Connect with us

സാഹിത്യം

കറുത്ത സൂര്യൻ

നൈജീരിയൻ ഗ്രാമജീവിതത്തിന്റെ സ്പന്ദനങ്ങൾ തുടിക്കുന്നവയാണ് ചിനുവ അച്ചേബെയുടെ രചനകൾ.ഒരു നാടിന്റെ സ്വത്വവും പാരമ്പര്യവും സാംസ്‌കാരികത്തനിമയും കോളനിവാഴ്‌ചയിൽ തകർക്കപ്പെടുന്നതും അതിന്റെ ഓജസ്സും വീര്യവും ഊറ്റിയെടുക്കപ്പെടുന്നതും എങ്ങനെയാണെന്ന് അദ്ദേഹത്തിന്റെ രചനകളിൽ സത്യസന്ധമായി ആവിഷ്കരിക്കുന്നുണ്ട്. ആഫ്രിക്കയിലെ ഉൾനാടൻ ജീവിതങ്ങളുടെ മുഗ്ദ്ധതയും നിഷ്കളങ്കതയും വന്യതയും മൃഗീയതയും നിഗൂഢതയുമെല്ലാം അതിന്റെ എല്ലാ തീവ്രഭാവങ്ങളോടും കൂടി വായനക്കാർക്ക് ഇവിടെ അനുഭവവേദ്യമാകുന്നു.

Published

|

Last Updated

റുപ്പിന്റെ അക്ഷരപ്പെരുമയിലേക്ക് ലോകത്തെ ആവാഹിച്ച എഴുത്തുകാരനാണ് ചിനുവ അച്ചേബെ. അപരിഷ്കൃതവും വന്യവുമെന്ന് ഒരു കാലഘട്ടം വരെ പരക്കെ വിശ്വസിച്ചിരുന്ന ഇരുണ്ട ഭൂഖണ്ഡത്തിലെ സർഗചോദനകളെ ലോകത്തിനു വെളിപ്പെടുത്തിയ പ്രതിഭാശാലിയാണ് അദ്ദേഹം. അന്യാദൃശമായ രചനാപാടവംകൊണ്ട് ആഫ്രിക്കയുടെ അക്ഷരപൈതൃകത്തെ സമ്പന്നമാക്കിയ എഴുത്തുകാരനായിരുന്നു അച്ചേബെ. ആഫ്രിക്കൻ സാഹിത്യത്തിന്റെ പിതാവ് എന്നാണ് സഹൃദയലോകം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

1930 നവംബർ 16ന് കിഴക്കൻ നൈജീരിയയിലെ ഒരു കുഗ്രാമത്തിൽ ജനിച്ച അച്ചേബെ ചെറുപ്പം മുതലേ അക്ഷരങ്ങളെ സ്നേഹിച്ചിരുന്നു. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ അദ്ദേഹം കഥകൾ എഴുതിത്തുടങ്ങി. ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെയുള്ള തന്റെ നാടിന്റെ കടുത്ത പോരാട്ടങ്ങൾ അച്ചേബെയുടെ ബാല്യ കൗമാരങ്ങളെ തീക്ഷ്‌ണമാക്കി. ആ പോരാട്ടങ്ങളുടെ ചൂടിലാണ് അദ്ദേഹം തന്റെ രചനകളെ പാകപ്പെടുത്തിയത്.

നോവലിസ്റ്റ്, കഥാകൃത്ത്, കവി, ഉപന്യാസകാരൻ, നിരൂപകൻ, നാടകകൃത്ത് എന്നിങ്ങനെ സാഹിത്യത്തിന്റെ എല്ലാ രംഗങ്ങളിലും നിറഞ്ഞുനിന്ന എഴുത്തുകാരനാണ് ചിനുവ അച്ചേബെ. എങ്കിലും ലോകമെമ്പാടുമുള്ള വായനക്കാർക്കിടയിൽ അച്ചേബെ വിഖ്യാതനായത് നോവലുകളിലൂടെയാണ്. നോവലുകളിൽ ഏറെ വിഖ്യാതമായ Things Fall Apart അറുപതോളം വ്യത്യസ്തഭാഷകളിലായി ഒരു കോടിയിലധികം കോപ്പികളാണ് പുറത്തിറങ്ങിയത്. വായനയുടെയും പ്രസാധനത്തിന്റെയും ചരിത്രത്തിലെ എക്കാലത്തേയും വലിയ വിസ്മയങ്ങളിലൊന്നായാണ് ഈ കൃതിയെ സാഹിത്യലോകം പരിഗണിക്കുന്നത്.

