Connect with us

Ongoing News

അച്ചടക്ക നടപടിയില്‍ ബ്ലാസ്റ്റേഴ്‌സ്‌ അപ്പീല്‍ നല്‍കി

കോച്ച് ഇവാന്‍ വുകുമനോവിച്ചിന് അഞ്ചു ലക്ഷം രൂപ പിഴയും 10 മത്സരങ്ങളില്‍ നിന്ന് വിലക്കും ടീമിന് 4 കോടി പിഴയും വിധിച്ചിരുന്നു.

Published

|

Last Updated

കൊച്ചി | ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ബംഗളുരു എഫ് സിക്കെതിരായ മത്സരത്തിലെ വിവാദത്തെ തുടർന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷൻ വിധിച്ച  അച്ചടക്ക നടപടിക്കെതിരെ അപ്പീല്‍ നല്‍കി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. എ ഐ എഫ് എഫിന്റെ അപ്പീല്‍ കമ്മിറ്റിയിലാണ് ക്ലബ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.  പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാകുന്നതിനു മുമ്പ് താരങ്ങളെ പിന്‍വലിച്ച സംഭവത്തിലാണ് ബ്ലാസ്റ്റേഴ്സ് നടപടി നേരിട്ടത്.

സംഭവത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനും കോച്ച് ഇവാന്‍ വുകുമനോവിച്ചിനെതിരെ കടുത്ത നടപടിയാണ് ഫെഡറേഷന്‍ സ്വീകരിച്ചിരുന്നത്. അഞ്ചു ലക്ഷം രൂപ പിഴയും 10 മത്സരങ്ങളില്‍ നിന്ന് വിലക്കും വുകുമനോവിച്ചിന് ഏര്‍പ്പെടുത്തിയ എ ഐ എഫ് എഫ് കേരളാ ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴയും വിധിച്ചിരുന്നു.

അതോടൊപ്പം, സംഭവത്തില്‍ പരസ്യമായി മാപ്പു പറയാനും അല്ലാത്ത പക്ഷം രണ്ടു കോടി രൂപ കൂടി അധികമായി പിഴ നൽകണമെന്നും എ ഐ എഫ് എഫ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ക്ലബും കോച്ചും കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നടപടിക്കെതിരേ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ഐ എസ് എല്‍ പ്ലേ ഓഫിലെ ആദ്യ എലിമിനേറ്റര്‍ മത്സരം പൂര്‍ത്തിയാക്കാതെ ടീമിനെ പിന്‍വലിച്ചതിനാണ് നടപടി. അന്ന് അധിക സമയത്തേക്കു നീണ്ട മത്സരത്തില്‍ എതിരാളികളായ ബംഗളുരു എഫ് സി ഗോളടിച്ചതിന് പിന്നാലെയാണ് വുകുമനോവിച്ച് ടീമിനെ പിന്‍വലിച്ചത്.

ബംഗളുരുവിന് ലഭിച്ച ഫ്രീകിക്ക് പ്രതിരോധിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരുങ്ങുന്നതിനിടെ ബംഗളുരു നായകന്‍ സുനില്‍ ഛേത്രി അപ്രതീക്ഷിതമായി കിക്കെടുക്കുകയായിരുന്നു. എന്നാല്‍, ഈ ഗോള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് തര്‍ക്കിച്ച ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ വാദം റഫറി ചെവിക്കൊണ്ടില്ല. ഇതോടെയാണ് വുകുമനോവിച്ച് ടീമിനെ പിന്‍വലിച്ചത്.

പിന്നീട് മാച്ച് റഫറിയടക്കമുള്ളവര്‍ ചര്‍ച്ച നടത്തിയെങ്കിലും വീണ്ടും കളത്തിലിറങ്ങാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ തയ്യാറായില്ല. ഈ സംഭവത്തിലാണ് എ ഐ എഫ് എഫ് അച്ചടക്ക നടപടി സ്വീകരിച്ചത്. ബംഗളുരു നേടിയ ഗോള്‍ നിയമവിരുദ്ധമാണെന്ന് ബ്ലാസ്‌റ്റേഴ്‌സ് വാദിച്ചെങ്കിലും എ ഐ എഫ് എഫ് അത് തള്ളിക്കളയുകയായിരുന്നു.