cover story
സ്വാതന്ത്ര്യത്തിന്റെ രക്തപാതകൾ
സ്വാതന്ത്ര്യം സത്യത്തില്‍ പൊരുതി മരിച്ചവരുടെയും പൊരുതിക്കൊണ്ടിരിക്കുന്നവരുടെയും ജീവിതം കൊണ്ടുള്ള ആവേശകരമായ ചരിത്ര സന്ദര്‍ഭമാണ്. മരിച്ചുപോയവരൊന്നും മരിച്ചുപോയിട്ടില്ലെന്നും പിറക്കാനിരിക്കുന്നവരാരും പിറക്കാതിരിക്കാതെ പോകുകയില്ലെന്നും ജീവിച്ചിരിക്കുന്ന ജനത ആത്മബോധത്തോടെ തിരിച്ചറിയുന്ന ചരിത്രത്തിലെ കോരിത്തരിപ്പിക്കുന്ന ഒരു മുഹൂര്‍ത്തമെന്ന അര്‍ഥത്തിലാണ് 1947 ആഗസ്റ്റ് 15 ഓരോ ഇന്ത്യക്കാനെയും ദൃശ്യവും അദൃശ്യവുമായ തരത്തില്‍ ഇന്നും ആശ്ലേഷിച്ചുകൊണ്ടിരിക്കുന്നത്. സഫ്ദര്‍ ഹാഷ്മിയുടെ പ്രശസ്തമായ സ്വാതന്ത്ര്യമെന്ന കവിതയില്‍ അനുഭൂതി പ്പെടുത്തുന്നതുപോലെ, സ്വാതന്ത്ര്യമെന്നാല്‍ സ്‌നേഹിക്കലും സഹായിക്കലുമാണ് കൂട്ടരേ. എങ്ങുമെങ്ങുമുള്ള ജനങ്ങളെ സ്‌നേഹിക്കുക നിര്‍ഭയരായി സ്‌നേഹിക്കുക അതാണ് സ്വാതന്ത്ര്യം. നമുക്ക് ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ആ ഒരു വരികൂടി കൂട്ടിച്ചേര്‍ക്കാം. അതു മാത്രമാണ് സ്വാതന്ത്ര്യം.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ആലോചിക്കുന്ന മാത്രയില്‍ ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ പൂവല്ല പൂന്തോപ്പുതന്നെ ഉണ്ടായിത്തീരും. സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ വീരേതിഹാസം രചിച്ച പടനിലങ്ങളില്‍ പൂന്തോപ്പുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര യോദ്ധാക്കള്‍ സ്വന്തം പ്രാണന്‍ തലമുറകള്‍ക്ക് വേണ്ടി സമര്‍പ്പിച്ചത്.
സ്വാതന്ത്ര്യം സത്യത്തില്‍ പൊരുതി മരിച്ചവരുടെയും പൊരുതിക്കൊണ്ടിരിക്കുന്നവരുടെയും ജീവിതം കൊണ്ടുള്ള ആവേശകരമായ ചരിത്ര സന്ദര്‍ഭമാണ്. മരിച്ചുപോയവരൊന്നും മരിച്ചുപോയിട്ടില്ലെന്നും പിറക്കാനിരിക്കുന്നവരാരും പിറക്കാതിരിക്കാതെ പോകുകയില്ലെന്നും ജീവിച്ചിരിക്കുന്ന ജനത ആത്മബോധത്തോടെ തിരിച്ചറിയുന്ന ചരിത്രത്തിലെ കോരിത്തരിപ്പിക്കുന്ന ഒരു മുഹൂര്‍ത്തമെന്ന അര്‍ഥത്തിലാണ് 1947 ആഗസ്റ്റ് 15 ഓരോ ഇന്ത്യക്കാനെയും ദൃശ്യവും അദൃശ്യവുമായ തരത്തില്‍ ഇന്നും ആശ്ലഷിച്ചുകൊണ്ടിരുക്കുന്നത്.
