Ongoing News
വിവാദ ഗോളില്‍ കളം വിട്ട് ബ്ലാസ്റ്റേഴ്‌സ്; ഐ എസ് എലില്‍ നാടകീയ രംഗങ്ങള്‍
ബെംഗളൂരുവിന് അനുവദിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്സ് വലയില്‍ പതിച്ചു. എന്നാല്‍, തങ്ങള്‍ തയാറെടുക്കും മുമ്പാണ് കിക്കെടുത്തതെന്നാണ് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആരോപണം.
ബെംഗളൂരു | ഐ എസ് എലിലെ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ് സി പ്ലേ ഓഫ് മത്സരത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. മത്സരം പൂര്‍ത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് കളം വിട്ടു. വിവാദ ഗോളിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മൈതാനം വിട്ടത്.
ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അധിക സമയത്തെ ആറാം മിനുട്ടില്‍ ബെംഗളൂരുവിന് അനുവദിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്സ് വലയില്‍ പതിച്ചു. എന്നാല്‍, തങ്ങള്‍ തയാറെടുക്കും മുമ്പാണ് കിക്കെടുത്തതെന്നാണ് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആരോപണം. പ്രതിഷേധത്തിന്റെ ഭാഗമായി താരങ്ങള്‍ ബാക്കി സമയത്തെ കളി ബഹിഷ്‌കരിക്കുകയായിരുന്നു.
96ാം മിനുട്ടില്‍ ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെടുത്ത ഫ്രീ കിക്കാണ് ഗോളായത്. ബ്ലാസ്റ്റേഴ്‌സിന്റെ ബോക്‌സിന് പുറത്തു നിന്ന് ഛേത്രി അതിവേഗം കിക്കെടുക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയ്യാറായിരുന്നില്ല. ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍സിംഗ് ഗില്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ബോക്സിന് മുന്നിലെത്തിയ വേളയിലാണ് പന്ത് വലയില്‍ കയറിയത്. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെങ്കിലും ഗോള്‍ പിന്‍വലിക്കാന്‍ റഫറി തയ്യാറായില്ല. വിസില്‍ മുഴക്കിയിരുന്നുവെന്നാണ് റഫറിയുടെ വാദം. തുടര്‍ന്ന് പരിശീലകന്‍ ഇവാന്‍ വുകോമനോവിച് ടീമിനെ തിരിച്ചുവിളിച്ചു. ബെംഗളൂരു എഫ് സി താരങ്ങള്‍ മൈതാനത്ത് തുടര്‍ന്നു.
ഏറെ സമയത്തെ അനിശ്ചിതത്വത്തിനൊടുവില്‍ മാച്ച് ഒഫീഷ്യലുകളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ, ബെംഗളൂരു സെമിയിലെത്തി. സെമിയില്‍ മുംബൈ സിറ്റിയാണ് ബെംഗളൂരുവിന്റെ എതിരാളി.