Connect with us

isl final

ഫറ്റോർഡയിൽ കേരളത്തിൻ്റെ പ്രതീക്ഷകൾ വീണുടഞ്ഞു; ഐ എസ് എൽ കന്നിക്കിരീടമുയർത്തി ഹൈദരാബാദ്

പെനാൽറ്റി ഷൂട്ടൗട്ടിൽ 3- 1 എന്ന സ്കോറിനാണ് ഹൈദരാബാദ് എഫ് സി വിജയിച്ചത്.

Published

|

Last Updated

ഫറ്റോര്‍ഡ | ഫറ്റോർഡ സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ ഫുട്ബോൾപ്രേമികൾക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രതീക്ഷകൾ വീണുടഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിൽ 3- 1 എന്ന സ്കോറിനാണ് ഹൈദരാബാദ് എഫ് സി വിജയിച്ചത്. ഐ എസ് എൽ കിരീടത്തിനായി കേരളം ഇനിയും കാത്തിരിക്കണം. ഹൈദരാബാദിൻ്റെ ജാവോ വിക്ടർ, ഖാസ്സ കമറ, ഹലി ചരൺ എന്നിവരാണ് ഷൂട്ടൗട്ടിൽ ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സിൻ്റെ ആയുഷ് അധികാരിയാണ് ഷൂട്ടൗട്ടിൽ ഏക ഗോൾ നേടിയത്. ആദ്യ ഷോട്ടെടുത്ത ലസ്കോവിച്ചിൻ്റെയും രണ്ടാം ഷോട്ടെടുത്ത നിഷു കുമാറിൻ്റെയും നാലാം ഷോട്ടെടുത്ത ജീക്സൺ സിംഗിൻ്റെയും കിക്കുകൾ ഹൈദരാബാദ് ഗോളി തടഞ്ഞു. 2019- 20 സീസണിൽ അരങ്ങേറ്റം കുറിച്ച ഹൈദരാബാദ് കേവലം മൂന്ന് വർഷത്തിനുള്ളിൽ ചാമ്പ്യന്മാരായത് ചരിത്രമായി.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില നേടിയപ്പോൾ കളി അധിക സമയത്തേക്ക് നീളുകയായിരുന്നു. അധിക സമയത്തും സമനില പൊളിയാതിരുന്നതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 87ാം മിനുട്ടിൽ സാഹിൽ തവോരയാണ് ഹൈദരാബാദിന് വേണ്ടി സമനില ഗോൾ നേടിയത്. ഇതോടെ കലാശപ്പോര് അധിക സമയത്തേക്ക് നീങ്ങി. 68ാം മിനുട്ടിലായിരുന്നു രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് ഗോള്‍. രണ്ടാം പകുതിയില്‍ ഹൈദരാബാദ് നേരിയ മേധാവിത്വം പുലര്‍ത്തിയെങ്കിലും കിട്ടിയ അവസരം രാഹുല്‍ മുതലാക്കുകയായിരുന്നു.

ആദ്യ പകുതി ഗോള്‍രഹിത സമനിലയിലായിരുന്നു. പന്തടക്കത്തിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബ്ലാസ്‌റ്റേഴ്‌സ് ആയിരുന്നു ആദ്യ പകുതിയില്‍ മുന്നില്‍. ലൂണയും വാസ്‌കസും ഡയസുമെല്ലാം ഹൈദരാബാദിന്റെ ഗോള്‍മുഖത്തേക്ക് പലകുറി ഇരമ്പിവന്നു. മറുഭാഗത്ത് ബര്‍തൊലോമ്യോ ഒഗ്‌ബെച്ചെക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾവല കാക്കുന്ന പ്രഭ്സുഖൻ ഗില്ലും നിർണായക സേവുകൾ നടത്തി രക്ഷകനായി.

അഞ്ചാം മിനുട്ടില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ സന്ദീപ് സിംഗിന് മഞ്ഞക്കാര്‍ഡ് ലഭിച്ചത് നാണക്കേടായി. കളിയിലെ ആദ്യ മഞ്ഞക്കാര്‍ഡ് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തിന് ലഭിച്ചത്. 18ാം മിനുട്ടില്‍ അല്‍വാരോ വാസ്‌കസിന് സുന്ദരമായ ഗോളവസരം ലഭിച്ചെങ്കിലും ശ്രമം വിഫലമായി. 30ാം മിനുട്ടില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഹൈദരാബാദിന്റെ ഗോള്‍മുഖത്തേക്ക് ബോക്‌സിന് പുറത്തുനിന്ന് നല്ലൊരു കിക്കെടുത്തെങ്കിലും കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമാണി പന്ത് കൈപ്പിടിയിലൊതുക്കി.

37ാം മിനുട്ടില്‍ ഒഗ്‌ബെച്ചെയും ജോയല്‍ ചിയാനീസും നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും ഫലവത്തായില്ല. 39ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണാവസരം ലഭിച്ചിരുന്നു. വാസ്‌കസിന്റെ ഷോട്ട് പോസ്റ്റിന്റെ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. തിരിച്ചുവന്ന ബാള്‍ രാഹുല്‍ തട്ടിയിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.