Kerala
ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വം; ധാര്‍മികതയുടെ പേരില്‍ തന്നെ ഒഴിവാക്കണമെന്ന് ഇന്ദ്രന്‍സ്
സിനിമകളുമായി ബന്ധപ്പെട്ട തിരക്കും അഭിനയിച്ച പല സിനിമകളും അവാര്‍ഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആവശ്യം.
തിരുവനന്തപുരം | സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി നടന്‍ ഇന്ദ്രന്‍സ്. സിനിമകളുമായി ബന്ധപ്പെട്ട തിരക്കും അഭിനയിച്ച പല സിനിമകളും അവാര്‍ഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആവശ്യം. അക്കാദമി ചെയര്‍മാനായ രഞ്ജിത്തിനും സെക്രട്ടറിക്കുമാണ് ആവശ്യമുന്നയിച്ചു കൊണ്ടുള്ള ഇ-മെയില്‍ സന്ദേശം ഇന്ദ്രന്‍സ് അയച്ചത്.
എളിയ ചലച്ചിത്ര പ്രവര്‍ത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതില്‍ നന്ദി അറിയിക്കുന്നുവെന്ന് മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സിനിമകളുടെ ഭാഗമായി താന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വിവിധ അവാര്‍ഡുകള്‍ക്കായി ചലച്ചിത്ര അക്കാദമിയിലേക്കുള്‍പ്പെടെ അവരവരുടെ ചലച്ചിത്രങ്ങള്‍ അയക്കുന്നുണ്ട്. അതിനാല്‍ താന്‍ കൂടി ഭാഗമായ അക്കാദമിയുടെ സമിതിയില്‍ ഇരുന്നുള്ള അവാര്‍ഡ് നിര്‍ണയരീതി ധാര്‍മികമായി ശരിയല്ലെന്നാണ് തന്റെ വിശ്വാസമെന്ന് ഇന്ദ്രന്‍സ് പറയുന്നു.