Connect with us

Malabar Movement 1921

ചെറുവാടിയിലെ ചോരപ്പൂക്കൾ

രക്തസാക്ഷികളുടെ ഭൗതികശരീരം കൊണ്ടുപോയി ചരിത്രം മായ്ചുകളയാനായിരുന്നു സൈന്യത്തിന്റെ പരിപാടി. അവർ തൊട്ടടുത്ത ദിവസം വലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. നിരവധി യന്ത്രബോട്ടുകൾ ക്യാപ്റ്റൻ നൈറ്റിന്റെ നേതൃത്വത്തിൽ ഫറോക്കിൽ നിരന്നു. പക്ഷേ, അവർ തിരിച്ചെത്തുന്നതിന് മുമ്പ് കുറുവാടങ്ങൽ പക്രു, വേണായിക്കോട് ഉണ്ണിമോയി തുടങ്ങിയ ചെറുപ്പക്കാർ ചേർന്ന് പള്ളിപ്പറമ്പിലെ ഒരു ഇടവഴി ചെത്തിമിനുക്കി അതിൽ രണ്ടുപേരെ വീതം മേൽക്കുമേൽ നിരനിരയായി വെച്ചു സംസ്കരിച്ചു. അധികാരിക്കായി പള്ളിമുറ്റത്തെ കുടുംബ വക സ്ഥലത്ത് ഒരു പ്രത്യേക ഇടമൊരുക്കി. അവർക്ക് ചെറുവാടിക്കാർ വീരോചിതമായ യാത്രയയപ്പ് നൽകി.

Published

|

Last Updated

1921 ആഗസ്റ്റ് മാസത്തിൽ കാലവർഷം പൂർണമായി പെയ്തടങ്ങിയിരുന്നില്ല. ഒറ്റപ്പെട്ട് പെയ്യുന്ന മഴ കൂപ്പിലെ ജോലിയെ സാരമായി ബാധിച്ചിട്ടുണ്ട്. മരക്കച്ചവട ആവശ്യാർഥം കട്ടയാട്ട് ഉണ്ണിമൊയ്തീൻകുട്ടി അധികാരി നിലമ്പൂരിലായിരുന്നു. കുടിയാന്മാരെയും കർഷകരെയും ചൂഷണം ചെയ്യുന്ന ബ്രിട്ടീഷ് നയത്തോടുള്ള വിരക്തി കൂടിയാണ് മറ്റൊരു ജോലി തേടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നത്. അതിനിടക്ക് ഒരു അതിഥി നിലമ്പൂരിലെത്തി. അധികാരിയുടെ ബന്ധുവും സുഹൃത്തുമായ കൊന്നാര് മുഹമ്മദ് കോയ തങ്ങൾ. നിലമ്പൂരിലെ ഒരു മാനസികരോഗിയെ ചികിത്സിക്കാനായിരുന്നു അദ്ദേഹം എത്തിയത്. അന്ന് നിലമ്പൂർ ഖാസിയുടെ വീട്ടിലായിരുന്നു തങ്ങളും അധികാരിയും താമസിച്ചിരുന്നത്. വാരിയംകുന്നത്തിന്റെ ഖിലാഫത്ത് പ്രസ്ഥാനം നിലമ്പൂരിലെത്തി നിൽക്കുന്ന സമയമാണത്. നിലമ്പൂർ സബ് ഇൻസ്‌പെക്ടർ ചോല ഉണ്ണിമോയിയെ ഖിലാഫത്ത് തൊപ്പി അണിയിപ്പിച്ചു. മാപ്പിളമാർ ആവേശത്തിന്റെ കൊടുമുടിയിലാണ്. അവിടെവെച്ച് തങ്ങളും അധികാരിയും ഖിലാഫത്ത് പ്രസ്ഥാനത്തിൽ ആകൃഷ്ടരായി. പിന്നെ കാത്തിരുന്നില്ല. കൊന്നാര് തിരിച്ചെത്തിയ തങ്ങൾ വാഴക്കാട് ബസാറിൽ ഒരു ഖിലാഫത്ത് സമ്മേളനം വിളിച്ചുകൂട്ടി. ആളുകൾ കൂട്ടം കൂട്ടമായി വാഴക്കാട്ടേക്കൊഴുകി. ചെറുതോണി തങ്ങളുടെ അധ്യക്ഷതയിലായിരുന്നു ആ സമ്മേളനം. ആളുകൾക്കിടയിൽ ഉയർന്ന സ്ഥലത്ത് കൊന്നാര് തങ്ങൾ കയറിനിന്നു പ്രസംഗം തുടങ്ങി. അതോടെ ജനം ഇളകിമറിഞ്ഞു.
“ബ്രിട്ടീഷ് സർക്കാറിനെതിരെ മരണംവരെ പോരാടണം. അവർക്ക് പാദസേവ ചെയ്യുന്ന ജന്മിമാർ നാടിന് അപമാനമാണ്. അവരോട് സന്ധി ചെയ്യാൻ പാടില്ല’.
തങ്ങൾ പറഞ്ഞു നിർത്തിയപ്പോൾ സദസ്സിളകി. തക്ബീറിന്റെ ആരവം. ചിലർ ജന്മിമാർക്കെതിരെ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി.

