Connect with us

prathivaram poem

വേനല്‍ത്തീയില്‍ പൂത്തത്

മാനവോത്സവത്തിന്റെ കാര്‍ഷിക വാസന്തത്തില്‍ ഗ്രാമ മാന്തളിരിങ്ങു കോകിലം പാടുമ്പോഴെന്‍ മാനസം വേനല്‍ത്തീയിലുരുക്കിച്ചൂടിച്ചതാണോര്‍മയെ പൂജിക്കുമീ ഋതു സംക്രമപ്പൂക്കള്‍!

Published

|

Last Updated

കണ്ണുകളെല്ലാം കണ്ട സൂര്യനൊന്നെങ്കില്‍
കാതുകളെല്ലാം കേട്ട നാദമൊന്നെങ്കില്‍
മണ്‍തരിയെല്ലാം ചൊന്ന കാര്യമൊന്നെങ്കില്‍
വെണ്‍നിലാവെല്ലാം മീട്ടും രാഗമൊന്നെങ്കില്‍
മാരിവില്ലെല്ലാം തീര്‍ക്കും ചിത്രമൊന്നെങ്കില്‍
ആകാശമെല്ലാം നീട്ടും കാണിക്കയൊന്നാണെങ്കില്‍
നീ വരൂ കണിക്കൊന്നപ്പൂവിന്റെ മഞ്ഞക്കാട്ടില്‍
ഈ വരും വര്‍ഷത്തിന്റെ ഐശ്വര്യക്കണി കാണാന്‍

അമ്മമാരെല്ലാം തന്ന കൈനീട്ടമൊന്നാണെങ്കില്‍
നന്മയിലെല്ലാം കത്തും ദീപങ്ങളൊന്നാണെങ്കില്‍
വെള്ളരിപ്പാടത്തിന്റെ സമ്മാനമൊന്നാണെങ്കില്‍
മുന്നിലെ കണ്ണാടി തന്‍ സന്ദേശമൊന്നാണെങ്കില്‍
വന്നു നില്‍ക്കുന്നൂ ഞാനും നീയുമീ മുത്തശ്ശന്റെ
മുന്നിലെ മഹത്തായ കാവ്യപുസ്തകം വാങ്ങാന്‍

മാനവോത്സവത്തിന്റെ കാര്‍ഷിക വാസന്തത്തില്‍
ഗ്രാമ മാന്തളിരിങ്ങു കോകിലം പാടുമ്പോഴെന്‍
മാനസം വേനല്‍ത്തീയിലുരുക്കിച്ചൂടിച്ചതാ-
ണോര്‍മയെ പൂജിക്കുമീ ഋതു സംക്രമപ്പൂക്കള്‍!

 

peekegopi@gmail.com

Latest