Kerala
കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം, പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല; അധിക്ഷേപ പരാമര്‍ശം ആവര്‍ത്തിച്ച് കലാമണ്ഡലം സത്യഭാമ
കറുത്ത കുട്ടികള്‍ തന്റെ അടുത്ത് ഡാന്‍സ് പഠിക്കാന്‍ വന്നാല്‍ അവരോട് മത്സരിക്കാന്‍ പോകേണ്ടെന്ന് പറയുമെന്നും സൗന്ദര്യത്തിന് മാര്‍ക്ക് ഉണ്ടെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു
തിരുവനന്തപുരം | ആര്‍ എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശം ആവര്‍ത്തിച്ച് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണമെന്നും സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു. പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ഒരു കുറ്റബോധവുമില്ലെന്നും സത്യഭാമ വ്യക്തമാക്കി.
മോഹിനിയാട്ടം പുരുഷന്‍മാര്‍ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നതെന്നും സത്യഭാമ പറഞ്ഞു.
താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ല. കറുത്ത കുട്ടികള്‍ തന്റെ അടുത്ത് ഡാന്‍സ് പഠിക്കാന്‍ വന്നാല്‍ അവരോട് മത്സരിക്കാന്‍ പോകേണ്ടെന്ന് പറയുമെന്നും സൗന്ദര്യത്തിന് മാര്‍ക്ക് ഉണ്ടെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.മോഹിനിയാട്ടം അവതരിപ്പിക്കുന്നത് മോഹിനിയാവണം, മോഹനനനാവരുത്. കറുത്ത കുട്ടികള്‍ക്ക് സൗന്ദര്യമത്സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ?. ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായമാണ്. സൗന്ദര്യവും അഭിനയവും നോക്കിയാണ് കലോത്സവത്തില്‍ മാര്‍ക്കിടുന്നത്. ഒരു മത്സരത്തിന് 5000 രൂപ കൊടുത്ത് മേക്കപ്പിടുന്നത് സൗന്ദര്യം ഉണ്ടാക്കിയെടുക്കാനാണ്. നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു വാര്‍ത്തയാണ് വേണ്ടത്. ഞാന്‍ ആ അഭിമുഖത്തില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല. പിന്നെ എന്താണ് നിങ്ങളുടെ പ്രശ്‌നം. ഞാന്‍ ഇനിയും പറയും. പറഞ്ഞതില്‍ എനിക്ക് കുറ്റബോധമില്ല. ഞാന്‍ പറഞ്ഞത് സൗന്ദര്യത്തെ പറ്റിയാണ് -സത്യഭാമ പറഞ്ഞു.
ആര്‍എല്‍വി രാമകൃഷ്ണനും താനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും തനിയ്ക്ക് നീനാ പ്രസാദിന്റെയോ മേതിൽ ദേവികയുടെയോ സർട്ടിഫിക്കറ്റ് വേണ്ടെന്നും അവർ പറഞ്ഞു. ഇത്രയും ധാർഷ്ഠ്യം പാടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇത് എന്റെ വീടാണ്, മനസ്സിലായോ എന്നായിരുന്നു പ്രതികരണം.
സത്യഭാമക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി സത്യഭാമ രംഗത്തെത്തിയത്. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു രാമകൃഷ്ണനെതിരായ നേരത്തെ വീഡിയോ അഭിമുഖത്തില്‍ നടത്തിയ ആക്ഷേപം.
അതേ സമയം രാമകൃഷ്ണന് പിന്തുണയുമായി നിരവധി പേരെത്തി.സത്യഭാമയ്‌ക്കെതിരെ ചാലക്കുടിയില്‍ എംഎല്‍എ സനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.