വാഴക്കാട്ടെ ഖിലാഫത്ത് സമ്മേളനം ബ്രിട്ടീഷ് സൈന്യത്തെ ചൊടിപ്പിച്ചു. അവർ തൊട്ടടുത്ത ദിവസങ്ങളിൽ മാപ്പിളമാർക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. മൊട്ടയടിച്ചവരെയെല്ലാം മാപ്പിളമാരെന്നു കരുതി തെരുവുകളിൽ നിന്നും അടിച്ചോടിച്ചു. നിരവധി വീടുകൾ അഗ്നിക്കിരയാക്കി. കൂട്ടത്തിൽ കൊന്നാരിനടുത്ത് ചാലിയപ്രം പള്ളിയിൽ കയറിയ പട്ടാളം വിശുദ്ധ ഖുർആനും മറ്റും ചുട്ടുകരിച്ചു. അവിടുത്തെ ഖാസിയായ പൂക്കോയ തങ്ങളെ ആക്രമിച്ചു. കൊന്നാര് മുഹമ്മദ് കോയ തങ്ങളുടെ അമ്മാവനായ പൂക്കോയ തങ്ങൾ സാത്വികനും സൂഫിവര്യനുമായിരുന്നു. നാട്ടിലെ കോലാഹലങ്ങളൊന്നും ശ്രദ്ധിക്കാതെ പ്രാർഥനയിൽ മാത്രം കഴിഞ്ഞുകൂടിയ പൂക്കോയ തങ്ങളെ ആക്രമിച്ചത് നാടിനെ നടുക്കി. എരിതീയിൽ എണ്ണ ഒഴിക്കുംപോലെയായിരുന്നു അത്. ചാലിയാറിന്റെ ഓരത്തെ മാപ്പിളമാർ പ്രകോപനം കൊണ്ടു.

