Connect with us

International

പാകിസ്താനിലെ ക്വറ്റയില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു

സ്‌ഫോടനത്തില്‍ 46 പേര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

ലാഹോര്‍| പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 46 പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ചയാണ് സ്‌ഫോടനമുണ്ടായത്.

ചാവേര്‍ സ്‌ഫോടനമാണ് ഉണ്ടായതെന്ന് സംശയിക്കുന്നതായി സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് മുഹമ്മദ് ബലോച് പറഞ്ഞു. സ്‌ഫോടനമുണ്ടാവുമ്പോള്‍ നൂറോളം പേര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നുവെന്നാണ് സംശയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്വറ്റയിലെ റെയില്‍വേ സ്റ്റേഷനില്‍ ജാഫര്‍ എക്‌സ്പ്രസ് പെഷവാറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ തടിച്ചുകൂടിയിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം സംബന്ധിച്ച് ഇപ്പോള്‍ സ്ഥിരീകരണം നല്‍കാനാവില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് വ്യക്തമാക്കി.

റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലാണ് സ്‌ഫോടനമുണ്ടായതെന്ന് ഏദി റെസ്‌ക്യു സര്‍വീസ് തലവന്‍ ഷീസ്ഹാന്‍ പറഞ്ഞു. പോലീസും സുരക്ഷാസേനയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് ബലൂചിസ്താന്‍ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്‍ഡ് പറഞ്ഞു. പ്രദേശത്ത് ബോംബ് സ്‌ക്വാഡ് ഉള്‍പ്പടെ എത്തി പരിശോധന നടത്തുന്നുണ്ട്.

പരുക്കേറ്റവരെ കൈകാര്യം ചെയ്യാന്‍ അധിക മെഡിക്കല്‍ സ്റ്റാഫിനെ വിളിച്ചുവരുത്തിയ ആശുപത്രിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചു, അടിയന്തര അന്വേഷണത്തിന് അദ്ദേഹം ഉത്തരവിടുകയും ചെയ്തു.

 

 

 

 

Latest