സഫ്ദര്‍ ഹാഷ്മിയുടെ പ്രശസ്തമായ സ്വാതന്ത്ര്യമെന്ന കവിതയില്‍ അനുഭൂതിപ്പെടുത്തപ്പെടുന്നതുപോലെ, സ്വാതന്ത്ര്യമെന്നാല്‍ സ്‌നേഹിക്കലും സഹായിക്കലുമാണ് കൂട്ടരേ. എങ്ങുമെങ്ങുമുള്ള ജനങ്ങളെ സ്‌നേഹിക്കുക നിര്‍ഭയരായി സ്‌നേഹിക്കുക അതാണ് സ്വാതന്ത്ര്യം. നമുക്ക് ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ആ ഒരു വരികൂടി കൂട്ടിച്ചേര്‍ക്കാം. അതു മാത്രമാണ് സ്വാതന്ത്ര്യം.
1947ല്‍ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ആ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഓരോ ഇന്ത്യക്കാരനും കണ്ട മഹാസ്വപ്നം നമ്മുടെ രാഷ്ട്രം ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായിരിക്കും എന്നതാണ്. ആ സ്വപ്നം ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് നമ്മള്‍ ഇന്നു കടന്നുപോകുന്നത്.നാം സാമ്രാജ്യത്വ വിരുദ്ധ സമരത്തിലൂടെ നേടിയെടുത്ത നമ്മുടെ പുതിയ ഇന്ത്യ നഷ്ടപ്പെടുകയാണോ എന്ന ആശങ്കയാണ് ഇന്ന് ഇന്ത്യന്‍ ജീവിതത്തെ ഒരു കരിമ്പടം പോലെ മൂടിക്കൊണ്ടിരിക്കുന്നത്.
ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതെന്തോ അതൊക്കെയാണ് ഒന്നിനു പിറകെ ഒന്നായി ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു യൂനിഫോമിട്ട പോലീസ് ഉദ്യോഗസ്ഥന്‍ ട്രെയിനില്‍ താടിയുള്ള ആളുകളെ തിരഞ്ഞുപിടിച്ച് അവരെ വെടിവെച്ചുകൊല്ലുക എന്ന് പറയുന്നത് നമുക്കൊരിക്കലും ഓര്‍ക്കാന്‍ പറ്റാത്ത ഒന്നാണ്. യൂനിഫോമിന്റെ മഹത്വം എന്താണെന്നു വെച്ചാല്‍, അയാള്‍ ഏതു വിഭാഗത്തില്‍പ്പെട്ട ആളായാലും യൂനിഫോമിട്ടു കഴിഞ്ഞാല്‍ എവിടെ ലഹളയുണ്ടോ എവിടെ കലാപമുണ്ടോ ആ ലഹളയിലും കലാപത്തിലും പീഡനം അനുഭവിക്കുന്നവര്‍ക്കൊപ്പം നിന്ന് ലഹള അവസാനിപ്പിക്കാന്‍ തൊഴില്‍ പരമായി ഉത്തരവാദപ്പെട്ടയാളാണ്.
അത്തരത്തില്‍പ്പെട്ട ആളുകളാണ് ഇത്തരത്തിലുള്ള ക്രൂരതക്ക് നേതൃത്വം കൊടുക്കുന്നത്. അതു പോലെ തന്നെ ഹരിയാനയിലെ നൂഹില്‍ നടന്ന സംഭവം. ബുള്‍ഡോസര്‍ എന്ന് പറയുന്നത് മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഘാതകനായിട്ട്, അന്തകനായിട്ട് മാറുകയാണ്.
കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് അഭിജിത് ഗാംഗുലി കൊല്‍ക്കത്തയിലെ അനധികൃത കെട്ടിടം പൊളിക്കുന്നതിന് ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ നമുക്ക് വാടകക്കെടുക്കണമെന്ന് തമാശ പറയുമ്പോള്‍ സത്യത്തില്‍ ഇന്ത്യന്‍ ജനാധിപത്യം പേടിച്ചു വിറയ്ക്കുകയാണ്.