അധികാരി വരുന്നു

പൂക്കോയ തങ്ങളെ ആക്രമിച്ചു അപമാനിച്ച വിവരം കാട്ടുതീപോലെ പടർന്നു. ആ വാർത്ത നിലമ്പൂരിലുള്ള അധികാരി ഉണ്ണിമൊയ്തീൻ കുട്ടിയുടെ ചെവിയിലുമെത്തി. അധികാരിയുടെ ആത്മീയഗുരുവാണ് പൂക്കോയ തങ്ങൾ. വിവരമറിഞ്ഞ ഉടൻ അധികാരി നാട്ടിലേക്ക് തിരിച്ചു. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ഉണ്ണിമൊയ്തീൻകുട്ടി പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാന കാലങ്ങളിൽ ദേശം അധികാരിയായിരുന്ന കട്ടയാട്ട് ഉണ്ണികുട്ടി ഹസ്സൻ ഹാജിയുടെ ഏകപുത്രനാണ്. തികഞ്ഞ മതഭക്തർ. അദ്ദേഹം ഖിലാഫത്ത് പ്രസ്ഥാനത്തിൽ ചേരുന്ന വിവരം കൊടിയത്തൂരിലും പരിസരത്തുമുള്ള മാപ്പിളമാർക്ക് ആവേശമായി. അവർ ആയുധങ്ങൾ ശേഖരിച്ചു. അഭ്യാസങ്ങൾ പരിശീലിച്ചു. നവംബർ മാസം 11ന് സായാഹ്നത്തിൽ ചെറുവാടി പാറപ്പുറത്തെ സ്‌കൂൾ മുറ്റത്ത് 700ൽ പരം ആളുകൾ തടിച്ചുകൂടി. അധികാരി പ്രസിഡന്റായി ഒരു ഖിലാഫത്ത് കോൺഗ്രസ് കമ്മിറ്റി രൂപവത്കരിച്ചു. അവിടെ തടിച്ചുകൂടിയവരോടായി അദ്ദേഹം പറഞ്ഞു:
“ബ്രിട്ടീഷുകാരുടെ ഉപ്പും ചോറും തിന്നാണ് ഞാൻ വളർന്നത്. പാവപ്പെട്ട കുടിയാന്മാരോട് കാണപലിശയും കൂട്ടുപലിശയും ഈടാക്കിയും നികുതി ചുമത്തിയും കഷ്ടപ്പെടുത്തുകയാണവർ. അവരുടെ തീട്ടൂരങ്ങൾ നടപ്പാക്കാൻ ഇന്ന് മുതൽ എന്നെ കിട്ടില്ല. ഞാൻ എന്റെ അധികാരിപ്പണി ചാലിയാർ പുഴയിൽ വലിച്ചെറിയുന്നു. എണ്ണമറ്റ പട്ടാളവും ഉതിർത്താൽ തീരാത്ത പടക്കോപ്പുകളുമുള്ള ബ്രിട്ടീഷ് സൈന്യത്തോടാണ് നമ്മൾ പൊരുതാൻ ഇറങ്ങുന്നത്. അതിനുള്ള ആത്മധൈര്യം എന്നെ മുന്നോട്ടു തന്നെ നയിക്കുന്നുണ്ട്. ഈ പോരാട്ടത്തിൽ നമ്മൾ മരിച്ചുവീണാൽ നമ്മൾക്കായി സ്വർഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടും. താത്്പര്യമുള്ളവർ മാത്രം പിന്തുടരുക.’
പ്രസംഗം തീർന്നപ്പോൾ അധികാരിയുടെ കോൽക്കാരനായ മുള്ളാശ്ശേരി മമ്മദ് കച്ചേരി ഉരുപ്പടികളുമായി അടുത്തെത്തി. ആ വില്ലേജ് രേഖകൾക്ക് അധികാരി തന്നെ അഗ്നി കൊളുത്തി. അതിന്റെ ധൂമങ്ങൾ തക്ബീർ ധ്വനികളിൽ അലിഞ്ഞുചേർന്നു. അന്ന് റബീഉൽ അവ്വൽ 10 കൂടിയായിരുന്നു. അന്നുരാത്രി കട്ടയാട്ടെ തറവാട്ടു വീട്ടിൽ ഒരു ഉശിരൻ മൗലിദ് പരിപാടികൂടിയുണ്ട്. നാട്ടുകാരെല്ലാം തടിച്ചുകൂടിയ ആ മൗലിദിന് വന്നവർക്കൊക്കെ അധികാരി തന്നെ സ്വന്തം കൈകൊണ്ട് ചോറും ഇറച്ചിക്കറിയും നൽകി.

പടക്കളത്തിൽ നേർക്കുനേർ

നവംബർ 12 ശനി. സുബ്ഹി നിസ്‌കാരത്തിനുശേഷം അധികാരി പ്രാർഥിച്ചു ശപഥം ചെയ്തു. ചാലിയപ്രം പള്ളിയിൽ കയറി നരനായാട്ടു നടത്തിയ വെള്ളക്കാരോട് യുദ്ധത്തിനിറങ്ങുകയാണ്. നാളെ പ്രഭാതമുണർന്നാൽ പ്രവാചകന്റെ ജന്മദിനമാണ്. പ്രവാചകന്റെ കുടുംബത്തിലെ ശ്രേഷ്ഠനായ പൂക്കോയ തങ്ങളെ അപമാനിച്ച വെള്ളക്കാരോട് ഇനി ഒരു വിട്ടുവീഴ്ചയുമില്ല. ആറു വയസ്സായ മകൾ ആമിനക്കുട്ടിയെ നെഞ്ചോട് ചേർത്ത് ഉമ്മവെച്ചു അധികാരി പറഞ്ഞു. “ഇൻഷാ അള്ളാ… ഇനി നമുക്ക് സ്വർഗത്തിൽവെച്ചു കാണാം.’ യുവതിയായ ഭാര്യ കദീജുമ്മ പൊട്ടിക്കരഞ്ഞു. അവരെ തിരിഞ്ഞുനോക്കാതെ അധികാരി നടന്നു നീങ്ങി. അങ്ങനെയാണ്, ജന്മനാടിന് വേണ്ടിയുള്ള ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം വിശുദ്ധ യുദ്ധമാണ്. അതിനായി ഇറങ്ങുമ്പോൾ പിന്നെ പിറകോട്ട് തിരിഞ്ഞു നോക്കരുത്. രാവിലെ ഒന്പത് മണിക്ക് തന്നെ 300ൽ പരം ആളുകൾ പള്ളിയിലെത്തിയിട്ടുണ്ട്.

