Kerala
തൃശൂരിൽ വെടിക്കെട്ടുശാലയിൽ സ്ഫോടനം; വെടിക്കെട്ടുപുര കത്തിനശിച്ചു
ഗുരുതര പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശൂർ | കുമ്പളങ്ങാട് തൃശൂരിൽ വെടിക്കെട്ടുശാലയിൽ സ്ഫോടനത്തെ തുടർന്ന് വെടിക്കെട്ടുപുര കത്തിനശിച്ചു. തൊഴിലാളിയായ യുവാവിന് ഗുരുതര പരുക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരുക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാലയിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. സാധാരണയിൽ സംഭവ സമയത്ത് നിരവധി പേർ ഈ ശാലയിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാൽ, പണി കഴിഞ്ഞ് തൊഴിലാളികൾ കുളിക്കാൻ പോയതായിരുന്നതായാണ് വാർഡംഗം മാധ്യമങ്ങളോട് പറഞ്ഞത്.
പുഴക്കൽ സുന്ദരേഷൻ്റെ വെടിപ്പുരയിലാണ് സ്ഫോടനം നടന്നത്. ഇതിന് സമീപത്തായി നിരവധി വെടിക്കെട്ടുപുരകൾ കൂടി ഉണ്ടായിരുന്നു. 10 കിലോ മീറ്റർ വരെ ദൂരത്തിൽ സ്ഫോടനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഇതേതുടർന്ന് ആളുകൾ വീടുകളിൽ നിന്നും മറ്റും ഇറങ്ങിയോടി. രണ്ട് തവണ സ്ഫോടനമുണ്ടായി എന്നാണ് പ്രദേശവാസികൾ പറയുന്നത്.
പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. ഇതുകൊണ്ടു തന്നെ പ്രദേശത്തെക്ക് ആളുകൾ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞിരിക്കുകയാണ്.