Ongoing News
ചെന്നൈയിനോട് സമനില പൊരുതി നേടി ബ്ലാസ്‌റ്റേഴ്‌സ്
ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് വിലപ്പെട്ട ഒരു പോയിന്റ് പിടിച്ചെടുത്തത്.
കൊച്ചി | കേരള ബ്ലാസ്‌റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ് സി മത്സരത്തില്‍ ആവേശ സമനില. മൂന്ന് ഗോള്‍ വീതമാണ് ഇരു ടീമുകളും നേടിയത്. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് വിലപ്പെട്ട ഒരു പോയിന്റ് പിടിച്ചെടുത്തത്. ഇതോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 17 പോയിന്റാണ് ടീമിനുള്ളത്.
മത്സരം തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ കേരളത്തെ ഞെട്ടിച്ച് ഗോള്‍ നേടി. ഫ്രീ കിക്കില്‍ നിന്ന് റഹിം അലിയാണ് സ്‌കോര്‍ ചെയ്തത്. ഒമ്പതാം മിനുട്ടില്‍ ദിമിത്രിയോസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില നേടി. 13-ാം മിനുട്ടില്‍ ചെന്നൈയിനിന് ലഭിച്ച പെനാള്‍ട്ടി മുറെ മനോഹരമായി ലക്ഷ്യത്തിലെത്തിച്ചു. 24-ാം മിനുട്ടില്‍ മുറെ വീണ്ടും പന്ത് ബ്ലാസ്റ്റേഴ്‌സ് വലയിലാക്കി (3-1). 38-ാം മിനുട്ടില്‍ ബോക്‌സിന് പുറത്തു നിന്ന് പെപ്ര തൊടുത്ത ഷോട്ടിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോള്‍ കൂടി മടക്കി (2-3).
സമനില പിടിക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ ശ്രമങ്ങള്‍ക്ക് 59-ാം മിനുട്ടില്‍ ഫലം കണ്ടു. ബോക്‌സിന് പുറത്ത് നിന്ന് ദിമിത്രിയോസിന്റെ കാലില്‍ നിന്ന് പറന്ന കനത്ത ഷോട്ട് ചെന്നൈയിന്‍ ഗോളിയെ നിസ്സഹായനാക്കി വലയില്‍ വിശ്രമിച്ചു (3-3).
പോയിന്റ് പട്ടികയില്‍ 16 പോയിന്റുമായി ഗോവയാണ് രണ്ടാം സ്ഥാനത്ത്. ബ്ലാസ്‌റ്റേഴ്‌സ് എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഗോവ ആറ് മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. അഞ്ച് വിജയം, രണ്ട് സമനില, ഒരു തോല്‍വി എന്നിങ്ങനെയാണ് കേരളത്തിന്റെ അക്കൗണ്ടിലുള്ളത്. ഗോവക്ക് അഞ്ച് വിജയവും ഒരു സമനിലയുമുണ്ട്. കളിച്ച നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്റ് നേടിയ എ ടി കെ മോഹന്‍ബഗാനാണ് മൂന്നാം സ്ഥാനത്തുള്ളത്.