തലേന്നു രാത്രിയിൽ തന്നെ കുന്ദമംഗലത്ത് നിന്നും നീർലാക്കൽ മുക്കം (ഇന്നത്തെ മുക്കം) വഴി വലിയൊരു സൈന്യം ചെറുവാടി ലക്ഷ്യം വെച്ചു പുറപ്പെട്ടു. അവർ 12ന് രാവിലെ ചാലിയാർ പുഴയിൽ ചെറുവാടിക്കും വാഴയൂരിനും മധ്യേ ക്യാമ്പ് ചെയ്തു. ജെ ഇല്യോട്ടിന്റെയും ഖാൻ ബഹദൂർ ആമു സാഹിബിന്റെയും നേതൃത്വത്തിൽ ഗൂർഖകളും ഏഴ് പ്ലാറ്റൂൺ ബർമ റൈഫിൾസുമുണ്ട്. കൂടാതെ രണ്ട് കമ്പനി വീതം മലബാർ സ്‌പെഷ്യൽ പോലീസ് അവർക്ക് ചുറ്റുമുണ്ട്. അവർ ചെറുവാടി വലയം ചെയ്യും വിധം കോപ്പുകൂട്ടി. ചെറുവാടിയിൽ അധികാരിയും കോൽക്കാരനും ഖിലാഫത്ത് പ്രസ്ഥാനത്തിൽ ചേർന്ന് പടയൊരുങ്ങുന്ന വിവരം നവംബർ അഞ്ചിന് മുമ്പുതന്നെ ബ്രിട്ടീഷ് സൈന്യത്തിന് ലഭിച്ചിരുന്നു.

സൈന്യം പള്ളി ലക്ഷ്യംവെച്ചു പുറപ്പെട്ടു. അന്നത്തെ പകൽ പട്ടാള ബൂട്ടിന്റെ ഒച്ച എവിടെയും കേൾക്കാമായിരുന്നു. ആദ്യസംഘം ചെറുവാടിയിലേക്ക് അടുക്കുമ്പോൾ തന്നെ അവർക്കുനേരെ അധികാരി കാഞ്ചി വലിച്ചു. ആ വെടിയുണ്ട ആദ്യ സംഘത്തിലെ കാപ്റ്റൻ മെറോറിന്റെ നെഞ്ചിൽ തുളച്ചുകയറി. അദ്ദേഹം മലർന്നു വീണു. നിരവധി പട്ടാളക്കാർക്ക് പരിക്ക് പറ്റി.
പിന്നീട് സൈന്യം പള്ളിയിലേക്ക് ഇരച്ചുകയറി. പള്ളിയിലേക്ക് മെഷീൻ ഗണ്ണുകൾ നിരത്തി വെടിയുതിർത്തു. പോരാളികൾ അവരോട് ചെറുത്തുനിന്നു. പള്ളിയിൽ നിന്നും കൂട്ട ബാങ്ക് മുഴങ്ങി. ഒരു സംഘത്തിന്റെ ബാങ്ക് തീരുമ്പോൾ മറ്റൊരു സംഘം ബാങ്ക് മുഴക്കി. പതുക്കെ പതുക്കെ ബാങ്കൊലി നേർത്തു നേർത്തു വന്നു. ബ്രിട്ടീഷ് സൈന്യവുമായി നേർക്കുനേർ വെടിവെപ്പു നടക്കുകയാണ്. അധികാരി ഉൾപ്പെടെ 59 പേർ മരിച്ചു എന്നാണ് ബ്രിട്ടീഷ് രേഖകളിലുള്ളത്. എന്നാൽ 64 പേർ മരിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ കണക്ക്. തുടർന്നുള്ള പള്ളിയങ്കണത്തിലെ കാഴ്ച ഹൃദയഭേദകമായിരുന്നു. വായിൽ ഉറുക്ക് കടിച്ചു നിൽക്കുന്ന കമ്പളത്ത് ഇസ്‌ലാമുട്ടിയുടെ ശിരസ്സ് പള്ളിയുടെ അരമതിലിനു മുകളിൽ പ്രദർശിപ്പിക്കാൻ വെച്ചത് അബ്ദു ചെറുവാടിയുടെ വിവരണങ്ങളിലുണ്ട്. മുറ്റത്തെ വലിയ തേക്കിന് ചുറ്റും നിരന്നു കിടക്കുന്ന മയ്യിത്തുകൾ…. മുരിങ്ങാ മരത്തിന് അരികെ അധികാരി കിടക്കുന്നു.