ഒരു ന്യായാധിപന്റെ അസ്ഥാനത്തുള്ള തമാശ സത്യത്തില്‍ ഇന്ത്യയിലെ മനുഷ്യന്റെ അരക്ഷിതത്വം വര്‍ധിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറുമ്പോള്‍ തമാശ കേട്ട് ചിരിക്കാറാണ് നാം ചെയ്യുക. എന്നാല്‍ ഇപ്പോഴത്തെ ഇത്തരത്തിലുള്ള തമാശകള്‍ ചങ്ക് പിളര്‍ക്കുകയാണ് ചെയ്യുന്നത്. ശ്രാവണോത്സവത്തിന്റെ ഭാഗമായ ജലാഭിഷേക യാത്ര മരണം കൊണ്ടുവരുന്നു. ഇത്തരത്തില്‍ വര്‍ണാഭമായിട്ടുള്ള യാത്രകള്‍ ആളുകളെ കോരിത്തരിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇരു ഭാഗങ്ങളിലും എല്ലാ വിധത്തിലുമുള്ള ജനങ്ങള്‍ വരിനിന്ന് ഈ ഘോഷയാത്രയിലെ ബലൂണുകളുടെ വര്‍ണപ്പകിട്ടും ആഘോഷവും ആളുകളുടെ ആഹ്ലാദവും ഇതെല്ലാം കണ്ട് നമ്മള്‍ കോരിത്തരിക്കുകയാണ് ചെയ്യുക. എന്നാല്‍ ജലാഭിഷേക യാത്രയില്‍ നാം കണ്ടത് ആളുകളെ ആക്രമിക്കുന്ന വടികള്‍, അലര്‍ച്ചകള്‍, ഭീകരതകള്‍ എല്ലാം കൂടി ചേര്‍ന്നിട്ടുള്ള ഒരു ഘോഷയാത്രയാണ്. ഇത് ഒരു അക്രമ യാത്രയായി മാറുകയായിരുന്നു. എന്നിട്ട് അത് ആഘോഷങ്ങള്‍ ആക്രമണത്തിനുള്ള ആമുഖങ്ങളായി മാറുന്ന ഒരു സ്വാതന്ത്ര്യാനന്തര ഭാരതമെന്നുള്ളത് സത്യത്തില്‍ നമുക്ക് സങ്കല്‍പ്പിക്കാനാകാത്തതിലും അപ്പുറമാണ്. ഇത് ഉത്തര്‍പ്രദേശിലോ ഹരിയാനയിലോ ഗുജറാത്തിലോ ഒഡിഷയിലോ മധ്യപ്രദേശിലോ മണിപ്പൂരിലോ തുടങ്ങി അവിടെ അവസാനിക്കുന്നതല്ല.
ഇന്ത്യന്‍ ജനതയുടെ മതനിരപേക്ഷ ജീവിതം പൊളിക്കാനുള്ള പദ്ധതികളാണിത്.
പത്രത്തിലൂടെ നാം വാര്‍ത്തകള്‍ വായിക്കുന്നു, ഈ വാര്‍ത്തകള്‍ക്കിടയില്‍ വീണുപോയ മനുഷ്യരെ നമ്മള്‍ കാണുന്നില്ല. ചതച്ച് വീഴ്ത്തപ്പെട്ട മനുഷ്യരുടെ ജീവിതം മറച്ചു പിടിക്കുന്നു.
