National
തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഛത്തിസ്ഗഢിൽ സ്ഫോടനം; ഒരു കോൺസ്റ്റബിളിനും രണ്ട് പോളിംഗ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു
ഛത്തീസ്ഗഢിൽ പോളിംഗ് നടക്കുന്നതിന് ഒരു ദിവസം മുമ്പാണ് സംഭവം.
കങ്കർ | നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഛത്തീസ്ഗഢിലെ കങ്കറിൽ ഐ ഇ ഡി സ്ഫോടനത്തിൽ ഒരു ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്) കോൺസ്റ്റബിളിനും രണ്ട് പോളിംഗ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. പ്രകാശ് ചന്ദ് എന്ന കോൺസ്റ്റബിളിനാണ് പരുക്കേറ്റത്. കാലുകൾക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ഛോട്ടേപേത്തിയയിലെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പോളിംഗ് ഉദ്യോഗസ്ഥരുടെ പരുക്ക് സാരമുള്ളതല്ല.
ബിഎസ്എഫിന്റെയും ജില്ലാ സേനയുടെയും സംയുക്ത സംഘം പോളിംഗ് ഉദ്യോഗസ്ഥരെയുമായി ക്യാമ്പ് മാർബേഡയിൽ നിന്ന് റെംഗഘട്ടി രെംഗഗൊണ്ടി പോളിംഗ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് സ്‌ഫോടനം നടന്നത്. മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്.
ഛത്തീസ്ഗഢിൽ പോളിംഗ് നടക്കുന്നതിന് ഒരു ദിവസം മുമ്പാണ് സംഭവം. 90 അംഗ നിയമസഭയിൽ നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബറിൽ നടക്കും.