First Gear
എക്‌സ്3 ഫെയ്സ് ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ബിഎംഡബ്ല്യു
59.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
ന്യൂഡല്‍ഹി| പുതിയ എക്‌സ്3 ഫെയ്സ് ലിഫ്റ്റ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ജര്‍മന്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. 59.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഫെയ്‌സ് ലിഫ്റ്റ് മോഡല്‍ 30ഐ സ്‌പോര്‍ട് എക്‌സ് പ്ലസ്, 30ഐ എം സ്‌പോര്‍ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. എസ് യുവിയുടെ പ്രീ-ബുക്കിംഗ് കഴിഞ്ഞ ആഴ്ച രാജ്യത്ത് ആരംഭിച്ചിരുന്നു. രണ്ട് വേരിയന്റുകളില്‍ എത്തുന്ന മോഡലിന്റെ പ്രാരംഭ പതിപ്പിന് 59.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുമ്പോള്‍ ഉയര്‍ന്ന പതിപ്പിന് 65.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടത്.
രണ്ട് പെട്രോള്‍ വേരിയന്റുകളിലായി ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന കാര്‍ എല്ലാ അംഗീകൃത ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളിലും ലഭ്യമാകും. പുതിയ എക്‌സ്3യുടെ ഡീസല്‍ വേരിയന്റ് പിന്നീടുള്ള ഘട്ടത്തില്‍ അവതരിപ്പിക്കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. പ്രീമിയം മിഡ്-സൈസ് എസ് യുവി സെഗ്മെന്റില്‍ മോഡലിന്റെ ട്രെയില്‍ബ്ലേസിംഗ് വിജയം തുടരുന്നതിനാണ് പുതിയതായി വികസിപ്പിച്ച മൂന്നാം തലമുറ ബിഎംഡബ്ല്യു എക്‌സ്3 എത്തിയിരിക്കുന്നത്.
8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 252 ബിഎച്ച്പി കരുത്തും 350 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു എക്‌സ്3 ഫെയ്സ് ലിഫ്റ്റിന് കരുത്ത് പകരുന്നത്. ഒരു ഡീസല്‍ വേരിയന്റ് പിന്നീട് നിരയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി, ഓഡി ക്യു5, വോള്‍വോ എക്‌സ് സി60, ലെക്സസ് എന്‍എക്‌സ്, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട് എന്നിവയാണ് പുതിയ എക്‌സ്3യുടെ എതിരാളികള്‍.