Connect with us

editorial

കണ്ണില്‍ ചോരയില്ലാത്ത കൊടും ക്രൂരത

തങ്ങള്‍ ഭീകരതക്കെതിരാണെന്ന് പാക് ഭരണകൂടം വെറുതെ പറഞ്ഞിട്ട് കാര്യമില്ല, അത് പ്രവൃത്തിയില്‍ തെളിയിക്കണം. പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെയും സൂത്രധാരന്മാരെയും പിടികൂടി ഇന്ത്യക്ക് കൈമാറാന്‍ പാക് സര്‍ക്കാര്‍ തയ്യാറാകണം.

Published

|

Last Updated

അതീവ നടുക്കമുളവാക്കുന്നതാണ് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന തീവ്രവാദിയാക്രമണം. കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെയാണ് സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. ഒരു മലയാളിയുള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ട, കണ്ണില്‍ ചോരയില്ലാത്ത ഈ കൊടും ക്രൂരതയുടെ ഉത്തരവാദിത്വം പാകിസ്താന്‍ ആസ്ഥാനമായുള്ള ദി റെസ്സിസ്റ്റന്റ് ഫ്രന്റ്‌ഏറ്റെടുത്തതായാണ് സൈനിക വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍. കൊച്ചി ഇടപ്പള്ളി സ്വദേശി എം രാമചന്ദ്രനാണ് കൊല്ലപ്പെട്ട മലയാളി. കശ്മീര്‍ സമാധാനത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്ന് ഭരണകൂടം നിരന്തരം അവകാശവാദമുന്നയിച്ചു കൊണ്ടിരിക്കെ നടന്ന ഈ സംഭവം കേന്ദ്ര സര്‍ക്കാറിനും കശ്മീരിലെ വിനോദ സഞ്ചാര മേഖലക്കും കനത്ത ആഘാതമാണ്. സഊദിയില്‍ ദ്വിദിന സന്ദര്‍ശനത്തിനു പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്നലെ ഡല്‍ഹിയില്‍ തിരിച്ചെത്തിയത് പ്രശ്‌നത്തിന്റെ ഗൗരവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം ഇതാദ്യമല്ല. 1995ലും 2002ലും 2004ലും ഇവിടെ തീവ്രവാദി ആക്രമണം നടന്നിരുന്നു. 1995 ജൂലൈ നാലിന് ജയിലില്‍ കഴിയുന്ന ഭീകരരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹർകത്തുല്‍ അന്‍സാര്‍ എന്ന തീവ്രവാദ സംഘടന ആറ് വിദേശികളെയും രണ്ട് ഗൈഡുകളെയും തട്ടിക്കൊണ്ടുപോയത്. അധികൃതര്‍ ഇതംഗീകരിക്കാതെ വന്നപ്പോള്‍ ഒരു നോര്‍വീജിയന്‍ സ്വദേശിയെ തീവ്രവാദികള്‍ വധിച്ചു. മറ്റുള്ളവരുടെ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ അവരെല്ലാം വധിക്കപ്പെട്ടുവെന്ന നിഗമനത്തിലാണ് അധികൃതര്‍. 2002 ആഗസ്റ്റില്‍ പഹല്‍ഗാമിലെ നുന്‍വാന്‍ ബേസിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. 2004ല്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ നാല് വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്.

സംസ്ഥാനത്ത് വിനോദസഞ്ചാരം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കേബിള്‍ കാര്‍ പദ്ധതിയുള്‍പ്പെടെ ജമ്മു കശ്മീരിലെ ടൂറിസം വികസന കോര്‍പറേഷന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വേളയിലുണ്ടായ പഹല്‍ഗാം സംഭവം ടൂറിസം മേഖലക്ക് കനത്ത ആഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. സമീപകാലത്തായി ജമ്മു കശ്മീരിലേക്ക് വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 29 ലക്ഷത്തോളം സഞ്ചാരികളെത്തിയെന്നാണ് കണക്ക്. 2002ല്‍ 26.7 ലക്ഷവും 2003ല്‍ 27.1 ലക്ഷവുമായിരുന്നു സഞ്ചാരികളുടെ എണ്ണം. സമുദ്രനിരപ്പില്‍ നിന്ന് 3,000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള പര്‍വത പാതയിലെ ആദ്യ വിശ്രമകേന്ദ്രം കൂടിയാണ് പഹല്‍ഗാം എന്നതിനാല്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന കേന്ദ്രം കൂടിയാണിത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇതിനകം തന്നെ നിരവധി വിനോദ സഞ്ചാരികള്‍ കശ്മീര്‍ യാത്ര റദ്ദാക്കിക്കഴിഞ്ഞു. ഹോട്ടല്‍ റൂമുകളും വിമാന ബുക്കിംഗുകളും റദ്ദാക്കാന്‍ നിരന്തരം ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നതായി ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചു.