രേഖപ്പെടുത്തപ്പെട്ട പേരുകൾ

അസർ ബാങ്കിന്റെ സമയമായി. പള്ളിയിൽ ബാങ്കിന് പകരം വെടിയൊച്ചകളാണ് കേൾക്കുന്നത്. നേർത്തു നേർത്തു വന്ന വെടിയൊച്ചകൾ അഞ്ച് മണിയോടെ നിലച്ചു. പിന്നീടുള്ള കാഴ്ച ഹൃദയഭേദകമാണ്. 60ൽ പരം അസർ മുല്ലകൾ ചോരപ്പൂക്കളായി പള്ളിയങ്കണത്തിൽ വിരിഞ്ഞു. അതിൽ 37 പേരുടെ പേരുവിവരം അബ്ദു ചെറുവാടി അക്കാലത്ത് ജീവിച്ചിരുന്നവരിൽ നിന്നും കേട്ടെഴുതി വെച്ചിട്ടുണ്ട്. കട്ടയാട്ട് ഉണ്ണിമൊയ്തീൻകുട്ടി, കൊട്ടുപ്പുറത്ത് കുഞ്ഞാമു, കൊട്ടുപ്പുറത്ത് മൊയ്തീൻ, കൊട്ടുപ്പുറത്ത് മമ്മദ്, പുത്തലത്ത് മോയിൻ, അമ്പലക്കണ്ടി മോയിൻ, പുത്തലത്ത് കുഞ്ഞോക്കു, നെല്ലുവീട്ടിൽ മരക്കാർ, മുണ്ടേൻ അഹമ്മദ്, മുക്രി അഹമ്മദ്, മുള്ളാച്ചി ഇത്താലുട്ടി, പടിഞ്ഞാറുവീട്ടിൽ അതൃമാൻകുട്ടിമൊല്ല, തേനേങ്ങപറമ്പിൽ ഒ. അലവി, അക്കരപ്പറമ്പിൽ അഹമ്മദ്, അക്കരപറമ്പിൽ കോയക്കുട്ടി, അക്കരപറമ്പിൽ അബ്ദുസലാം, തോട്ടക്കുത്ത് കോമുക്കുട്ടി, കുന്നുമ്മൽ കുട്ടൂസ, കൈതക്കൽ സിയാലി, കൊടിഞ്ഞിപ്പുറത്ത് ഒ. മമ്മദ്, ചാലിൽ കലന്തൻ, പുന്നാടൻ ആലി, കമ്പളത്ത് ഇസ്മാലുട്ടി, കളത്തിൽ ഉണ്ണിമോയിൻകുട്ടി, കൊട്ടപ്പുറത്ത് കോയക്കുട്ടി, പുതിയേടത്ത് മുഹമ്മദ്, കോട്ട അഹമ്മദ്കുട്ടി, പുളിയൻചാലിൽ മോയിൻ, ചക്കിട്ടുകണ്ടിയിൽ മൊയ്തീൻ, പറയങ്ങാട്ട് മൊയ്തീൻ, തിരുമലശ്ശേരി കോയാമു, കൊളക്കാടൻ കീഴ്കളത്തിൽ കോയാമു, ആലി വാക്കാലൂർ, മമ്മി കുനിയിൽ, പരേരിയിൽ മമ്മദ്.

അവർ യാത്രയാകുന്നു

രക്തസാക്ഷികളുടെ ഭൗതികശരീരം കൊണ്ടുപോയി ചരിത്രം മായ്ചുകളയാനായിരുന്നു സൈന്യത്തിന്റെ പരിപാടി. അവർ തൊട്ടടുത്ത ദിവസം വലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. നിരവധി യന്ത്രബോട്ടുകൾ ക്യാപ്റ്റൻ നൈറ്റിന്റെ നേതൃത്വത്തിൽ ഫറോക്കിൽ നിരന്നു. പക്ഷേ, അവർ തിരിച്ചെത്തുന്നതിന് മുമ്പ് കുറുവാടങ്ങൽ പക്രു, വേണായിക്കോട് ഉണ്ണിമോയി തുടങ്ങിയ ചെറുപ്പക്കാർ ചേർന്ന് പള്ളിപ്പറമ്പിലെ ഒരു ഇടവഴി ചെത്തിമിനുക്കി അതിൽ രണ്ടുപേരെ വീതം മേൽക്കുമേൽ നിരനിരയായി വെച്ചു സംസ്‌കരിച്ചു. അധികാരിക്കായി പള്ളിമുറ്റത്തെ കുടുംബ വക സ്ഥലത്ത് ഒരു പ്രത്യേക ഇടമൊരുക്കി. അവർക്ക് ചെറുവാടിക്കാർ വീരോചിതമായ യാത്രയയപ്പ് നൽകി.
.

---- facebook comment plugin here -----

Latest