ആഫ്രിക്കയിലെ ബ്രിട്ടീഷ് അധിനിവേശവും അതിനെതിരെ തദ്ദേശീയരായ ജനലക്ഷങ്ങൾ നടത്തിയ രക്തരൂഷിതമായ പോരാട്ടങ്ങളുമാണ് ഈ നോവലിന്റെ മുഖ്യപ്രമേയമായി വരുന്നത്. കോളനിവത്കരണവും പാരമ്പര്യവും തമ്മിലുള്ള സംഘട്ടനങ്ങൾ ആവിഷ്കരിക്കുന്നതിനൊപ്പം തന്റെ മാതൃരാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും വായനക്കാരുമായി പങ്കുവെക്കുകയാണ് അച്ചേബെ ഈ നോവലിൽ.

ഒകോൻക്വോ എന്ന ചെറുപ്പക്കാരനാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നൈജീരിയയുടെ പരമ്പരാഗത ഗ്രാമീണതയുടെ ജ്വലിക്കുന്ന പ്രതീകമാണ് അയാൾ. മൃഗീയവും പ്രാകൃതവുമായ എല്ലാ ആചാരാനുഷ്ഠാനങ്ങളുടെയും കടുത്ത ആരാധകനാണ് ഒകോൻക്വോ. ബ്രിട്ടീഷ് കുതന്ത്രങ്ങളിൽ വഞ്ചിതരായ തന്റെ ജനതയെ രക്ഷിക്കാൻ പക്ഷെ എത്ര പോരാട്ടങ്ങൾ നടത്തിയിട്ടും അയാൾക്ക് കഴിയുന്നില്ല. അവസാനം അയാൾ തന്നെ വെള്ളക്കാരുടെ പിടിയിലാകുന്നു. തന്റെ വർഗശത്രുക്കളുടെ ക്രൂരവിചാരണയിൽനിന്നും ഒരിക്കലും രക്ഷപ്പെടുവാൻ കഴിയില്ലെന്ന സത്യം മനസ്സിലാക്കുമ്പോൾ അയാൾ ആത്മഹത്യയിൽ അഭയം തേടുകയാണ്.

കടുത്ത ആക്ഷേപഹാസ്യം തുളുമ്പുന്ന A Man of the People, പട്ടാള അട്ടിമറിയുടെ കഥ പറയുന്ന Anthills of the Savannah എന്നിവയാണ് അച്ചേബെയുടെ മറ്റു രണ്ട് പ്രധാന നോവലുകൾ. ഇവ കൂടാതെ Arrow of God, No Longer At Ease, Home and Exile, Hopes and Impediments എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ട രചനകൾ തന്നെ. നൈജീരിയൻ ഗ്രാമജീവിതത്തിന്റെ സ്പന്ദനങ്ങൾ തുടിക്കുന്നവയാണ് ഇവയെല്ലാം. ഒരു നാടിന്റെ സ്വത്വവും പാരമ്പര്യവും സാംസ്‌കാരികത്തനിമയും കോളനിവാഴ്‌ചയിൽ തകർക്കപ്പെടുന്നതും അതിന്റെ ഓജസ്സും വീര്യവും ഊറ്റിയെടുക്കപ്പെടുന്നതും എങ്ങനെയാണെന്ന് ഈ രചനകളിൽ സത്യസന്ധമായിതന്നെ ആവിഷ്കരിക്കുന്നുണ്ട്.

ആഫ്രിക്കയിലെ ഉൾനാടൻ ജീവിതങ്ങളുടെ മുഗ്ദ്ധതയും നിഷ്കളങ്കതയും വന്യതയും മൃഗീയതയും നിഗൂഢതയുമെല്ലാം അതിന്റെ എല്ലാ തീവ്രഭാവങ്ങളോടും കൂടി വായനക്കാർക്ക് ഇവിടെ അനുഭവവേദ്യമാകുന്നു.

ബഹുമുഖപ്രതിഭയായ എഴുത്തുകാരൻ, ധിഷണാശാലിയായ അദ്ധ്യാപകൻ, കറകളഞ്ഞ രാജ്യസ്നേഹി, സർവോപരി ഹൃദയത്തിൽ നന്മയും മാനവികതയും കാത്തുസൂക്ഷിച്ച നല്ലൊരു മനുഷ്യൻ – ഇതൊക്കെയായിരുന്നു ചിനുവ അച്ചേബെ. സരളവും മാസ്മരികവുമായ ഭാഷ, ഋജുവായ ആഖ്യാനശൈലി എന്നിവ അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷതകളാണ്. ആഫ്രിക്കയുടെ തനത് പാരമ്പര്യത്തിന്റെയും തദ്ദേശീയ സംസ്കൃതിയുടെയും കാവൽക്കാരനായിരുന്നു അച്ചേബെ. ഈ കറുത്ത സൂര്യൻ 2013 മാർച്ച്‌ 21 ന് അസ്തമിച്ചു.

Latest