Connect with us

വ്രതവിശുദ്ധി

കാരുണ്യം പെയ്തിറങ്ങുന്ന അനുഗ്രൃഹീത നാളുകൾ

Published

|

Last Updated

വിശുദ്ധ റമസാനിലെ ആദ്യ പത്ത് ദിനങ്ങൾ അനുഗ്രഹ വർഷത്തിന്റേതാണ്. സൃഷ്ടിജാലങ്ങൾക്കൊന്നടങ്കം സദാ സമയവും അനുഗ്രഹം ചെയ്തു കൊണ്ടിരിക്കുന്ന കാരുണ്യവാൻ അവന്റെ അടിയാറുകൾക്ക് കൂടുതൽ അനുഗ്രഹം ചൊരിയാനായി മാറ്റിവെച്ച അനുഗൃഹീത ദിനരാത്രങ്ങൾ..

“അല്ലാഹുമ്മ ഇർഹംനീ യാ അർഹമർറാഹിമീൻ’ അല്ലാഹുവേ, കാരുണ്യവാന്മാരിൽ ഏറ്റം കരുണ ചെയ്യുന്ന നീ എനിക്ക് കരുണ ചെയ്യേണമേ എന്ന പ്രാർഥനയാണ് റമസാനിന്റെ ആദ്യ പത്ത് ദിവസങ്ങളിൽ വിശ്വാസികൾ ഉരുവിട്ടു കൊണ്ടിരിക്കേണ്ടത്. ആത്മാർഥമായി, അല്ലാഹുവിന്റെ അനുഗ്രഹം എനിക്കും ലഭിക്കുമെന്ന ശുഭപ്രതീക്ഷയോടെ അവനോട് ചോദിച്ചു
കൊണ്ടേയിരിക്കുക.

അല്ലാഹു പ്രാർഥനകൾക്കുത്തരം തരാതിരിക്കില്ല. വിശുദ്ധ ഖുർആനിലൂടെ അവൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നതും അവനോട് ചോദിക്കാനാണ്. “നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർഥിക്കുക, ഞാൻ നിങ്ങൾക്ക് ഉത്തരം തരും’ (സൂറതുൽ ഗാഫിർ 60).
പാരത്രിക ലോകത്ത് അല്ലാഹുവിന്റെ മുമ്പാകെ ഹാജരാക്കപ്പെടുമ്പോൾ അവന്റെ ശിക്ഷക്ക് വിധേയമാകേണ്ടിവരുമോ എന്ന ഭയം പോലെ തന്നെ ഓരോ വിശ്വാസിക്കും അനിവാര്യമായ ഒന്നാണ് അല്ലാഹുവിന്റെ അനുഗ്രഹത്തിലുള്ള പ്രതീക്ഷയും. സ്രഷ്ടാവിന്റെ അനുഗ്രഹം എനിക്ക് ലഭിക്കില്ലെന്ന് ആർക്കും മുൻവിധി എഴുതിക്കൂടാ. അത് വിശ്വാസിക്ക് യോജിച്ചതും അല്ല. വിശുദ്ധ ഖുർആനിലെ യൂസുഫ് എന്ന അധ്യായത്തിലെ 87ാം സൂക്തത്തിന് തഫ്‌സീറുത്വബ്‌രി വിശദീകരണം കൊടുത്തത് ഇപ്രകാരം വായിക്കാം അവിശ്വാസികളായ ജനങ്ങൾക്കല്ലാതെ അല്ലാഹുവിന്റെ അനുഗ്രഹത്തെ കുറിച്ച് നിരാശരാകാൻ കഴിയില്ല.

ആകാശ ലോകത്തിന്റെ അധിപനായ അല്ലാഹുവിന്റെ കരുണാകടാക്ഷം ലഭിക്കാനായി അവൻ നമ്മോടൊരു കാര്യം ഉണർത്തുന്നുണ്ട്. ഭൗമോപരിതലത്തിലെ സകലമാന ജീവികളോടും കാരുണ്യത്തോടെ വർത്തിക്കണമെന്നാണത്. മാതാപിതാക്കൾ, സഹോദരങ്ങൾ, ഭാര്യാ സന്താനങ്ങൾ, അയൽക്കാർ, ബന്ധുമിത്രാദികൾ, നിർധനർ, ആലംബഹീനർ… എല്ലാവരോടുമുള്ള സമീപന രീതിയും കടമയും കടപ്പാടും ഇസ്‌ലാം പലയിടങ്ങളിലായി നമ്മെ പഠിപ്പിക്കുന്നുണ്ട്. അത് പാലിക്കാൻ നാം ബാധ്യസ്ഥരുമാണ്.

മാത്രമല്ല, നമുക്ക് ചുറ്റുമുള്ള മിണ്ടാപ്രാണികളോട് പോലും ദയയില്ലാതെ പെരുമാറാൻ പാടില്ല. ഉപദ്രവകാരികളല്ലാത്ത ജീവികളെ അകാരണമായി ദ്രോഹിച്ചുകൂടാ. അവയുടെ ഭക്ഷണവും വെള്ളവും തടയുകയും അരുത്. വ്യത്യസ്ത മാർഗങ്ങളിലൂടെ നാഥൻ അവർക്ക് കനിഞ്ഞേകുന്നതിന് നാം ഒരിക്കലും വിലങ്ങുതടിയാകുകയും ചെയ്യരുത്. ദാഹിച്ചും വിശന്നും അവശതയനുഭവിക്കുന്ന ജീവികൾക്ക് തിന്നാനും കുടിക്കാനും കൊടുക്കുക. അല്ലാഹുവിന്റെ അനുഗ്രഹം അവയിലേക്കെത്തിക്കുന്ന മാധ്യമങ്ങളായി മാറുക. നമ്മൾ അറിയാത്ത മാർഗത്തിലൂടെ, ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം ദൈവകാരുണ്യത്തിന്റെ കരസ്പർശം നമ്മെ തേടിയെത്തുന്നത്
കാണാം.