Connect with us

up bjp

യു പി ബി ജെ പിയില്‍ പൊട്ടിത്തെറി; യോഗിക്കെതിരെ പടയൊരുക്കം

ബുള്‍ഡോസര്‍ നയത്തിനെതിരെ ശബ്ദമുയരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ സംസ്ഥാന ബി ജെ പിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങി.
പോരു കനത്തതോടെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി നരേന്ദ്ര മോദിയെയും ജെ പി നദ്ദയെയും നേരില്‍ കണ്ട് രാജി സന്നദ്ധത അറിയിച്ചു. തത്കാലം പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് വിമതരോട് കേന്ദ്ര നേതൃത്വം അഭ്യര്‍ഥിച്ചു.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിലാണ് യോഗിക്കെതിരായ പടയൊരുക്കം നടക്കുന്നത്. യോഗി ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നുവെന്നതടക്കമുള്ള പരാതിയാണ് ഇവര്‍ ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാര്‍ട്ടിക്കെതിരായിരുന്നുവെന്ന വിമര്‍ശനം നേരത്തെ നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.

അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് കാരണമെന്നാണ് യോഗി ആദിത്യനാഥ് ലക്‌നൗവില്‍ നടന്ന വിശാല നേതൃയോഗത്തില്‍ പറഞ്ഞത്. എന്നാല്‍ യോഗിയുടെ ബുള്‍ഡോസര്‍ നയം തിരിച്ചടിയായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിമര്‍ശനം ശക്തമായതിന് പിന്നാലെ ല്കനൗവിലെ നദീതീരത്തെ ആയിരം വീടുകള്‍ പൊളിച്ചുനീക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് റദ്ദാക്കിയിരുന്നു. യോഗിയെ മാറ്റി ഒബിസി വിഭാഗത്തില്‍ നിന്നൊരാളെ മുഖ്യമന്ത്രിയാക്കണം എന്ന നിലപാട് പാര്‍ട്ടിയില്‍ ശക്തിപ്പെടുന്നുണ്ട്.