Kerala
മിഖായേല്‍ സ്റ്റാറെയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി ബ്ലാസ്റ്റേഴ്സ്
സൂപ്പര്‍ ലീഗിലെ ദയനീയ പ്രകടനം വിനയായി
കൊച്ചി | ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ് . അസ്സിസ്റ്റന്റ് കോച്ചുമാരായ ജോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരോടൊപ്പം ഹെഡ് കോച്ച് മിഖായേല്‍ സ്റ്റാറെയും ക്ലബ് വിടുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സ്ഥിരീകരിച്ചു.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കൊപ്പമുള്ള സംഭാവനകള്‍ക്ക് ക്ലബ് മൂന്ന് പേര്‍ക്കും നന്ദി അറിയിച്ചു. പുതിയ മുഖ്യ പരിശീലകനെ ക്ലബ് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ദയനീയ പ്രകടനങ്ങളാണ് ബ്ലാസ്റ്റേഴ്സ് പരിശീലകനെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. ഈ സീസണില്‍ ഇതുവരെ കളിച്ച 12 മത്സരത്തില്‍ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോല്‍വിയുമായി 10ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
പുതിയ നിയമനം നടക്കുന്നത് വരെ ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീം ഹെഡ് കോച്ചും യൂത്ത് ഡെവലപ്മെന്റ് തലവനുമായ ടോമാസ് ടോര്‍സും അസ്സിസ്റ്റന്റ്‌റ് കോച്ചുമായ ടി ജി പുരുഷോത്തമനും ഫസ്റ്റ് ടീം മാനേജ്‌മെന്റിന്റെ ചുമതല ഏറ്റെടുക്കും.