Connect with us

International

ഗസ്സയിൽ വീണ്ടും ചോരക്കളി

ഇസ്റാഈൽ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു

Published

|

Last Updated

ഗസ്സ | ഗസ്സയിലെ റഫയിൽ ഇസ്‌റാഈൽ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ റഫാ നഗരത്തിൽ ആൾക്കൂട്ടത്തിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേരും റഫയുടെ കിഴക്കായി തനൗരിൽ വെടിവെപ്പിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മുതൽ അൽ ജിനൈന, അഷ് ഷൗക്ക, തൽ അസ് സുൽത്വാൻ തുടങ്ങി റഫയുടെ വിവിധ ഭാഗങ്ങളിൽ ഇസ്‌റാഈൽ ടാങ്കുകളും ഡ്രോണുകളും ഷെൽ ആക്രമണം നടത്തുന്നുണ്ട്. ഒരാഴ്ചയായി തുടരുന്ന ഇസ്‌റാഈലിന്റെ ഗസ്സാ ഉപരോധം പിൻവലിക്കണമെന്ന വിവിധ രാജ്യങ്ങളുടെ ആവശ്യം ചെവികൊള്ളാതെയാണ് ബെഞ്ചമിൻ നെതന്യാഹു സർക്കാർ വിശുദ്ധ റമസാനിലും ഗസ്സയിൽ ക്രൂരത തുടരുന്നത്. നേരത്തേ, റമസാൻ നാളുകളിൽ ഗസ്സയിൽ വെടിനിർത്തലിന് തയ്യാറാണെന്ന് ഇസ്‌റാഈൽ സമ്മതിച്ചിരുന്നു.

തെക്കൻ ഗസ്സയിൽ ഖാൻ യൂനുസിന് കിഴക്കായി അബ്‌സാൻ അൽ കാബിറ നഗരത്തിൽ ഇസ്‌റാഈൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾക്ക് പരുക്കേറ്റു. വടക്കൻ ഗസ്സയിലെ ബൈത്ത് ഹനൂനിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെ ബുൾഡോസറിൽ ഇസ്‌റാഈൽ ഡ്രോൺ ഇടിച്ച് ഏഴ് ഫലസ്തീനികൾക്കും പരുക്കേറ്റു.
അനിശ്ചിതത്വത്തിലായ ഗസ്സാ വെടിർനിർത്തൽ കരാറിന്റെ രണ്ടാംഘട്ട ചർച്ചകൾ സംബന്ധിച്ച് ഹമാസ്- ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ കൈറോയിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ആക്രമണം. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനെത്തിയ ഫലസ്തീനികൾക്കും വെസ്റ്റ് ബേങ്കിലെ വിവിധ മസ്ജിദുകൾക്കു നേരെയും ഇസ്‌റാഈൽ ആക്രമണമുണ്ടായിരുന്നു. തുടർച്ചയായ ആക്രമണങ്ങൾക്കിടെയാണ് വെടിനിർത്തൽ ചർച്ചകൾക്കായി ഹമാസ് സംഘം വെള്ളിയാഴ്ച കൈറോയിലെത്തിയത്.

കുടിയേറ്റ ആക്രമണം
അധിനിവിഷ്ട വെസ്റ്റ് ബേങ്കിൽ ഹെബ്രോണിന് തെക്ക് മസാഫിർ യാത്തയിൽ അനധികൃത ഇസ്‌റാഈൽ കുടിയേറ്റക്കാർ ഫലസ്തീനികളെ ആക്രമിച്ചു. ഗ്രാമത്തിലേക്ക് അതിക്രമിച്ചെത്തിയ ജൂതർ വീടുകളും കൃഷിസ്ഥലങ്ങളും നശിപ്പിച്ചു. ഇതിനൊപ്പം ഇസ്‌റാഈൽ സൈന്യം ഗ്രാമത്തിലേക്ക് ഇരച്ചുകയറി മൂന്ന് ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.

ലബനാനിലും ആക്രമണം
തെക്കൻ ലബനാനിലെ ഖിർബത് സാലിം ഗ്രാമത്തിൽ ഇസ്‌റാഈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തതായി ലബനാൻ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. തെക്കൻ ലബനാനിൽ ഹിസ്ബുല്ല നേതാവിനെ ലക്ഷ്യമിട്ട് തങ്ങൾ ആക്രമണം നടത്തിയതായി ഇസ്‌റാഈൽ സൈന്യം അറിയിച്ചു. ഈ ആക്രമണത്തിലാണോ സാധാരണക്കാരൻ കൊല്ലപ്പെട്ടതെന്ന് വ്യക്തതയില്ല.

Latest