ഇന്റലിജന്‍സ് വൃത്തങ്ങളുടെ പരാജയത്തിലേക്കും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയിലേക്കും വിരല്‍ ചൂണ്ടുന്നതാണ് സംഭവം. 2022ലും 2023ലും ജമ്മു മേഖലയില്‍ സൈന്യത്തിനു നേരെ മൂന്ന് തീവ്രവാദി ആക്രമണങ്ങളാണ് ഉണ്ടായതെങ്കില്‍ 2024 ജൂലൈ വരെയുള്ള ഏഴ് മാസങ്ങള്‍ക്കിടെ ആറ് ആക്രമണങ്ങള്‍ നടന്നതായി സുരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച് പി ടി ഐയും ദേശീയ മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തിരുന്നു.

തീവ്രവാദികളുടെ വശം അത്യാധുനിക ആയുധങ്ങളുള്ളതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയതാണ്. തീവ്രവാദികളുടെ പക്കല്‍ നിന്ന് അടുത്തിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ആയുധങ്ങളില്‍ ബാലിസ്റ്റിക് കാല്‍കുലേറ്ററുകള്‍, ഇമേജ് റൈഞ്ച് ഫൈന്‍ഡറുകള്‍, നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍, 500-600 മീറ്റര്‍ ദൂരത്തില്‍ ഫലപ്രദമായി വെടിവെക്കാന്‍ സാധിക്കുന്ന എം 4 റൈഫിളുകള്‍, ക്യാമറ ഘടിപ്പിച്ച തോക്കുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു. വളരെ ദൂരെ നിന്ന് ലക്ഷ്യങ്ങളിലേക്ക് കൃത്യതയോടെ വെടിവെക്കാന്‍ ഇത്തരം ആയുധങ്ങള്‍ സഹായകമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അഫ്ഗാന്‍ തീവ്രവാദികളില്‍ നിന്നായിരിക്കും തീവ്രവാദ സംഘടനകള്‍ ആധുനിക ആയുധങ്ങള്‍ സമ്പാദിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കേണ്ടതായിരുന്നു.

പെഹല്‍ഗാം കൂട്ടക്കൊലയില്‍ തങ്ങള്‍ക്കൊരു പങ്കുമില്ലെന്നാണ് പാക് ഭരണകൂടം അവകാശപ്പെടുന്നതെങ്കിലും, പാക് ചാര സംഘടനയായ ഐ എസ് ഐയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഭീകരതക്ക് മുന്നില്‍ തലകുനിക്കാന്‍ ഇന്ത്യക്കാകില്ല. പാകിസ്താന്റെ പിന്തുണയോടെയാണ് ആക്രമണമെന്ന് ഇന്ത്യ വിലയിരുത്തുന്നു. നദീജല കരാര്‍ റദ്ദാക്കുന്നതുള്‍പ്പെടെ കഠിനമായ തീരുമാനങ്ങളെടുത്തിരിക്കുന്നു രാജ്യം. പാകിസ്താനില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കില്ല, പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കും, അട്ടാരി അതിര്‍ത്തി അടച്ചിടും, പാകിസ്താനിലുള്ള ഇന്ത്യയുടെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും തുടങ്ങി സുപ്രധാന തീരുമാനങ്ങള്‍ രാജ്യം കൈക്കൊണ്ടിരിക്കുന്നു. തങ്ങള്‍ ഭീകരതക്കെതിരാണെന്ന് പാക് ഭരണകൂടം വെറുതെ പറഞ്ഞിട്ട് കാര്യമില്ല, അത് പ്രവൃത്തിയില്‍ തെളിയിക്കണം. പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെയും സൂത്രധാരന്മാരെയും പിടികൂടി ഇന്ത്യക്ക് കൈമാറാന്‍ പാക് സര്‍ക്കാര്‍ തയ്യാറാകണം.

Latest