KALAMASSERY EXPLOSION
സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റ് തൃശൂരില്‍ ഒരാള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി
സ്‌ഫോടനം സംബന്ധിച്ച അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കും

തിരുവനന്തപുരം | കളമശ്ശേരിയില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനത്തില്‍ പങ്കാളിത്തമുള്ള ആള്‍ എന്ന നിലയില്‍ ഒരാള്‍ തൃശൂരില്‍ കീഴടങ്ങിയതായി സൂചന. ഉച്ചക്ക് ഒന്നരയോടെയാണ് ഇയാള്‍ കൊടകര പോലീസില്‍ നേരിട്ടെത്തി കീഴടങ്ങിയത്. സംശയാസ്പദ സാഹരചര്യത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ ഗുജറാത്ത് സ്വദേശിയാണ്.
ഇയാളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വല്ല മാനസിക പ്രശ്‌നങ്ങളും ഉള്ള ആളാണോ ഇയാള്‍ എന്നും പരിശോധിക്കുന്നു. സംഭവസ്ഥലത്തുനിന്നു ഉടനെ പുറത്തുപോയ ഒരു നീല കാറിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സ്‌ഫോടനം സംബന്ധിച്ച അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കും. അന്വേഷണത്തിനായി ഡല്‍ഹിയില്‍ നിന്ന് അഞ്ചംഗ സംഘം കൊച്ചിക്ക് എത്തും. ടിഫിന്‍ ബോക്‌സിന്‍ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം. ഐ ഇ ഡിയുടെ (ഇംപ്രുവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) അവശിഷ്ടങ്ങള്‍ കണ്ടെത്തി.
കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്നു രാവിലെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ പലരുടെയും നില ഗുരുതരമാണ്. സ്‌ഫോടനമുണ്ടാകുമ്പോള്‍ ഏകദേശം 2,400 പേര്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സ്‌ഫോടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.
35 പേരാണ് നിലവില്‍ ചികിത്സ തേടിയത്. ഏഴ് പേര്‍ ഐ സി യുവിലാണ്. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി.