Kasargod
പ്രസവത്തിന് പിന്നാലെയുണ്ടായ രക്തസ്രാവം; യുവതി മരിച്ചു
ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല-മറിയംബി ദമ്പതികളുടെ മകളും, നെല്ലിക്കുന്ന് കടപ്പുറം ചക്ലി ജമാലിന്റെ ഭാര്യയുമായ ഫാത്തിമത്ത് തസ്‌ലീമ (29)യാണ് മംഗളൂരു ആശുപത്രിയില്‍ മരിച്ചത്.

ബേക്കല്‍ | പ്രസവത്തിന് പിന്നാലെയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല-മറിയംബി ദമ്പതികളുടെ മകളും, നെല്ലിക്കുന്ന് കടപ്പുറം ചക്ലി ജമാലിന്റെ ഭാര്യയുമായ ഫാത്തിമത്ത് തസ്‌ലീമ (29)യാണ് മംഗളൂരു ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ രാവിലെയാണ് തസ്ലീമ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
സുഖപ്രസവമായിരുന്നു. പ്രസവത്തിനു ശേഷം രക്തസ്രാവമുണ്ടായെങ്കിലും വൈകിയാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. രക്തസ്രാവം തടയാന്‍ ഗര്‍ഭപാത്രം എടുത്ത് കളയണമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഗര്‍ഭപാത്രം എടുത്തു കളഞ്ഞിട്ടും രക്തസ്രാവം തടയാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ കൈയൊഴിഞ്ഞതോടെ യുവതിയെ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിച്ചു.
മയ്യിത്ത് തസ്ലിമയുടെ പിതാവ് ദുബൈയില്‍ നിന്നും എത്തിയ ശേഷം നെല്ലിക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മക്കള്‍: ലാമിയ (ആറ്), ഡാനിഷ് (അഞ്ച്). സഹോദരങ്ങള്‍: ഫസീല, അബ്ദുസമദ്, ഫര്‍സാന.