മധ്യപ്രദേശിലെ രത്്ലഞ്ച് ജില്ലയിലെ സാര്‍ഫി ഗ്രാമത്തിലെ സാധാരണ മനുഷ്യനാണ് ബന്‍വാരി ലാല്‍ ജെയിന്‍. അദ്ദേഹത്തിന് ചെറിയതരത്തിലുള്ള മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ആ മനുഷ്യന്‍ കുടുംബാംഗങ്ങളോടൊപ്പം ഒരു തീര്‍ഥയാത്രക്ക് പോയി. തിരിച്ചുവരുന്ന വഴി അദ്ദേഹത്തെ കാണാതാകുന്നു. പകരം അദ്ദേഹത്തിന്റെ മൃതദേഹമാണ് കണ്ടുകിട്ടിയത്. മറ്റൊരു ജില്ലയായ നീമുച്ചില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് വീട്ടുകാര്‍ക്ക് മനസ്സിലാകുന്നത് ബന്‍വാരിയുടെ സംസ്‌കാരം കഴിഞ്ഞാണ്. അപ്പോള്‍ കുടുംബാംഗങ്ങള്‍ ഒരു വീഡിയോയില്‍ കാണുന്നത് തങ്ങളുടെ പ്രിയപ്പെട്ട ബന്‍വാരിലാലിനെ അജ്ഞാതനായ ഒരാള്‍ മര്‍ദിക്കുന്നതാണ്. പിന്നീടാണ് ഇവര്‍ക്ക് മനസ്സിലാകുന്നത് മര്‍ദനമേറ്റ് കൊല്ലപ്പെട്ടതാണെദ്ദേഹമെന്ന്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ബന്‍വാരിലാല്‍ ഒരിടത്ത് ഇരിക്കുമ്പോള്‍ എതിരെ വന്ന ദിനേഷ് കുശ് വാഹ എന്ന ഒരു ഫാസിസ്റ്റ് ഇയാളെ കൈകാര്യം ചെയ്യുന്നതാണ്. അപരിചിതനായ ആളെ കാണുമ്പോള്‍ നമ്മള്‍ ആദ്യം ഒന്ന് ചിരിക്കും കൈകൊടുക്കും അല്ലെങ്കില്‍ എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കും. അതിനൊക്കെ പകരം ഇയാള്‍ ആക്രോശിച്ചുകൊണ്ട് ചോദിച്ചത് നിന്റെ ഐഡന്റിറ്റി കാര്‍ഡ് എടുക്കെടാ എന്നാണ്. അവിടെ രണ്ട് പ്രശ്നങ്ങളുണ്ട്. ഒന്ന്, 2019 ഡിസംബര്‍ 12 ന് മുമ്പ് ഒരു ഇന്ത്യക്കാരന്‍ മറ്റൊരു ഇന്ത്യക്കാരനോട് ചോദിക്കുന്ന ഒന്നല്ല ഐഡന്റിറ്റി കാര്‍ഡ് എന്നത്. രണ്ട്, ചില പ്രത്യേക സാഹചര്യങ്ങളില്‍ ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടാനുള്ള ഉത്തരവാദിത്വം അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ്. ദിനേഷ് കുശ്‌വ എന്ന ഫാസിസ്റ്റ് പ്രവര്‍ത്തകന് അത് ആവശ്യപ്പെടാനുള്ള ഒരവകാശവുമില്ല. എന്നിട്ടും ഇയാള്‍ അദ്ദേഹത്തോട് ഈ ചോദ്യം ചോദിച്ചു മര്‍ദിക്കുകയാണ്. ഇതാണ് നാം കാണുന്നത്. എന്നിട്ട് എന്തിന് ഈ മനുഷ്യനെ കൊന്നു എന്നു ചോദിച്ചപ്പോള്‍ ഇയാള്‍ പറഞ്ഞ ഉത്തരമാണ് ഏറ്റവും ശ്രദ്ധേയം. അയാളെ കണ്ടപ്പോള്‍ ഒരു മുസ്്ലിമാണെന്ന് തോന്നി എന്നാണ്. അപ്പോള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇക്കാലത്ത് ഒരാളെ കൊല്ലാന്‍, നമ്മള്‍ ഇന്നലെവരെ പറഞ്ഞിരുന്നത് പേര് നോക്കി കൊല്ലുന്നു എന്നായിരുന്നു. എന്നാല്‍ പേര് നോക്കുകയല്ല കാഴ്ചയില്‍ മുസ്ലിം എന്നു തോന്നിയാല്‍ പോലും കൊല്ലപ്പെടുന്ന അവസ്ഥ വരുന്നു. ഇത്തരം സ്റ്റീരിയോ ടൈപ്പ് ഉണ്ടാക്കിവെച്ചിരിക്കുകയാണ്. അയാള്‍ സത്യത്തില്‍ മുസ്ലിമായിരുന്നില്ല. അയാളുടെ പേരില്‍ തന്നെ വ്യക്തമാക്കുന്നത് അയാളൊരു ജെയിന്‍ വിശ്വാസിയാണെന്നാണ്. കണ്ടപ്പോള്‍ മുഹമ്മദ് ആണെന്ന് തോന്നി എന്നുമാത്രം. സമകാലിക ഇന്ത്യന്‍ അവസ്ഥയെ നവ ഫാസിസ്റ്റുകള്‍ എവിടെക്കാണ് കൊണ്ടുപോകുന്നത് എന്നതിനുള്ള ഓരുദാഹരണമാണിത്. ഇതുപോലെ നിരവധി ഉദാഹരണങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്. നമ്മുടെ ചരിത്രത്തിലെല്ലാം ഇന്ത്യ കെട്ടിപ്പൊക്കിയത് വ്യത്യസ്തമായ സാമൂഹിക വിഭാഗങ്ങളൊരുമിച്ചുകൊണ്ടാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ എല്ലാ ജനവിഭാഗത്തില്‍പ്പെട്ടവരും ഹിന്ദു, ക്രിസ്ത്യന്‍, മുസ്്ലിം തുടങ്ങി എല്ലാ വിഭാഗക്കാരും പങ്കെടുത്തിട്ടുണ്ട്. അതില്‍ വിട്ടുനിന്നത് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ മാത്രമാണ്. മാത്രമല്ല, ഇന്ത്യയിലെ യുവാക്കളുടെ ഊര്‍ജം ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പാഴാക്കാനുള്ളതല്ല എന്ന നിലപാടാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ പുലര്‍ത്തിയത്. അവര്‍ ഇന്ത്യയിലെ അഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ചത് ഫ്യൂഡലിസത്തെയോ നാടുവാഴിത്തത്തെയോ മുതലാളിത്തത്തെയോ സാമ്രാജ്യത്തത്തെയോ അഴിമതിയെയോ കൊള്ളരുതായ്മയെയോ അല്ല. മറിച്ച് ഇന്ത്യയില്‍ ജീവിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ യുദ്ധഭൂമിയില്‍ പ്രാണന്‍ പതിരുപോലെ പകുത്തുകൊടുത്ത എത്രയെത്രയോ മനുഷ്യരെയാണ് ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ചത്. അതായത് കമ്യൂണിസ്റ്റുകാര്‍, നെഹ്റുവിസ്റ്റുകള്‍, മുസ്്ലിംകള്‍, ക്രിസ്ത്യാനികള്‍, ഗാന്ധിയന്മാര്‍ ഇവരെയൊക്കെ ആഭ്യന്തര ശത്രുക്കളായിട്ട് അടയാളപ്പെടുത്തി.
മഹാത്മാ ഗാന്ധിയോട് ലൂയി ഫിഷര്‍ എന്താണ് അങ്ങ് സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ഗാന്ധിജി പറഞ്ഞത് മൂന്ന് കാര്യങ്ങളാണ്. ഒന്ന്, സമുദായ മൈത്രി, രണ്ട് അയിത്തോച്ഛാടനം, മൂന്ന് സ്വാശ്രയത്വം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ മതത്തിന്റെ പേരില്‍ ജാതിയുടെ പേരില്‍ ഗോഗോ വിളിക്കാത്ത സൗഹൃദത്തോടെയും സ്‌നേഹത്തോടെയും മുഴുവന്‍ മനുഷ്യരും ഒരുമിച്ച് കഴിയുന്ന, സ്വന്തം കാലില്‍ നിവര്‍ന്നുനില്‍ക്കുന്ന, പിറന്ന മണ്ണില്‍ കാലമര്‍ത്തിച്ചവിട്ടി അനന്തവിസ്തൃതമായ ആകാശത്തിലേക്ക് ശിരസ്സുയര്‍ത്തി, ഞങ്ങളും നിങ്ങളും ഈ മണ്ണിന്റെ മക്കളാണ് എന്ന് ആത്മാഭിമാനത്തോടെ പരസ്പരം മനസ്സുകള്‍ ഉമ്മ വെച്ച് ആവിഷ്‌കരിക്കുന്ന ഒരു സന്ദര്‍ഭം. അതായിരുന്നു മഹാത്മാ ഗാന്ധിക്ക് സ്വതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കല്‍പ്പം.
