ദൃശ്യം പൊലീസ് പിടിച്ചെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താന്‍ ദൃശ്യങ്ങളുമായി സി പി എം രംഗത്തെത്തി. കെ പി എം ഹോട്ടലിലെ ഇന്നലത്തെ സി സി ടി വി ദൃശ്യങ്ങള്‍ സി പി എം പുറത്തുവിട്ടു. നീല ട്രോളി ബാഗുമായി കെ എസ് യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എം പിമാരായ ഷാഫി പറമ്പില്‍, ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ കെ പി എം ഹോട്ടലിലേക്ക് കയറുന്നതുള്‍പ്പെടെ ദൃശ്യങ്ങളിലുണ്ട്.

കോറിഡോറിലെ ദൃശ്യങ്ങളില്‍ ശ്രീകണ്ഠന്‍ വാഷ് റൂമിലേക്ക് പോയി തിരിച്ചു വരുന്നതും ബാക്കിയുള്ളവര്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറുന്നതും രാത്രി 10.13നുള്ള ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറുന്നതും ഫെനി നൈനാന്‍ കോറിഡോറിലേക്ക് വരുന്നതും കാണാം. ഫെനിയുടെ കയ്യില്‍ അപ്പോള്‍ പെട്ടി ഇല്ല. 10.47 ലുള്ള ദൃശ്യങ്ങളില്‍ പി എ രാഹുലിനെ കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് ഇറക്കി മുറിയിലേക്ക് കൊണ്ടു പോകുന്നു. രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് തിരിച്ചു വരുന്നതും ഫെനി നൈനാന്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.