National
കോടതി സമുച്ചയത്തിലെ സ്‌ഫോടനം; ലുധിയാന നഗരത്തില്‍ നിരോധനാജ്ഞ
അമൃത്സര്‍ | പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിരോധനാജ്ഞ. ലുധിയാന നഗരത്തില്‍ സുരക്ഷാ പരിശോധന ശക്തമാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപത്തായാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ശുചിമുറി പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസ് കെട്ടിടം പൂര്‍ണമായി ഒഴിപ്പിച്ചു. എന്‍ ഐ എ, ഫോറന്‍സിക് സംഘങ്ങള്‍ പരിശോധന നടത്തി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നിയും ഉപ മുഖ്യമന്ത്രി എസ് എസ് രണ്‍ധാവായും സംഭവസ്ഥലം സന്ദര്‍ശിച്ചു.