ഗാന്ധിയുടെ ചുവടുപിടിച്ചു കൊണ്ട് മൗലാനാ അബുല്‍ കലാം ആസാദ് പറഞ്ഞത്, സ്വര്‍ഗത്തില്‍ നിന്നൊരു മാലാഖ കുത്തുബ് മിനാറിന്റെ മുകളില്‍ കയറി നിന്ന് ഈ രാവ് അവസാനിക്കുന്നതിനു മുമ്പേ മതസൗഹാര്‍ദം എന്ന ആശയം ഉപേക്ഷിക്കുകയാണെങ്കില്‍ സ്വാതന്ത്ര്യം കൈകളില്‍ വെച്ചു തരാം എന്നു പറഞ്ഞാല്‍, അതിനോട് ഇന്ത്യന്‍ ജനത ഒന്നിച്ചു പറഞ്ഞത് ‘ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം, എന്നാല്‍ മതസൗഹാര്‍ദമില്ലാത്തൊരു സ്വാതന്ത്ര്യം ഞങ്ങള്‍ക്കാവശ്യമില്ല.’ എന്നായിരുന്നു.
സ്വാതന്ത്ര്യത്തിന് മൂല്യമുണ്ടാകുന്നത് അത് എല്ലാ മനുഷ്യരെയും ആധിപത്യ വിധേയത്വങ്ങള്‍ക്കപ്പുറം നിന്നുകൊണ്ട് ചേര്‍ത്തു പിടിക്കുമ്പോള്‍ മാത്രമാണ്. ഉപേക്ഷിക്കേണ്ട കളകളല്ല, എല്ലാവരും ഒന്നിച്ചു ചേരേണ്ട വിളകളാണ് എന്ന കാഴ്ചപ്പാടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം മുന്നോട്ടുവെച്ചത്. അത് ഇനിയും മുന്നോട്ടു പോകും എന്ന് പുതിയ “ഇന്ത്യ’ പ്രതീക്ഷിക്കുന്നു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത ജനറല്‍ ഡയറെ വെടിവെച്ചതിനു ശേഷം ലണ്ടനില്‍ വെച്ച് പിടികൂടപ്പെട്ടപ്പോള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഇതിഹാസമായ ഉദ്ദംസിംഗിനോട് എന്താണ് നിങ്ങളുടെ പേര് എന്ന് ചോദിച്ചപ്പോള്‍ ഉദ്ദംസിംഗ് എന്ന് പറയുന്നതിന് പകരം റാം മുഹമ്മദ് സിംഗ് ആസാദ് എന്ന് പറഞ്ഞതും നമ്മളിന്ന് കൂടുതല്‍ സൂക്ഷ്മതയോടെ അനുസ്മരിക്കണം.
ഇന്ത്യ എന്നു പറയുന്നത് എല്ലാവരും ചേര്‍ന്നതാണ്. റാം മുഹമ്മദ് സിംഗ് ആസാദ് എന്ന് പറഞ്ഞതിലൂടെ, അത് എല്ലാ വിഭാഗക്കാരുടെയും ഒത്തുചേരല്‍ വേദിയാണ് എന്നാണ് സാമ്രാജ്യത്വത്തെ നടുക്കിക്കൊണ്ട് ഉദ്ദംസിംഗ് വിളിച്ചുപറഞ്ഞത്. ഭിന്നിപ്പിക്കുക ഭരിക്കുക എന്ന സാമ്രാജ്യത്വ കാഴ്ചപ്പാടിനെ തുറന്നുകാട്ടുകയാണ് റാം മുഹമ്മദ് സിംഗ് ആസാദ്. ഇന്നും ആ റാം മുഹമ്മദ് സിംഗ് ആസാദ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരിക ദൗത്യം എന്നു പറയുന്നത് സാമ്രാജ്യത്വത്തിന്റെ ഭിന്നിപ്പിക്കല്‍ ശ്രമത്തിനെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ ഒത്തൊരുമയാണ്. ഒരുമിച്ചുള്ള ജീവിതമാണ്.
.