Connect with us

Kerala

കള്ളപ്പണ റെയ്ഡ്; പാലക്കാട്ട് ഇനി ട്രോളിബാഗ് പ്രചാരണായുധം

വിഷയം യു ഡി എഫിനെതിരെ പ്രചാരണായുധമാക്കുമ്പോള്‍ സി പി എം ഗൂഡാലോചനയെന്ന നിലയില്‍ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ക്കായിരിക്കും യു ഡി എഫ് രൂപം നല്‍കുക.

Published

|

Last Updated

പാലക്കാട് | പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിലെ കള്ളപ്പണ സംശയവും ഹോട്ടലിലെ പോലീസ് റെയ്ഡും മുന്നണികള്‍ പ്രചാരണായുധമാക്കുന്നു. വിഷയം യു ഡി എഫിനെതിരെ പ്രചാരണായുധമാക്കുമ്പോള്‍ സി പി എം ഗൂഡാലോചനയെന്ന നിലയില്‍ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ക്കായിരിക്കും യു ഡി എഫ് രൂപം നല്‍കുക.

സി പി എം നല്‍കിയ പരാതിയില്‍ പോലീസ് നടപടിയും ഉണ്ടായേക്കും. പോലീസ് നടപടി തടഞ്ഞ കോണ്‍ഗ്രസ് നടപടി എന്തോ ഒളിക്കാന്‍ ഉള്ളതുകൊണ്ടാണെന്നാണ് സി പി എം നേതാക്കളുടെ നിലപാട്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് രംഗങ്ങളിലെ നിലപാട് സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ആരോപിച്ചു. ട്രോളിബാഗ് ക്യാമ്പയിന്‍ നടത്താന്‍ ഇടതു യുവജന സംഘടനകള്‍ ആലോചിക്കുന്നുണ്ട്.

ബി ജെ പി ഹവാല കടത്തിയ കേസില്‍ പ്രതിസന്ധിയില്‍ പെട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ സഹായിക്കാനാണ് സി പി എം കോണ്‍ഗ്രസ്സിനെതിരെ പാതിരാ റെയ്ഡ് നാടകം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. മന്ത്രി എം ബി രാജേഷാണ് റെയ്ഡിനു കൂട്ടുനിന്നതെന്ന ആരോപണം കടുപ്പിക്കുകയാണ് പ്രതിപക്ഷം.

പോലീസ് റെയ്ഡ് ആസൂത്രിതമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചിരുന്നു. ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. റെയ്ഡുമായി ബന്ധപ്പെട്ടു തുടര്‍നടപടികള്‍ അടുത്ത ദിവസം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. കള്ളപ്പണം ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ രാത്രി പോലീസ് പരിശോധന നടത്തിയത്. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. പരിശോധനയ്ക്കിടെ നടന്ന സംഘര്‍ഷത്തില്‍ ഹോട്ടലുടമയുടെ പരാതിയില്‍ പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

അതേസമയം, കല്‍പ്പാത്തി രഥോത്സവത്തിനും ഇന്ന് കൊടിയേറും. കല്‍പ്പാത്തി കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളില്‍ മുന്നണികളുടെ പ്രചാരണം.