Kerala
പെരുമ്പുഴയില്‍ കെട്ടിടത്തിനകത്തെ സ്ഫോടനം: പരുക്കേറ്റ അസം സ്വദേശി മരിച്ചു
അസം ഉടല്‍ഗുരിയില്‍ സോനാ ജൂലിയില്‍ ഗണേശ് ഗൗറാണ് (28) മരിച്ചത്. ഗണേശ് ഗൗര്‍ താമസിച്ചിരുന്ന മുറിയില്‍ ഞായറാഴ്ച രാത്രി 9.15ഓടെയാണ് ഉഗ്രസ്ഫോടനം ഉണ്ടായത്.
പത്തനംതിട്ട | റാന്നി പെരുമ്പുഴ ടൗണില്‍ സ്ഫോടനം ഉണ്ടായ കെട്ടിടത്തിലെ മുറിയില്‍ ഉണ്ടായിരുന്ന അസം സ്വദേശി മരിച്ചു. അസം ഉടല്‍ഗുരിയില്‍ സോനാ ജൂലിയില്‍ ഗണേശ് ഗൗറാണ് (28) മരിച്ചത്. ഗണേശ് ഗൗര്‍ താമസിച്ചിരുന്ന മുറിയില്‍ ഞായറാഴ്ച രാത്രി 9.15ഓടെയാണ് ഉഗ്രസ്ഫോടനം ഉണ്ടായത്.
മുറിയിലുണ്ടായിരുന്ന ഗണേശ് ഗൗറിനു ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാവുകയായിരുന്നു. ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ച ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് നീക്കി. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഗണേശ് ഇന്നലെ മരിച്ചു.
റാന്നി പോലീസ് സ്റ്റേഷനു സമീപം ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിലുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് സ്ഫോടനം നടന്നത്. മുറിയുടെ കതക് കഷ്ണങ്ങളായി പിളര്‍ന്ന് എതിര്‍ദിശയില്‍ 50 മീറ്ററിലധികം ദൂരത്തുള്ള ഹെഡ് പോസ്റ്റ് ഓഫീസിന്റെ സമീപത്തെ കെട്ടിടത്തിനു മുകളിലും താഴെ റോഡിലേക്കും തെറിച്ചു വീണു. മുറിയില്‍ ഉണ്ടായിരുന്ന ഗ്യാസ് അടുപ്പിനും സിലിണ്ടറിനും കേടുപാടുകളില്ലെങ്കിലും ഗ്യാസ് ലീക്കായതാകും സ്ഫോടനത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. ഭക്ഷണം തയാറാക്കുന്നതിനായി ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നാണ് ഗണേശ് ഗൗര്‍ പോലീസിനു നല്‍കിയ മൊഴി.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഇയാളില്‍ നിന്ന് വിവരശേഖരണത്തിന് പോലീസ് ശ്രമിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ ഗണേശ് മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ.
നാടിനെ നടുക്കിയ സ്ഫോടനം
തിരക്കേറിയ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയോരത്തെ കെട്ടിടത്തിലാണ് ഞായറാഴ്ച രാത്രി അത്യുഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. കെട്ടിടത്തിന്റെ ജനല്‍പാളികളും കതകിന്റെ ഭാഗങ്ങളും തെറിച്ച് റോഡിലേക്ക് വരെ എത്തിയതോടെ ആളുകള്‍ ഭയന്നു. സമീപത്തെ പോലീസ് സ്റ്റേഷനിലും ശബ്ദം കേട്ടു. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.
പൊള്ളലേറ്റ് ഗണേശ് ഗൗറിനെ ആശുപത്രിയിലേക്കു നീക്കിയ ശേഷം മുറി പൂട്ടി പോലീസ് സീല്‍ ചെയ്തിരുന്നു. ഗണേഷ് ഗൗര്‍ കഴിഞ്ഞ മൂന്നുമാസമായി റാന്നി മാമുക്കിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന വിളയില്‍ ട്രേഡിങ് കമ്പനി എന്ന ടയര്‍ കടയില്‍ ജോലി നോക്കിവരികയായിരുന്നു. ഈ കടയില്‍ ജോലിക്ക് എത്തുന്നതിനു മുമ്പ് കോട്ടയം ഏറ്റുമാനൂരില്‍ ഉള്ള ടയറുകടയില്‍ ജോലിചെയ്തിരുന്നു. ഞായറാഴ്ച ടയര്‍ കടയ്ക്ക് അവധിയായതിനാല്‍ ഗണേശ് ഗൗര്‍ കോട്ടയത്ത് പോയി തിരികെ റൂമിലെത്തിയ ശേഷം ഭക്ഷണം പാചകം ചെയ്യാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പറയുന്നു.
കെട്ടിട ഉടമയായ കുര്യാക്കോസിന്റെ മൊഴിയെടുത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റാന്നി പോലീസ് ഇന്‍പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ മനോജ്, കൃഷ്ണന്‍കുട്ടി, സി പി ഒ. എല്‍ ടി ലിജു എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.