National
പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; ഉടമകള്‍ അറസ്റ്റില്‍
രാജേഷ് അഗര്‍വാള്‍, സോമേഷ് അഗര്‍വാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഹര്‍ദ| മധ്യപ്രദേശിലെ ഹര്‍ദ ജില്ലയില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ രണ്ട് ഫാക്ടറി ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. രാജേഷ് അഗര്‍വാള്‍, സോമേഷ് അഗര്‍വാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂരില്‍ നിന്നാണ് ഉടമകളെ അറസ്റ്റ് ചെയ്തത്.
പടക്ക നിര്‍മാണശാലയിലെ സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 179 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. സംഭവത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും പോലീസ് പറഞ്ഞു. ഫാക്ടറിയുടെ മാനേജരായ റഫീഖ് ഖാന്‍ എന്ന ആളെകൂടി കസ്റ്റഡിയിലെടുത്തതായും ഹര്‍ദ പോലീസ് സൂപ്രണ്ട് സഞ്ജീവ് കാഞ്ചന്‍ കൂട്ടിച്ചേര്‍ത്തു.
ഭോപ്പാലില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയുള്ള ഹര്‍ദയിലെ പ്രാന്തപ്രദേശത്തുള്ള മഗര്‍ധ റോഡിലെ ബൈരാഗര്‍ പ്രവിശ്യയിലെ പടക്ക നിര്‍മ്മാണശാലയില്‍ ചൊവ്വാഴ്ച രാവിലെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.